
ധാക്ക: ബംഗ്ലാദേശിൽ നിന്നുള്ള യുവ ക്രിക്കറ്റ് താരത്തിന്‍റെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റുകൾ വിവാദമായി. സ്ത്രീകളെ ജോലിക്കു വിടരുതെന്നും പെൺകുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിന് അയയ്ക്കരുതെന്നും മറ്റും ആഹ്വാനം ചെയ്യുന്ന തരത്തിലുള്ളതാണ് പോസ്റ്റുകൾ.
ഏഷ്യ കപ്പിൽ ഇന്ത്യക്കെതിരേ അരങ്ങേറ്റം കുറിച്ച പേസ് ബൗളർ തൻസിം ഹസനാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്. ഇപ്പോൾ ഇരുപത് വയസുള്ള തൻസിമിന്‍റെ 2014 മുതലുള്ള ചില ഫെയ്സ്ബുക്ക് പോസ്റ്റുകളാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ ഒരു പോസ്റ്റിൽ പറയുന്നത് ഇങ്ങനെ: ''ജോലിയുള്ള സ്ത്രീ ഭർത്താവിനെയോ കുട്ടികളെയോ കൂടെ കൂട്ടില്ല; അവൾക്ക് ആകർഷണീയതയും നഷ്ടപ്പെടുന്നു, അവൾ കുടുംബത്തെ നശിപ്പിക്കുന്നു, പർദ നശിപ്പിക്കുന്നു, സമൂഹത്തെ നശിപ്പിക്കുന്നു.''
ഈ വർഷം ഏപ്രിലിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് 1954ൽ നിന്നുള്ളതെന്നു കരുതപ്പെടുന്ന, ബുർഖ ധരിച്ച ഒരു സ്ത്രീ റിക്ഷയിൽ കുടുംബവുമായി പോകുന്ന ചിത്രമാണ്. ''സുവർണ ഭൂതകാലം'' എന്നാണ് ഇതിനു നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
''സർവകലാശാലയിൽ എല്ലാവരുമായി ഇടപഴകുന്ന പെൺകുട്ടിയെ വിവാഹം കഴിച്ചാൽ, നിങ്ങളുടെ കുട്ടിക്ക് നല്ലൊരു അമ്മയെ കിട്ടില്ല'' എന്നാണ് മറ്റൊരു പോസ്റ്റ്.
ഡിസംബർ 16ന് ബംഗ്ലാദേശ് വിജയദിവസം ആഘോഷിക്കാനില്ലെന്നു പ്രഖ്യാപിക്കുന്നതാണ് 2014ൽ, തൻസിമിനു 11 വയസുള്ളപ്പോഴത്തെ പോസ്റ്റ്.
വിവാദമായതോടെ പോസ്റ്റുകളെല്ലാം ഫെയ്സ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായി. തൻസിം ഇക്കാര്യത്തിൽ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും, ഇനി ഇത്തരം കാര്യങ്ങൾ ആവർത്തിക്കുന്നുണ്ടോ എന്ന് സസൂക്ഷ്മം നിരീക്ഷിക്കുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ഈ പോസ്റ്റുകൾ ആരെയും വേദനിപ്പിക്കാൻ എഴുതിയതല്ലെന്നും, ആർക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു എന്നും തൻസിം പറഞ്ഞതായി ബിസിബി അറിയിച്ചു.