ബൗളർമാർ തുണച്ചു; ബംഗ്ലാദേശ് സൂപ്പർ എയ്റ്റിൽ

ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച ശേഷം ഒരു റൺ പരാജയം ഏറ്റുവാങ്ങിയ നേപ്പാളിനു മുന്നിൽ ബംഗ്ലാദേശും പതറി
ബൗളർമാർ തുണച്ചു; ബംഗ്ലാദേശ് സൂപ്പർ എയ്റ്റിൽ
തൻസിം ഹസൻ സക്കീബും ഷക്കീബ് അൽ ഹസനും വിക്കറ്റ് ആഘോഷത്തിൽ.
Updated on

കിങ്സ്‌ടൗൺ: ബാറ്റർമാർ ഒരിക്കൽക്കൂടി നിരാശപ്പെടുത്തിയെങ്കിലും, ബൗളർമാരുടെ അസാമാന്യ മികവ് ബംഗ്ലാദേശിനെ ട്വന്‍റി20 ലോകകപ്പിന്‍റെ സൂപ്പർ 8 റൗണ്ടിലെത്തിച്ചു. ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച ശേഷം ഒരു റൺ പരാജയം ഏറ്റുവാങ്ങിയ നേപ്പാളിനു മുന്നിൽ ബംഗ്ലാദേശും പതറുന്ന കാഴ്ചയായിരുന്നു. എന്നാൽ, ആദ്യം ബാറ്റ് ചെയ്ത് 106 റൺസ് മാത്രം നേടിയിട്ടും 21 റൺസിന്‍റെ ജയം കുറിക്കാൻ ബംഗ്ലാദേശിനു സാധിച്ചു.

ഏഴു റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ പേസ് ബൗളർ തൻസിം ഹസൻ സക്കീബിന്‍റെ കരിയർ ബെസ്റ്റ് പ്രകടനമായിരുന്നു ബംഗ്ലാദേശ് നിരയിലെ ഹൈലൈറ്റ്. തൻസിബ് എറിഞ്ഞ 24 പന്തിൽ 21 എണ്ണവും ഡോട്ട് ബോളുകളായിരുന്നു. ഏഴ് റൺസിന് മൂന്നു വിക്കറ്റ് നേടിയ മുസ്താഫിസുർ റഹ്മാനും ഒമ്പത് റൺസിന് രണ്ടു വിക്കറ്റ് നേടിയ ഷക്കീബ് അൽ ഹസനും ബംഗ്ലാ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. 19.2 ഓവറിൽ 85 റൺസിന് ഓൾഔട്ടാകുകയായിരുന്നു നേപ്പാൾ.

ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 78 റൺസ് എന്ന നിലയിൽ വിജയത്തിലേക്കു മുന്നേറുകയായിരുന്ന നേപ്പാളിനെ ശേഷിച്ച അഞ്ച് വിക്കറ്റും വെറും ഏഴ് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ നഷ്ടമാകുകയായിരുന്നു.

26 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ നേപ്പാളിന് കുശാൽ മല്ലയും (27) ദീപേന്ദ്ര സിങ് ഐരിയും (25) ചേർന്നാണ് വീണ്ടും വിജയപ്രതീക്ഷ നൽകിയത്. എന്നാൽ, ഇവരുടെ 52 റൺസ് കൂട്ടുകെട്ട് തകർന്ന ശേഷം ആർക്കും ക്രീസിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല.

ഒമ്പത് പന്തിൽ ടി20 അർധ സെഞ്ചുറി നേടിയിട്ടുള്ള ദീപേന്ദ്ര സിങ് ഐരി, യുവരാജ് സിങ്ങിനും കരൺ പൊള്ളാർഡിനും ശേഷം ഒരോവറിൽ ആറു സിക്സർ നേടിയ ഒരേയൊരു താരമാണ്. എന്നാൽ, നേപ്പാളിനു ജയിക്കാൻ 12 പന്തിൽ 22 റൺസ് വേണമെന്ന ഘട്ടത്തിൽ പന്തെറിയാനെത്തിയ മുസ്താഫിസുറിന്‍റെ ആദ്യ അഞ്ച് പന്തിലും ബാറ്റ് കൊള്ളിക്കാൻ പോലും ഐരിക്കു സാധിച്ചില്ല. അവസാന പന്തിൽ പുറത്താകുകയും ചെയ്തു. നേപ്പാളിന്‍റെ അവസാന അഞ്ച് ബാറ്റർമാരും റണ്ണൊന്നും നേടിയില്ല, ഇവരിലൊരാൾ പുറത്താകാതെ നിന്നു എന്നു മാത്രം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com