

ട്വന്‍റി-20 ലോകകപ്പ് ഇന്ത്യയിൽ കളിക്കാനില്ലെന്ന് ബംഗ്ലാദേശ്
ധാക്ക: അടുത്തമാസം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ട്വന്‍റി-20 ലോകകപ്പിൽ നിലപാട് കടുപ്പിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. മത്സരിക്കാൻ ഇന്ത്യയിലേക്ക് വരില്ലെന്ന് ബിസിബി വ്യക്തമാക്കി. ട്വന്‍റി-20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്‍റെ അഭ്യർഥന ക്രിക്കറ്റ് കൗൺസിൽ കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടുമായി ബംഗ്ലാദേശ് മുന്നോട്ട് വന്നിരിക്കുന്നത്. ഫെബ്രുവരി 7ന് ആരംഭിക്കുന്ന ട്വന്‍റി-20 ലോകകപ്പിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് പോകില്ലെന്ന് ബംഗ്ലാദേശ് വ്യാഴാഴ്ച അറിയിച്ചിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾക്കിടെയാണ് ഇന്ത്യയിൽ നിന്ന് ട്വന്‍റി-20 മത്സരങ്ങൾ മാറ്റണമെന്ന് ബിസിബി ഐസിസിയോട് അഭ്യർഥിച്ചത്.
ദേശീയ ടീം കളിക്കാരും, യുവ കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യത്തിൽ ബിസിബി തീരുമാനമെടുത്തത്. ലോകകപ്പിൽ കളിക്കാൻ ഇന്ത്യയിലേക്ക് വരാൻ കഴിയില്ലെന്ന നിലപാട് തുടർന്നാൽ, ബംഗ്ലാദേശ് ടീമിനെ ടൂർണമെന്‍റിൽ നിന്നുതന്നെ ഒഴിവാക്കി പകരം മറ്റൊരു ടീമിനെ ഉൾപ്പെടുത്തുമെന്ന് കഴിഞ്ഞദിവസം ഐസിസി ബിസിബിയെ അറിയിച്ചു.
അന്തിമതീരുമാനം ഐസിസിയെ അറിയിക്കാൻ 24 മണിക്കൂർ സമയമാണ് ബംഗ്ലാദേശിന് അനുവദിച്ചിരുന്നത്. ബംഗ്ലാദേശ് പിന്മാറിയാൽ പകരം സ്കോട്ട്ലൻഡ് ട്വന്‍റി-20 ലോകകപ്പ് കളിക്കുമെന്നും റിപ്പോർട്ടുണ്ട്. ഐപിഎൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്മാനെ വിട്ടയച്ചതിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ഐപിഎൽ സംപ്രേഷണം രാജ്യത്ത് നിരോധിക്കുകയും ബംഗ്ലാദേശിന്‍റെ ട്വന്‍റി-20 മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റി ശ്രീലങ്കയിലേക്ക് ആക്കാൻ ഐസിസിയോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു.