

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം
ധാക്ക: 2026ലെ ടി20 ലോകകപ്പ് കളിക്കാൻ ഇന്ത‍്യയിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി). ടൂർണമെന്‍റിൽ തങ്ങളുടെ വേദി മാറ്റണമെന്നാവശ‍്യപ്പെട്ട് ബിസിബി വീണ്ടും ഐസിസിയെ സമീപിച്ചു. നേരത്തെ സമാന ആവശ‍്യം ബിസിബി ഉയർത്തിയിരുന്നുവെങ്കിലും ഐസിസി തള്ളിയിരുന്നു.
ഇതിനു പിന്നാലെയാണ് വീണ്ടും ബിസിബി ഐസിസിക്ക് കത്ത് നൽകിയിരിക്കുന്നത്. ലോകകപ്പ് കളിക്കാൻ താത്പര‍്യമുണ്ടെങ്കിലും രാജ‍്യത്തിന്‍റെ അന്തസ് കളഞ്ഞ് കളിക്കാൻ സാധിക്കില്ലെന്നായിരുന്നു ബംഗ്ലാദേശ് സർക്കാരിലെ സ്പോർട്സ് അഡ്വൈസറായ ആസിഫ് നസ്രുൾ വ‍്യക്തമാക്കിയിരുന്നത്.
താരങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് ബിസിബി പ്രസിഡന്‍റ് അമിനുൾ ഇസ്ലാമും പ്രസ്താവന ഇറക്കിയിരുന്നു. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ലോകകപ്പിന് ഇന്ത‍്യയും ശ്രീലങ്കയുമാണ് ഇത്തവണ വേദിയാവുന്നത്. ഇറ്റലി, ഇംഗ്ലണ്ട്, നേപ്പാൾ, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകളുമായി ഗ്രൂപ്പ് മത്സരത്തിൽ ബംഗ്ലാദേശ് ഏറ്റുമുട്ടും.
ബംഗ്ലാദേശിൽ ഹിന്ദു യുവാക്കൾ ആക്രമിക്കപ്പെടുന്ന സാഹചര‍്യത്തെത്തുടർന്ന് ഇന്ത‍്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു. ഇതേത്തുടർന്ന് മുസ്താഫിസുറിനെ ഐപിഎല്ലിൽ നിന്നും ഒഴിവാക്കിയതിന് പ്രതികാര നടപടി എന്ന നിലയ്ക്കാണ് ബിസിബി നേരത്തെ ഐസിസിയെ സമീപിച്ചിരുന്നത്.