
കൊല്‍ക്കത്ത: ലോകകപ്പിലെ പ്രാഥമിക റൗണ്ട് പൂര്‍ത്തിയാകാന്‍ ഇനി മൂന്നു മത്സരങ്ങള്‍ കൂടി. അതില്‍ രണ്ടു മത്സരങ്ങളും ഇന്നു നടക്കും. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ ബംഗ്ലാദേേശിനെയും രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാന്, ഇംഗ്ലണ്ടിനെയും നേരിടും.
ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഗ്ലെൻ മാക്സ്വെൽ, മുൻ നിര പേസ് ബൗളർ മിച്ചൽ സ്റ്റാർക്ക് എന്നിവർക്ക് വിശ്രമം നൽകി. പകരം സ്റ്റീവ് സ്മിത്, സേൻ അബോട്ട് എന്നിവർ ടീമിലിടം നേടി.
ബംഗ്ലാദേശിലാവട്ടെ തൻസി ഹസൻ സക്കിബ്, ഷോറിഫുൾ ഇസ്ലാം, ഷക്കിബ് അൽ ഹസൻ എന്നിവർ പുറത്തിരിക്കും പകരം മുസ്തഫിസുർ റഹ്മാൻ, മെഹിദി ഹസൻ, നാസും അഹമ്മ്ദ് എന്നിവർ ടീമിൽ ഇടം നേടി. നജ്മുൽ ഹൊസൈൻ ഷാന്റോ ബംഗ്ലാദേശിനെ നയിക്കും,
എട്ട് കളികളില്‍നിന്ന് നാല് പോയിന്റ് മാത്രമുള്ള ബംഗ്ലാദേശ് ഇതിനോടകം ലോകകപ്പില്‍ നിന്നു പുറത്താവുകയും 12 പോയിന്റുള്ള ഓസീസ് ഇതിനോടകം സെമിയിലെത്തുകയും ചെയ്തതോടെ ഈ മത്സരത്തിനു പ്രാധാന്യമില്ലാതായിരിക്കുകയാണ്. എന്നിരുന്നാലും സെമിയില്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്നതിനായി തയാറെടുക്കുന്ന ഓസീസിന് വിജയം ആത്മവിശ്വാസമേറും. ആദ്യ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട ശേഷം ഓസ്ട്രേലിയ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. തുടര്‍ച്ചയായ ആറ് മത്സരങ്ങളില്‍ വിജയിച്ച് അവര്‍ സെമി ഉറപ്പിച്ചു. കഴിഞ്ഞ മത്സരത്തില്‍ പരാജയത്തിന്റെ വക്കില്‍നിന്ന് ഒറ്റയാള്‍ പ്രകടനത്തിലൂടെ ഗ്ലെന്‍ മാക്സ് വെല്‍ ഓസീസിനെ വിജയത്തിലെത്തിച്ചിരുന്നു.
മത്സരത്തില്‍ പിന്തുടഞരമ്പുകള്ക്ക് പരുക്കേറ്റ് വേദനകൊണ്ട് പുളഞ്ഞാണ് മാക്സ് വെല്‍ കളിച്ചത്. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സാണ് അഫ്ഗാനെതിരേ മാക്സ് വെല്‍ പുറത്തെടുത്തത്. 91 റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഓസീസിനെ അവിശ്വസനീയ ഇന്നിങ്സിലൂടെ മാക്സി കരകയറ്റുകയായിരുന്നു. സെമി ഫൈനലിനു മുമ്പ് ഒരു ഫൈന്‍ ട്യൂണ്‍ ആണ് ഓസീസ് ഈ മത്സരത്തിലൂടെ ഉദ്ദേശിക്കുന്നത്.
മറുവശത്ത് ബംഗ്ലാദേശിന്റെ കാര്യം വളരെ ദയനീയമാണ്. പുറത്തായി എന്നതിലുപരി ടൈംഡ് ഔട്ട് വിവാദത്തിലൂടെ മുഖം നഷ്ടപ്പെട്ട ടീമായി ബംഗ്ലാദേശ് മാറി. മാത്രവുമല്ല, ടൈംഡ് ഔട്ട് വിളിച്ച ബംഗ്ലാദേശ് നായകന് ഷാക്കിബ് അല്‍ ഹസന് പരുക്കിനെത്തുടര്‍ന്ന് നാട്ടിലേക്കു മടങ്ങി. 2019 ലോകകപ്പിനു ശേഷം ബംഗ്ലാദേശിനെതിരേ ഓസീസ് കളിച്ചിട്ടില്ല. 20 ഏകദിനവങ്ങളില് ഇരുടീമും ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഒന്നില്‍ മാത്രമാണ് ബംഗ്ലാദേശ് ജയിച്ചത്. 19ഉം ഓസീസ് ജയിച്ചു.