
പൂനെ: ലോകകപ്പിലെ സെമി ഫൈനൽ സാധ്യതകൾ സംബന്ധിച്ച് അപ്രധാനമായ മത്സരത്തിൽ ബംഗ്ലാദേശിനെ ഓസ്ട്രേലിയ എട്ട് വിക്കറ്റിനു കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത് 30 ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുത്തു. ഓസ്ട്രേലിയ 44.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം നേടുകയായിരുന്നു.
ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. നാലാം നമ്പറിലേക്ക് പ്രൊമോഷൻ കിട്ടിയ തൗഹീദ് ഹൃദോയ് (79 പന്തിൽ 74) മാത്രമാണ് ബംഗ്ലാദേശിനു വേണ്ടി അർധ സെഞ്ചുറി നേടിയത്. എന്നാൽ, ആദ്യത്തെ ഏഴ് ബാറ്റർമാരും 20 റൺസിനു മുകളിൽ സ്കോർ ചെയ്തു.
ഓസ്ട്രേലിയക്കു വേണ്ടി ഷോൺ ആബട്ടും ആഡം സാംപയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയക്ക് ട്രാവിസ് ഹെഡ്ഡിനെ (10) തുടക്കത്തിലേ നഷ്ടമായി. എന്നാൽ, ഡേവിഡ് വാർനറും (53) മിച്ചൽ മാർഷും (132 പന്തിൽ പുറത്താകാതെ 177) ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 120 റൺസ് പിറന്നു. വാർനർ പുറത്തായ ശേഷം വന്ന സ്റ്റീവ് സ്മിത്ത് (63 നോട്ടൗട്ട്) കൂടി നിലയുറപ്പിച്ചപ്പോൾ 175 റൺസിന്‍റെ അപരാജിത കൂട്ടുകെട്ട്.
ഈ പരാജയത്തോടെ, ലോകകപ്പിലെ ആദ്യ ഏഴു ടീമുകളിലൊന്നായി ചാംപ്യൻസ് ട്രോഫിക്ക് യോഗ്യത നേടാമെന്ന ബംഗ്ലാദേശിന്‍റെ പ്രതീക്ഷയും അവസാനിച്ചു.