
ഹോങ്കോങ്ങിനെതിരേ ബാറ്റ് ചെയ്യുന്ന ലിറ്റൺ ദാസ്.
അബുദാബി: ഏഷ്യ കപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശ് ജയത്തോടെ തുടങ്ങി. വ്യാഴാഴ്ച രാത്രി നടന്ന മത്സരത്തിൽ ഹോങ്കോങ്ങിനെതിരേ ഏഴു വിക്കറ്റിന്‍റെ ആധികാരിക ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. സ്കോർ: ഹോങ്കോങ്-143/7 (20 ഓവർ). ബംഗ്ലാദേശ്-144/3 (17.4).
ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനോടു പാടേ നിരാശപ്പെടുത്തിയ ഹോങ്കോങ് നിലവാരം മെച്ചപ്പെടുത്തിയെന്നതാണ് ബംഗ്ലാദേശിനെതിരായ മത്സരത്തിലെ സവിശേഷത. ആദ്യം ബാറ്റ് ചെയ്ത അവർക്ക് ഭേദപ്പെട്ടൊരു സ്കോർ ഉയർത്താൻ സാധിച്ചു. വിക്കറ്റുകൾ നിലംപൊത്തുമ്പോഴും റൺസ് കണ്ടെത്തി. മധ്യനിരയിൽ നിസകാത് ഖാൻ (42, രണ്ട് ഫോർ, ഒരു സിക്സ്), ഓപ്പണർ സീഷൻ അലി (30), ക്യാപ്റ്റൻ യാസിം മുർത്താസ (28) എന്നിവരാണ് ഹോങ്കോങ്ങിന്‍റെ പ്രധാന സ്കോറർമാർ.
ബംഗ്ലാദേശ് ബൗളർമാരിൽ തസ്കിൻ അഹമ്മദും തൻസിം ഹസൻ സാക്കിബും റിഷാദ് ഹുസൈനും രണ്ടു പേരെ വീതം പുറത്താക്കി. ചേസിങ് ആരംഭിച്ച ബംഗ്ലാദേശിന് ഓപ്പണർമാരായ പർവേസ് ഹുസൈൻ ഇമോണിന്‍റെയും (19) തൻസീദ് ഹസന്‍റെയും (14) സേവനം ദീർഘ നേരം ലഭിച്ചില്ല. ഇമോണിനെ ആയുഷ് ശുക്ലയും തൻസിദിനെ അതീഖ് ഇക്ബാലും ഡഗ് ഔട്ടിലേക്ക് തിരിച്ചയച്ചു.
കഴിഞ്ഞ മത്സരത്തിൽ നാലു ക്യാച്ചുകൾ കൈവിട്ട ഹോങ്കോങ് ഫീൽഡിങ് മെച്ചപ്പെടുത്തിയതും കാണാനായി. എന്നാൽ, പരിചയസമ്പന്നരായ ക്യാപ്റ്റൻ ലിറ്റൺ ദാസ് (59), തൗഹിദ് ഹൃദോയ് (35 നോട്ടൗട്ട്) എന്നിവർ ഒത്തുചേർന്നതോടെ കളി പൂർണമായും ബംഗ്ലാദേശിന്‍റെ നിയന്ത്രണത്തിലായി.
പിഴവറ്റ ഷോട്ടുകളിലൂടെ ലിറ്റൺ ദാസാണ് ബംഗ്ലാദേശ് സ്കോർ ചലിപ്പിച്ചത്. ആറു ഫോറും ഒരു സിക്സും സഹിതം അർധശതകം പൂർത്തിയാക്കിയ ലിറ്റൺ ദാസിനെ അതീഖ് ബൗൾഡാക്കിയെങ്കിലും അപ്പോഴേക്കും ബംഗ്ലാ കടുവകൾ ജയം ഉറപ്പിച്ചിരുന്നു.