
ബാഴ്സലോണ: സ്പാനിഷ് ഫുട്ബോളിൽ ലീഗിൽ പതിനാറുകാരൻ ഫോർവേഡ് ലാമൈൻ യാമലിന്‍റെ മികവ് ബാഴ്സലോണയെ കാത്തു. ഗാവി പേസിന്‍റെയും റോബർട്ട് ലെവൻഡോവ്സ്കിയുടെയും ഗോളുകളിലേക്കു നയിച്ച പാസ് യാമലിന്‍റെ വകയായിരുന്നു. സ്വന്തമായി നടത്തിയ രണ്ടു ഗോൾ ശ്രമങ്ങൾ ക്രോസ് ബാറിൽ പതിക്കുകയും ചെയ്തു.
ബാഴ്സലോണ ട്രെയ്നിങ് അക്കാഡമിയായ ലാ മാസിയയുടെ സൃഷ്ടിയാണ് ഈ സ്പാനിഷ് ടീനേജർ. 15 വയസും 9 മാസവും പ്രായമുള്ളപ്പോഴാണ് കോച്ച് സാവി അവനെ സീനിയർ ടീമിലേക്ക് പ്രൊമോട്ട് ചെയ്യുന്നത്. ബാഴ്സലോണയുടെ സ്റ്റാർട്ടിങ് ഇലവനിൽ ഇടം പിടിക്കുന്ന പ്രായം കുറഞ്ഞ താരവും യാമൽ തന്നെ.
മത്സരത്തിന്‍റെ 12ാം മിനിറ്റിൽ തന്നെ ഗാവിയിലൂടെ ബാഴ്സ മുന്നിലെത്തി. മൂന്നു മിനിറ്റിനുള്ളിൽ ഫ്രെങ്കി ഡി യോങ്ങിലൂടെ ലീഡ് ഇരട്ടിക്കുകയും ചെയ്തു. എന്നാൽ, 26ാം മിനിറ്റിൽ യുവാൻ ഫോയ്ത്തിന്‍റെ ഹെഡ്ഡറിലൂടെ വിയ്യാറയൽ ആദ്യ ഗോൾ നേടി. 40ാം മിനിറ്റിൽ അലക്സാണ്ടർ സോർലോത്തും 50ാം മിനിറ്റിൽ ബേനയും ഗോളടിച്ചതോടെ ലീഡും നേടി.
സബ്സ്റ്റിറ്റ്യൂട്ടായിറങ്ങിയ ഫെറാൻ ടോറസിലൂടെ ബാഴ്സ ഒപ്പം പിടിച്ചപ്പോൾ, യാമലിന്‍റെ അസിസ്റ്റിൽ നിന്ന് ലെവൻഡോവ്സ്കി സീസണിലെ തന്‍റെ ആദ്യ ഗോളും ടീമിന്‍റെ വിജയ ഗോളും നേടി.