ലോകകപ്പ് ജേതാക്കൾക്കുള്ള ആദരവ് ബാഴ്സലോണ റദ്ദാക്കി

ബാഴ്സലോണ ആരാധകർക്ക് നേരെ പൊലീസ് അതിക്രമം ഉണ്ടാവുകയും കറ്റാലൻ സ്വാതന്ത്ര്യത്തിന്‍റെ പ്രതീകമായ 'എസ്തെലാഡ' പതാകകൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു
Barcelona cancels tribute for world cup winners

ലോകകപ്പ് നേടിയ സ്പെയിൻ ദേശീയ ടീമിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ ഉണ്ടായിരുന്നത് ബാഴ്സലോണയിൽനിന്ന്.

Updated on

ബാഴ്സലോണ: സ്പെയിന് ഫുട്ബോൾ ലോകകപ്പ് നേടിക്കൊടുത്ത തങ്ങളുടെ എട്ട് താരങ്ങൾക്കായി സംഘടിപ്പിക്കാനിരുന്ന ആദരവ് ബാഴ്സലോണ ക്ലബ് റദ്ദാക്കി. ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിൽ ലാ ലിഗ മത്സരത്തിന് തൊട്ടുമുൻപ് നടത്താനിരുന്ന ചടങ്ങാണ് ക്ലബ് ഭരണകൂടം ഉപേക്ഷിച്ചത്. കഴിഞ്ഞ മാസം ന്യൂജേഴ്‌സിയിൽ നടന്ന ലോകകപ്പ് ഫൈനലിൽ വിജയികളായ 'ലാ റോജ' ടീമിലെ അംഗങ്ങളുള്ള മിക്ക സ്പാനിഷ് ക്ലബ്ബുകളും തങ്ങളുടെ ഹോം മത്സരങ്ങൾക്ക് മുന്നോടിയായി കളിക്കാരെ ആദരിച്ചിരുന്നു.

എന്നാൽ, കഴിഞ്ഞ ഞായറാഴ്ച എൽച്ചെയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി ബാഴ്സലോണ ആരാധകർക്ക് നേരെ പൊലീസ് അതിക്രമം ഉണ്ടാവുകയും കറ്റാലൻ സ്വാതന്ത്ര്യത്തിന്‍റെ പ്രതീകമായ 'എസ്തെലാഡ' (Estelada) പതാകകൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് സാഹചര്യം മാറിയത്. ആരാധകർക്ക് നേരെയുണ്ടായ ഈ മോശം അനുഭവത്തെ തുടർന്നാണ് ആദരവ് ചടങ്ങ് ഉപേക്ഷിക്കാൻ ബാഴ്സലോണ പ്രസിഡന്‍റ് ജൊവാൻ ലാപോർട്ട തീരുമാനിച്ചത്.

നിലവിലെ സാഹചര്യങ്ങൾ ചടങ്ങ് നടത്തുന്നതിന് അനുയോജ്യമല്ലെന്നും, ഈ തീരുമാനം സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനെ അറിയിച്ചിട്ടുണ്ടെന്നും ലാപോർട്ട വ്യക്തമാക്കി. ഫുട്ബോൾ ആളുകളെ ഒന്നിക്കാനാണ് ഉപയോഗിക്കേണ്ടതെന്നും അല്ലാതെ വിഭജിക്കാനല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. എസ്തെലാഡ പതാക ബാഴ്സലോണ ആരാധകരുടെയും കറ്റാലൻ ജനതയുടെയും ആശയപ്രകാശ സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും, സമാധാനപരമായി പതാകയേന്തിയ ആരാധകരെ ദേശീയ പോലീസ് സേന മർദ്ദിച്ചത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വിഷയത്തിൽ പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ ആനുപാതികമല്ലാത്ത നടപടിയെ ക്ലബ് ശക്തമായി അപലപിക്കുന്നുവെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അർഹമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുമെന്നും ലാപോർട്ട പറഞ്ഞു. കറ്റാലൻ ജനങ്ങൾക്കും ബാഴ്സലോണ ആരാധകർക്കും യാതൊരുവിധ ഭയവുമില്ലാതെ തങ്ങളുടെ പതാക ഉപയോഗിക്കാനുള്ള അന്തരീക്ഷം ഉറപ്പാക്കണമെന്നാണ് ക്ലബ്ബിന്‍റെ ആവശ്യമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com