ബാഴ്സയ്ക്ക് മിന്നും ജയം

അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് ലോണില്‍ എത്തിയ ജാവോ ഫെലിക്സാണ് ബാഴ്സയുടെ വിജയഗോള്‍ നേടിയത്
അത്‌‌ലറ്റികോ മാഡ്രിഡിനെതിരേ ഗോൾ നേടിയ ജാവോ ഫെലിക്സിന്‍റെ ആഹ്ലാദം.
അത്‌‌ലറ്റികോ മാഡ്രിഡിനെതിരേ ഗോൾ നേടിയ ജാവോ ഫെലിക്സിന്‍റെ ആഹ്ലാദം.
Updated on

ബാഴ്സലോണ: സ്പാനിഷ് ഫുട്ബോൾ ലീഗിലെ നിർണായക മത്സരത്തിൽ ബാഴ്സലോണയ്ക്ക് വിജയം. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സ തകർത്തു. അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് ലോണില്‍ എത്തിയ ജാവോ ഫെലിക്സാണ് ബാഴ്സയുടെ വിജയഗോള്‍ നേടിയത്. ജയത്തോടെ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ബാഴ്സ കയറി.

ബാഴ്സയുടെ നീക്കങ്ങളോടെയായിരുന്നു മത്സരം ആരംഭിച്ചത്. ആദ്യ മിനിറ്റില്‍ തന്നെ ഗോളടിക്കാന്‍ ബാഴ്സക്ക് മികച്ച അവസരം ലഭിച്ചെങ്കിലും റഫീഞ്ഞയുടെ ഷോട്ട് പോസ്റ്റിനോട് ചേര്‍ന്ന് പുറത്തുപോയി. പിന്നാലെ ജാവോ ഫെലിക്സ് നല്‍കിയ അവസരം ഗോളാക്കി മാറ്റുന്നതിൽ സൂപ്പര്‍ താരം ലെവന്‍ഡോവ്സ്കിയും പരാജയപ്പെട്ടു. എന്നാല്‍, 28ാം മിനിറ്റില്‍ മത്സരത്തിന്‍റെ വിധി നിർണയിച്ച ഗോളെത്തി. റഫീഞ്ഞ നല്‍കിയ പന്ത് ഡിഫന്‍ഡറെ വെട്ടിച്ച് ജാവോ ഫെലിക്സ് അത്‌ലറ്റികോ ഗോള്‍കീപ്പര്‍ ഓന്‍ ഒബ്ലകിന്‍റെ തലക്ക് മുകളിലൂടെ പോസ്റ്റിലേക്ക് കോരിയിടുകയായിരുന്നു.

ആദ്യപകുതിയുടെ അവസാന ഘട്ടത്തില്‍ ജാവോ ഫെലിക്സ് ബാഴ്സയുടെ ലീഡ് ഇരട്ടിപ്പിച്ചെന്ന് തോന്നിച്ചെങ്കിലും അത്‌ലറ്റികോ കീപ്പർ വില്ലനായി. 58ാം മിനിറ്റില്‍ റഫീഞ്ഞയുടെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തുപോയി. ഉടന്‍ അത്ലറ്റികോയുടെ മുന്നേറ്റം കണ്ടെങ്കിലും ഗ്രീസ്മാന്‍റെ ഷോട്ട് പതിച്ചത് സൈഡ് നെറ്റിലായിരുന്നു. 80ാം മിനിറ്റില്‍ അത്ലറ്റികോക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ബാഴ്സ ഗോള്‍കീപ്പറുടെ ദേഹത്തും ക്രോസ് ബാറിലും തട്ടിയാണ് വഴിമാറിയത്.

38 പോയന്‍റ് വീതമുള്ള റയല്‍ മാഡ്രിഡും ജിറോണയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. മൂന്നാം സ്ഥാനത്തുള്ള ബാഴ്സക്ക് 34 നാലാമതുള്ള അത്‌ലറ്റികോയ്ക്ക് 31 പോയിന്‍റാണുള്ളത്. ലാ ലിഗയില്‍ ഇന്നലെ നടന്ന മറ്റു മത്സരങ്ങളെല്ലാം സമനിലയില്‍ കലാശിക്കുകയായിരുന്നു. മല്ലോര്‍ക-അലാവെസ്, അല്‍മേരിയ-റയല്‍ ബെറ്റിസ് മത്സരങ്ങള്‍ ഗോള്‍രഹിത സമനിലയിലും സെവിയ്യ-വിയ്യറയല്‍ മത്സരം 1-1ലുമാണ് അവസാനിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com