ജര്‍മൻ ഫുട്ബോളിൽ പുതുയുഗം

ബുണ്ടസ് ലീഗയില്‍ ഒരു മത്സരം പോലും തോൽക്കാതെ കിരീടം ഉറപ്പിച്ച് ബയര്‍ ലെവര്‍കൂസന്‍, കിരീടനേട്ടം അഞ്ച് മത്സരങ്ങൾ ശേഷിക്കേ
Bayern Lev
Bayern Lev

മ്യൂണിക്ക്: ബോക്സിനു പുറത്തുനിന്നു സ്വീകരിച്ച പന്തുമായി ബോക്സിലേക്കു മുന്നേറുമ്പോള്‍ വിര്‍ട്സിനു മുന്നില്‍ ഒരു പ്രതിരോധഭടനും ഗോളിയും മാത്രം. ഇരുവരെയും വെട്ടിമാറി നിറയൊഴിച്ചത് വലയുടെ ഇടതുമൂലയില്‍. ബയര്‍ ലെവവര്‍കുസന്‍ ചരിത്രം സൃഷ്ടിച്ച മുഹൂര്‍ത്തമായിരുന്നു ഇത്. ലൈനില്‍ സുരക്ഷാവലയം തീര്‍ത്തിരുന്നവര്‍ വരെ ഒരു നിമിഷം ജോലി മറന്ന നിമിഷം. വിര്‍ട്ട്സിനെ അഭിനന്ദിക്കാന്‍ ഓടിയെത്തുന്ന കാഴ്ച അപൂര്‍വതയായി. ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയര്‍ ലെവര്‍കുസന്‍ രചിച്ച ചരിത്രം പിറന്നത് ഇങ്ങനെയായിരുന്നു.

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ കിരീടം ഉറപ്പിച്ച് ബയര്‍ ലെവര്‍കൂസന്‍. അപരാജിത മുന്നേറ്റം നടത്തിയാണ് ബയേണ്‍ മ്യൂണിക്കിന്‍റെ അപ്രമാദിത്വത്തിനു ഈ സീസണില്‍ ടീം വിരാമമിട്ടത്. കഴിഞ്ഞ ദിവസം വെര്‍ഡര്‍ ബ്രെമനെതിരായ പോരാട്ടത്തില്‍ 5-0ത്തിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാണ് ചരിത്രത്തിലാദ്യമായി അവര്‍ ബുണ്ടസ് ലീഗ കിരീടം ഉറപ്പിച്ചത്.

വെര്‍ഡര്‍ ബ്രെമനെതിരായ മത്സരത്തില്‍ ഫ്ലോറിയന്‍ വിര്‍ട്സിന്‍റെ ഹാട്രിക് ഗോളുകള്‍ ലെവര്‍ക്യൂസന്‍റെ വിജയത്തിന് ഇരട്ടി മധുരം പകര്‍ന്നു. വിക്ടര്‍ ബോണിഫേസും ഗ്രനിത് ഷാക്കയും ഓരോ ഗോള്‍ വീതംനേടി.

തുടര്‍ച്ചയായി 11 സീസണുകളില്‍ കിരീടം സ്വന്തമാക്കിയ ബയണ്‍ മ്യൂണിക്കിന്‍റെ കുതിപ്പിനാണ് ഇത്തവണ ലെവര്‍കൂസന്‍ അവസാനം കുറിച്ചത്. അഞ്ച് മത്സരങ്ങള്‍ ശേഷിക്കെയാണ് ടീം കിരീടം ഉറപ്പിച്ചത്. നിലവില്‍ 29 മത്സരങ്ങളില്‍നിന്ന് 25 ജയവും നാല് സമനിലയുമടക്കം ലെവര്‍കൂസന് 79 പോയിന്‍റുകള്‍. രണ്ടാമതുള്ള ബയേണിന് അത്രയും മത്സരങ്ങളില്‍നിന്ന് 63 പോയിന്‍റുകളാണുള്ളത്. ബയേണ്‍ മ്യൂണിക്കുമായി 16 പോയിന്‍റിന്‍റെ വ്യത്യാസത്തോടെയാണ് ലെവര്‍കൂസന്‍റെ നേട്ടം. ഇനിയുള്ള മത്സരങ്ങളെല്ലാം ബയേണ്‍ ജയിക്കുകയും ലെവര്‍കുസന്‍ പരാജയപ്പെടുകയും ചെയ്താലും ബാവേറിയന്‍സിന് കിരീട സാധ്യതയില്ല.

1993നു ശേഷം ആദ്യത്തെ കിരീടം

ആദ്യ ബുണ്ടസ് ലീഗ കിരീടത്തിനൊപ്പം 1993നു ശേഷം ടീം നേടുന്ന ഒരു ട്രോഫി കൂടിയാണിത്. അന്ന് ലെവര്‍കുസന്‍ ജര്‍മന്‍ കപ്പ് നേടിയിരുന്നു. ഈ സീസണില്‍ അവര്‍ ജര്‍മന്‍ കപ്പിന്‍റെ ഫൈനലിലെത്തിയിട്ടുണ്ട്. അതുപോലെ യൂറോപ്പ ലീഗിന്‍റെ ക്വാര്‍ട്ടറില്‍ ആദ്യ പാദത്തില്‍ മികച്ച വിജയം നേടി നില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ ഈ സീസണില്‍ ഇനിയും കിരീടം നേടാനുള്ള സാധ്യത ടീമിനുണ്ട്.

ഒരു തോല്‍വി പോലുമില്ലാതെ മുമ്പ് ബയേണും ബുണ്ടസ് ലീഗയില്‍ കിരീടം നേടിയിട്ടുണ്ട്. 2014-15 സീസണില്‍ പെപ് ഗാര്‍ഡിയോള പരിശീലിപ്പിച്ച ടീം തുടര്‍ച്ചയായി 28 മത്സരങ്ങളില്‍ അപരാജിതരായിരുന്നു.

ബുണ്ടസ് ലീഗയടക്കം ഈ സീസണില്‍ ആകെ ടീം കളിച്ചത് 43 മത്സരങ്ങളാണ്. ഒരു മത്സരവും അവര്‍ ഇതുവരെ പരാജയപ്പെട്ടിട്ടില്ല. യൂറോപ്പിലെ പ്രധാന ലീഗുകള്‍ എടുത്താല്‍ ഈ സീസണില്‍ ഒരു മത്സരത്തിലും തോല്‍വി അറിയാത്ത ഏക ടീമും ലെവര്‍കൂസന്‍ തന്നെ. സാബി അലോണ്‍സോയാണ് അവരുടെ മുഖ്യ പരിശീലകന്‍. സാബിയുടെ തന്ത്രങ്ങള്‍ ഫലം ചെയ്തു എന്നു വേണം വിലയിരുത്താന്‍.

പരിശീലകനായെത്തി. പതിനെട്ട് മാസത്തിനിപ്പുറം ലെവര്‍കുസനെ ചരിത്രത്തിലെ ആദ്യ ലീഗ് ചാമ്പ്യന്‍മാരാക്കിയിരിക്കുകയാണ്സാബി അലോന്‍സോ. യൂറോപ്പ ലീഗിലും ജര്‍മ്മന്‍ കപ്പിലും ചാമ്പ്യന്‍മാരായി സീസണില്‍ ഹാട്രിക് കിരീടം നേടുകയാണ് ഇനി ലെവര്‍കൂസന്‍റെ ലക്ഷ്യം.

29 കളിയില്‍ 74 ഗോള്‍ നേടിയ ലെവര്‍ക്യൂസന്‍ 19ഗോള്‍ മാത്രമാണ് വഴങ്ങിയത്. ബുണ്ടസ് ലീഗയില്‍ മാത്രമല്ല, സീസണില്‍ആകെ കളിച്ച 43 മത്സരങ്ങളില്‍ ഒന്നില്‍പോലും തോല്‍ക്കാതെയാണ് ബയെര്‍ ലെവര്‍ക്യൂസന്‍റെ മുന്നേറ്റം. 2022 ഒക്ടബോറില്‍ സാബി അലോന്‍സോ പരിശീലകനായി ചുമതല ഏറ്റെടുക്കുമ്പോള്‍ ബയെര്‍ ലെവര്‍ക്യൂസന്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുകയായിരുന്നു.

ക്ലബിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ സവിശേഷമായ നിമിഷമാണ്. 120 വര്‍ഷത്തിനിടെ ആദ്യമായി ബുണ്ടസ്ലിഗ ജയിക്കുക എന്നത് വളരെ പ്രത്യേകതയുള്ള കാര്യമാണ്. കളിക്കാര്‍ ആവേശത്തിന്‍റെ കൊടുമുടിയാലാണ്. അവരാണിത് സാധ്യമാക്കിയത്. എല്ലാവരിലും ഞാന്‍ അഭിമാനിക്കുന്നു...
സാവി അലോന്‍സോ, ലെവര്‍കുസന്‍ പരിശീലകന്‍‌
  • ഈ സീസണില്‍ ബയറിനായി 29 കളികളില്‍നിന്ന് 17 ഗോളും 18 അസിസ്റ്റും നേടിയ 18കാരന്‍ ഫ്ളോറിയന്‍ വിര്‍ട്സ് വരും കാലത്തിലെ ഏറ്റവും വലിയ താരമാകുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.

  • യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് ലീഗുകള്‍ പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ തോല്‍ക്കാതെ മുന്നേറിയ ടീമെന്ന ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിന്‍റെ റെക്കോഡിനൊപ്പമെത്താന്‍ ബയര്‍ ലെവര്‍കുസനായി. 43 മത്സരങ്ങളിലാണ് ഇവര്‍ പരാജയപ്പെടാതെ മുന്നേറിയത്.

  • 29 മത്സരങ്ങള്‍ കളിച്ചു, 24ലും ജയിച്ചു, അഞ്ച് മത്സരങ്ങള്‍ സമനില, ഒന്നിലും തോറ്റില്ല, 74 ഗോളുകള്‍ സ്കോര്‍ ചെയ്തു. ആരെയും മോഹിപ്പിക്കുന്ന ഒരു കണക്കാണ് 29 മത്സരം പൂര്‍ത്തിയാക്കി കിരീടമുറപ്പിതക്കുമ്പോള്‍ ബയര്‍ ലെവര്‍കുസനു പറയാനുള്ളത്.

  • കരിയറില്‍ ആദ്യമായാണ് ജര്‍മന്‍ താരമായ വിര്‍ട്സ് ഹാട്രിക് നേടുന്നത്.

  • അടുത്ത സീസണിലെ ചാംപ്യന്‍സ് ലീഗിന് യോഗ്യത ഉറപ്പിക്കാനും ബയറിനായി. റയല്‍ മാഡ്രിഡ്, ഇന്‍റര്‍ മിലാന്‍, പിഎസ് വി എന്നീ ടീമുകളാണ് ഇതിനോടകം അടുത്ത സീസണിലെ ചാംപ്യന്‍സ് ലീഗ് യോഗ്യത നേടിയവര്‍.

  • 120 വര്‍ഷത്തിലെ ചരിത്രത്തിലാദ്യമായാണ് ലെവര്‍കുസന്‍ ബുണ്ടസ് ലിഗയില്‍ കിരീടം നേടുന്നത്.

  • 13 വ്യത്യസ്ത ടീമുകള്‍ ബുണ്ടസ് ലിഗയില്‍ കിരീടം നേടിയിട്ടുണ്ടെങ്കിലും ബയറിന് ഇതുവരെ കിരീടം ലഭിച്ചിട്ടില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com