ഇംഗ്ലണ്ടിന്‍റെ ബാസ്ബോൾ ഇന്ത്യയിൽ വിലപ്പോവില്ല: സിറാജ്

ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങ് ശൈലിക്ക് സിറാജിന്റെ മറുപടി
മുഹമ്മദ് സിറാജ്
മുഹമ്മദ് സിറാജ്File

ഹൈദരാബാദ്: ഇംഗ്ലണ്ടിന്‍റെ ബാസ്ബോൾ തന്ത്രം ഇന്ത്യൻ സാഹചര്യങ്ങളിൽ വിലപ്പോവില്ലെന്ന് പേസർ മുഹമ്മദ് സിറാജ്. സന്ദർശകർ അമിത ആക്രമണ ബാറ്റിങ്ങിനു ശ്രമിച്ചാൽ മത്സരം രണ്ടു ദിവസത്തിൽ അവസാനിക്കുമെന്നും ഇന്ത്യൻ പേസർ മുന്നറിയിപ്പു നൽകി.

കോച്ച് ബ്രണ്ടൻ മക്‌കല്ലത്തിനു കീഴിൽ ഇംഗ്ലണ്ട് പിന്തുടരുന്ന ആക്രമണ ബാറ്റിങ് സമീപനമാണു ബാസ്ബോൾ എന്നു വിശേഷിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിന് നിരവധി വിജയങ്ങൾ സമ്മാനിച്ചിരുന്നു ഈ ശൈലി. എന്നാൽ, പന്തിന് ടേണും ബൗൺസും ഒരുപോലെ നൽകുന്ന ഉപഭൂഖണ്ഡത്തിലെ പിച്ചുകളിൽ ഇതു തിരിച്ചടിയുണ്ടാക്കുമെന്നു സിറാജ് പറഞ്ഞു.

ബാസ്ബോൾ ഇവിടെ എളുപ്പമല്ല. അവരത് കളിച്ചാൽ നമുക്ക് എളുപ്പമാകും. മത്സരം രണ്ടു ദിവസത്തിൽ അവസാനിക്കും. ഇംഗ്ലണ്ടിന്‍റെ മുൻ സന്ദർശനത്തിൽ മത്സരങ്ങൾ വേഗത്തിൽ അവസാനിച്ചിരുന്നു. അന്നു ഞാൻ രണ്ടു മത്സരത്തിലാണു കളിച്ചത്. അതിലൊന്നിന്‍റെ ആദ്യ ഇന്നിങ്സിൽ അഞ്ച് ഓവർ മാത്രം ബോൾ ചെയ്തപ്പോൾ ജോ റൂട്ടിന്‍റെയും ജോണി ബെയർസ്റ്റോയുടെയും വിക്കറ്റ് ലഭിച്ചു. റൺസ് നിയന്ത്രിച്ചു സമ്മർദം ശക്തമാക്കാനാകും താൻ ശ്രമിക്കുകയെന്നും സിറാജ് പറഞ്ഞു.

ഇരുപത്തൊമ്പതുകാരൻ സിറാജ് മൂന്നു വർഷം മുൻപ് ഓസ്ട്രേലിയയിലാണ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയത്. 23 ടെസ്റ്റിൽ 68 വിക്കറ്റ് നേടിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com