
മുംബൈ: ചാംപ‍്യൻസ് ട്രോഫി ടൂർണമെന്‍റിന് ബുധനാഴ്ച തുടക്കമാകാനിരിക്കെ താരങ്ങൾക്ക് കുടുംബത്തെ ഒപ്പം കൂട്ടാനാവില്ലെന്ന നിബന്ധനയിൽ ഇളവ് അനുവദിച്ച് ബിസിസിഐ. താരങ്ങൾക്ക് ഏതെങ്കിലും ഒരു മത്സരം കാണാൻ കുടുംബത്തെ ഒപ്പം കൂട്ടാമെന്ന് ബിസിസിഐ വ‍്യക്തമാക്കി.
നേരത്തെ ടീമിലെ ഒരു സീനിയർ താരം ഭാര‍്യയെ ഒപ്പം കൊണ്ടുപോകുന്നതിനായി അനുമതി തേടിയിരുന്നു. എന്നാൽ, ബോർഡർ ഗവാസ്കർ ട്രോഫിക്കു ശേഷം അവതരിപ്പിച്ച പുതിയ ചട്ടം അനുസരിച്ച് ഇതിന് സാധിക്കില്ലെന്ന നിലപാടിലായിരുന്നു ബിസിസിഐ.
ആവശ‍്യം ഉന്നയിച്ച സീനിയർ താരം വിരാട് കോലിയാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെ മറ്റ് താരങ്ങളും സമാന ആവശ‍്യം ഉന്നയിച്ചതോടെയാണ് ബിസിസിഐ ഇളവ് അനുവദിച്ചത്.
ബോർഡർ ഗവാസ്കർ ട്രോഫിയിലെ തോൽവിക്ക് പിന്നാലെയാണ് താരങ്ങളുടെ മേൽ ബസിസിഐ നിയന്ത്രണം കടുപ്പിച്ചത്. ചാംപ‍്യൻസ് ട്രോഫി ഒരുമാസത്തിൽ കുറഞ്ഞ ടൂർണമെന്‍റായതിനാൽ കുടുംബത്തെ കൂടെ കൂട്ടാൻ അനുമതി നൽകണ്ടെന്നായിരുന്നു ബിസിസിഐയുടെ തീരുമാനം.
പരമ്പരകളിലും ടൂർണമെന്‍റുകളിലും പങ്കെടുക്കുമ്പോൾ ടീം ഹോട്ടലിൽ നിന്ന് ഗ്രൗണ്ടിലേക്കും പരിശീലന ഗ്രൗണ്ടിലേക്കും കളിക്കാർ ടീം ബസിൽ തന്നെ യാത്ര ചെയ്യണമെന്നും സ്വകാര‍്യ വാഹനങ്ങളിലോ കുടുംബത്തോടൊപ്പമോ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും പെരുമാറ്റ ചട്ടത്തിൽ ബിസിസിഐ വ‍്യക്തമാക്കിയിരുന്നു.