ബിസിസിഐക്ക് ചാകര

2023-24 സാമ്പത്തിക വർഷത്തിൽ 9,741.7 കോടി രൂപയാണ് ബിസിസിഐയുടെ വരുമാനം. അതിൽ 59 ശതമാനവും സംഭാവന ചെയ്തത് ഐപിഎല്ലും.
BCCI among richest sports bodies

ക്രിക്കറ്റ് ഭരണസമിതികളിൽ ഏറ്റവും സമ്പന്നർ ബിസിസിഐ

Updated on

ദുബായ്: ക്രിക്കറ്റ് ഭരണസമിതികളിൽ ഏറ്റവും സമ്പന്നർ ആരെന്നത് അടിവരയിട്ട് ബിസിസിഐയുടെ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്) വരുമാനക്കണക്ക് പുറത്ത്. 2023-24 സാമ്പത്തിക വർഷത്തിൽ 9,741.7 കോടി രൂപയാണ് ബിസിസിഐയുടെ വരുമാനം. അതിൽ 59 ശതമാനവും സംഭാവന ചെയ്തത് ഐപിഎല്ലും.

2008ൽ ഐപിഎല്ലിന്‍റെ കടന്നുവരവോടെ ബിസിസിഐയുടെ വരുമാനത്തിൽ വൻ കുതിപ്പാണുണ്ടായത്. 2023-24 ധനകാര്യ വർഷത്തിൽ ബിസിസിഐയ്ക്ക് ലഭിച്ച വരുമാനത്തിൽ 5,761 കോടിയും സംഭാവന ചെയ്തത് ഐപിഎല്ലാണ്. ഐപിഎൽ ഇതര മത്സരങ്ങളുടെ സംപ്രേക്ഷണാവകാശ കൈമാറ്റത്തിലൂടെ 361 കോടി രൂപയും ബിസിസിഐയുടെ അക്കൗണ്ടിൽ എത്തിയതായി മുംബൈ ആസ്ഥാനമായുള്ള ബ്രാൻഡ് സൊല്യൂഷൻസ് കമ്പനിയായ‌ റെഡിഫ്യൂഷന്‍റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. വനിതാ പ്രീമിയർ ലീഗും ആഗോള കരാറുകളും ബോർഡിന്‍റെ വരുമാന സ്രോതകളെ വൈവിധ്യവത്കരിച്ചെന്നും ആരാധകരെ ഉൾക്കൊള്ളിച്ചും തന്ത്രപരമായ കൂട്ടുകെട്ടുകളിലൂടെയും സാമ്പത്തിക അടിത്തറ വിപുലീകരിച്ചെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

ഐപിഎല്ലിന്‍റെ മീഡിയ റൈറ്റ്സ് തുക സ്ഥിരതയോടെ ഉയർച്ച കൈവരിക്കുന്നു. രഞ്ജി ട്രോഫി താരങ്ങളെ അടക്കം കളത്തിലെത്തിക്കുന്ന ഐപിഎൽ ബിസിസിഐയുടെ പ്രധാന വരുമാന മാർഗമായി തുടരുമെന്നും ബിസിനസ് സ്ട്രാറ്റജിസ്റ്റായ ലോയ്ഡ് മത്യാസ് പറഞ്ഞു.

ബിസിസിഐയുടെ പക്കൽ 30,000 കോടിയോളം കരുതൽ ധനമുണ്ടെന്ന് സാമ്പത്തിക വിദഗ്ധനായ സന്ദീപ് ഗോയൽ പറയുന്നു. പലിശയിനത്തിൽ മാത്രം ബിസിസിഐയ്ക്ക് പ്രതിവർഷം 1000 കോടി രൂപയോളം ലഭിക്കുന്നു. വാർഷിക വരുമാനത്തിൽ പ്രതിവർഷം 10 മുതൽ 12 ശതമാനം വരെ വളർച്ചയുണ്ട്. ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്‍റുകളായ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, സികെ നായിഡു ട്രോഫി തുടങ്ങിയവയിൽ നിന്ന് വരുമാനം വർധിപ്പിക്കാനുള്ള സാധ്യത ബിസിസിഐയ്ക്ക് മുന്നിലുണ്ടെന്നും ഗോയൽ ചൂണ്ടിക്കാട്ടി.

ക്രിക്കറ്റ‌ിന്‍റെ ആഗോള നിയന്ത്രണാധികാരികളായ ഐസിസി (ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ) പോലും ബിസിസിഐയിൽ നിന്ന് വൻതോതിൽ സാമ്പത്തിക സഹായം സ്വീകരിക്കുന്നതായി ബ്രാൻഡ് ഫിനാൻസ് ഇന്ത്യ എംഡി അജിമോൻ ഫ്രാൻസിസ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com