

ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന എന്നിവർ ലോകകപ്പ് വിജയത്തിനു ശേഷം.
ന്യൂഡൽഹി: വനിതാ ഏകദിന ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യൻ ടീമംഗങ്ങൾക്ക് ബിസിസിഐ 51 കോടി രൂപയുടെ സമ്മാനത്തുക പ്രഖ്യാപിച്ചു. ടീമംഗങ്ങൾക്കു മാത്രമല്ല, സപ്പോർട്ട് സ്റ്റാഫിനും ഈ ടീമിനെ തെരഞ്ഞെടുത്ത സെലക്ഷൻ കമ്മിറ്റിക്കും തുകയുടെ വിഹിതം ലഭിക്കും. ഐസിസി നൽകുന്ന ഔദ്യോഗിക സമ്മാനത്തുക 40 കോടിയോളം രൂപ മാത്രമാണ്. ഇതിനെക്കാൾ പത്ത് കോടി കൂടുതലാണ് ബിസിസിഐ നൽകുന്നത്.
അതേസമയം, ലോകകപ്പ് വിജയം ഒന്നിന്‍റെയും അവസാനമല്ല, തുടക്കം മാത്രമാണെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പ്രഖ്യാപിച്ചത്. വലിയൊരു കടമ്പ കടന്നു. വിജയം ഇനിയൊരു ശീലമാകണമെന്നും ഹർമൻപ്രീത്.
ഇന്ത്യയുടെ ജയമുറപ്പിച്ച അവസാനത്തെ ക്യാച്ച് എടുത്ത ഹർമൻപ്രീത് ഭ്രാന്തമായ ആവേശത്തോടെ സഹതാരങ്ങളുടെ അടുത്തേക്ക് ഓടിയടുത്തത് ഈ ലോകകപ്പിന്‍റെ മായാമുദ്രയായി. പിന്നീട് 'ഗുരുജി' ചീഫ് കോച്ച് അമോൽ മജുംദാറുടെ കാൽ തൊട്ട് വന്ദിച്ചു.
ട്രോഫി ഏറ്റുവാങ്ങിയപ്പോൾ ഐസിസി മേധാവി ജയ് ഷായുടെ കാൽ തൊട്ടു വന്ദിക്കാനും ഹർമൻപ്രീത് ശ്രമിച്ചെങ്കിലും അദ്ദേഹം തടഞ്ഞു.
ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഒറിജിനൽ ഗ്യാങ്സ്റ്റേഴ്സ് എന്നു വിശേഷിപ്പിക്കപ്പെടുന്ന മിഥാലി രാജിനും ഝുലൻ ഗോസ്വാമിക്കും ഹർമൻപ്രീത് കൗർ ലോകകപ്പ് ട്രോഫി സമ്മാനിക്കുകയും ചെയ്തു.