
അച്ചടക്കലംഘനത്തിന്‍റെ പേരിലാണ് ശ്രേയസ് അയ്യർക്കും ഇഷാൻ കിഷനും നേരത്തെ ബിസിസിഐ കരാർ നഷ്ടമായത്.
File photo
മുംബൈ: അച്ചടക്കലംഘനത്തെത്തുടർന്ന് ബിസിസിഐയുടെ സെൻട്രൽ കോൺട്രാക്റ്റ് പട്ടികയിൽ നിന്ന് പുറത്തായ ശ്രേയസ് അയ്യർക്കും ഇഷാൻ കിഷനും കരാർ തിരിച്ചുകിട്ടി. കഴിഞ്ഞ വർഷത്തെ 30 പേരുടെ സ്ഥാനത്ത് ഇത്തവണ 35 പേർക്ക് കരാർ നൽകിയിട്ടുമുണ്ട്.
നിരന്തരം മോശം പ്രകടനം തുടരുന്ന വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ബി ഗ്രേഡിൽനിന്ന് എ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നൽകി. സഞ്ജു സാംസൺ സി ഗ്രേഡിൽ തുടരുന്നു. മുൻപ് എ ഗ്രേഡിലായിരുന്ന ഋഷഭ് കാർ അപകടത്തെത്തുടർന്ന് ഒരു വർഷം വിട്ടുനിന്നപ്പോഴാണ് ബി ഗ്രേഡിലേക്ക് തരംതാഴ്ത്തിയത്. പിന്നീട് തിരിച്ചുവന്ന് മൂന്നു ഫോർമാറ്റിലും ഇന്ത്യക്കു വേണ്ടി കളിച്ചു.
ഏറ്റവും ഉയർന്ന കരാർ തുക ലഭിക്കുന്ന എ+ ഗ്രേഡിൽ നാലു പേരാണുള്ളത്- രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ. മൂന്ന് ഫോർമാറ്റിലും കളിക്കുന്നവർക്കു മാത്രം എ+ നൽകുക എന്ന പതിവും ഇതോടെ മാറി. രോഹിതും കോലിയും ജഡേജയും ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ ഈ ഫോർമാറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നതാണ്.
രണ്ടാമത് വരുന്ന എ ഗ്രേഡിൽ ഋഷഭ് പന്തിനെ കൂടാതെ, ചാംപ്യൻസ് ട്രോഫി ടീമിൽ നിന്നു പുറത്തായ മുഹമ്മദ് സിറാജിനും ഇടമുണ്ട്. കെ.എൽ. രാഹുൽ, ശുഭ്മൻ ഗിൽ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി എന്നിവരാണ് മറ്റുള്ളവർ.
ശ്രേയസ് അയ്യരെ തിരികെ വിളിച്ചിരിക്കുന്നത് ബി ഗ്രേഡ് കരാറിലേക്കാണ്. കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, യശസ്വി ജയ്സ്വാൾ, സൂര്യകുമാർ യാദവ് എന്നിവരാണ് ഈ ഗണത്തിൽ വരുന്ന മറ്റു താരങ്ങൾ.
ഇഷാൻ കിഷനെ സഞ്ജുവിനൊപ്പം സി ഗ്രേഡിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പുതിയതായി കരാർ ലഭിച്ച നിതീഷ് കുമാർ റെഡ്ഡി, ധ്രുവ് ജുറൽ, അഭിഷേക് ശർമ, സർഫറാസ് ഖാൻ, ആകാശ് ദീപ്, വരുൺ ചക്രവർത്തി, ഹർഷിത് റാണ എന്നിവരും ഇതേ ഗ്രേഡിൽ തന്നെ. കഴിഞ്ഞ തവണ സി ഗ്രേഡിൽ ഉണ്ടായിരുന്ന ശാർദൂൽ ഠാക്കൂർ, കെ.എസ്. ഭരത്, ആവേശ് ഖാൻ, ജിതേഷ് ശർമ എന്നിവർ ഇക്കുറി പുറത്തായി.
ഓരോ ഗ്രേഡിനും ലഭിക്കുന്ന കരാർ തുക ബിസിസിഐ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ, എ+ കരാറുള്ളവർക്ക് പ്രതിവർഷം ഏഴ് കോടി രൂപ ലഭിക്കുമെന്നാണ് സൂചന. എ ഗ്രേഡിന് അഞ്ച് കോടി, ബി ഗ്രേഡിന് മൂന്ന് കോടി, സി ഗ്രേഡിന് ഒരു കോടി എന്നിങ്ങനെയും പ്രതിഫലം ലഭിക്കും.
കരാർ ഇങ്ങനെ:
A+
രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ.
A
മുഹമ്മദ് സിറാജ്, കെ.എൽ. രാഹുൽ, ശുഭ്മൻ ഗിൽ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്.
B
സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ.
C
റിങ്കു സിങ്, തിലക് വർമ, ഋതുരാജ് ഗെയ്ക്ക്വാദ്, ശിവം ദുബെ, രവി ബിഷ്ണോയ്, വാഷിങ്ടൺ സുന്ദർ, മുകേഷ് കുമാർ, സഞ്ജു സാംസൺ, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, രജത് പാട്ടീദാർ, ധ്രുവ് ജുറൽ, സർഫറാസ് ഖാൻ, നിതീഷ് കുമാർ റെഡ്ഡി, ഇഷാൻ കിഷൻ, അഭിഷേക് ശർമ, ആകാശ് ദീപ്, വരുൺ ചക്രവർത്തി, ഹർഷിത് റാണ.