
ശ്രേയസ് അയ്യർ ക‍്യാപ്റ്റൻ സ്ഥാനത്തേക്കില്ല; അഭ‍്യൂഹങ്ങൾ ബിസിസിഐ തള്ളി
മുംബൈ: ഇന്ത‍്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യരെ ഏകദിന ടീം ക‍്യാപ്റ്റനാക്കുമെന്ന റിപ്പോർട്ടുകൾ ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ തള്ളി. ഇത്തരമൊരു കാര‍്യം കേൾക്കുന്നത് ആദ‍്യമായിട്ടാണെന്നും അത്തരത്തിൽ ഒരു ചർച്ചയും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏഷ‍്യ കപ്പിനുള്ള ഇന്ത‍്യൻ ടീമിലേക്ക് പരിഗണിക്കാതിരുന്നതിനു പിന്നാലെയായിരുന്നു ശ്രേയസിനെ ഏകദിന ക‍്യാപ്റ്റനാക്കുമെന്ന അഭ‍്യൂഹങ്ങൾ പ്രചരിച്ചത്. നിലവിലെ ഏകദിന ക‍്യാപ്റ്റനായ രോഹിത്ത് ശർമ ക‍്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന സമയം ശ്രേയസിനെ ഏകദിന ക‍്യാപ്റ്റനായും ശുഭ്മൻ ഗില്ലിനെ ടി20 ക‍്യാപ്റ്റനായും പ്രഖ‍്യാപിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
അതേസമയം ശ്രേയസിന്‍റെ ഭാഗത്ത് തെറ്റുകളൊന്നുമില്ലെന്നും എന്നാൽ അവസരങ്ങൾക്കായി അദ്ദേഹം കാത്തിരിക്കേണ്ടി വരുമെന്നായിരുന്നു ഏഷ‍്യ കപ്പ് ടീമിൽ ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ടൊണെന്ന മാധ‍്യമങ്ങളുടെ ചോദ‍്യത്തിന് സെലക്റ്റർ അജിത് അഗാർക്കർ മറുപടി നൽകിയത്.
കഴിഞ്ഞ ചാംപ‍്യൻസ് ട്രോഫിയിലും ഏകദിന ലോകകപ്പിലും മികച്ച പ്രകടനമായിരുന്നു ശ്രേയസ് പുറത്തെടുത്തത്. മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിട്ടും ഏഷ‍്യ കപ്പ് ടീമിൽ ഉൾപ്പെടുത്താതിരുന്ന ബിസിസിഐയുടെ തീരുമാനം വ‍്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.