

രോഹിത് യാദവ്
കോൽക്കത്ത: ബംഗാൾ ലെഗ് സ്പിന്നർ രോഹിത് യാദവിന് 2 വർഷത്തേക്ക് വിലക്കേർപ്പെടുത്തി ബിസിസിഐ. പ്രായത്തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സെപ്റ്റംബർ 18ന് ആരംഭിക്കുന്ന ഓസ്ട്രേലിയക്കെതിരായ അണ്ടർ 19 ഇന്ത‍്യൻ ടീമിൽ ഇടം പിടിച്ച താരമാണ് രോഹിത് യാദവ്. ഓസ്ട്രേലിയക്കെതിരായ ഏകദിന, മൾട്ടി ഡേ മത്സരങ്ങൾക്കുള്ള ടീമിലാണ് താരം ഇടം നേടിയിരുന്നത്.
ഉത്തർപ്രദേശ് സ്വദേശിയായ രോഹിത് യാദവ് ശ്രീലങ്കയ്ക്കെതിരായ അണ്ടർ 19 മത്സരത്തിൽ ഇക്കഴിഞ്ഞ ജുലൈയിൽ ഇന്ത‍്യയെ പ്രതിനിധീകരിച്ച് കളിച്ചിരുന്നു. ആ മത്സരത്തിൽ താരം 6 വിക്കറ്റ് വീഴ്ത്തുകയും ചെയ്തതോടെ അവസാന മത്സരം ഇന്ത‍്യ വിജയം നേടിയിരുന്നു. ശ്രീലങ്കയിൽ വച്ച് താരത്തിന്‍റെ രേഖകൾ പരിശോധിച്ചപ്പോഴാണ് പ്രായതട്ടിപ്പ് കണ്ടെത്തിയത്.
2007,2009, 2010 എന്നിങ്ങനെ മൂന്നു വർഷങ്ങളിലായി മൂന്നു ജനന സർട്ടിഫിക്കറ്റുണ്ടായിരുന്നു താരത്തിന്. രോഹിത് യാദവിന്‍റെ ആധാർ രേഖകളിലും പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്തപ്പോൾ ജനിച്ച വർഷം 2007 ആയിട്ടാണ് രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ 2017ലും 2020ലും ഇത് പുതുക്കിയപ്പോൾ ജനിച്ച വർഷം 2006 ആയും 2009 ആയുമാണ് രേഖപ്പെടുത്തിയിരുന്നത്. ഈ പിഴവ് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പിഴവുകളുടെ പേരിൽ രോഹിത് യാദവിനെ ജൂനിയർ ടീമിൽ നിന്നും മാറ്റി നിർത്തുകയും വിവരം ബിസിസിഐയെ അറിയിക്കുകയും ചെയ്തിരുന്നു. രോഹിത് യാദവിന്‍റെ പകരക്കാരനെ ഇതുവരെ ഇന്ത‍്യ തെരഞ്ഞെടുത്തിട്ടില്ല. ഉടനെ തന്നെ മറ്റൊരു താരത്തിനെ ടീമിലെടുത്തേക്കും.