പാർലമെന്‍റിൽനിന്നു ക്രിക്കറ്റിലേക്ക്? ഇന്ത്യൻ കോച്ചാകാൻ ഗംഭീറിനു ക്ഷണം

ഇന്ത്യയുടെ മുൻ ഓപ്പണിങ് ബാറ്ററും കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ മെന്‍ററുമായ ഗംഭീർ നിലവിൽ ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള ബിജെപി എംപിയാണ്
BCCI invites Gautam Gambhir to be India head coach
Gautam GambhirFile photo

മുംബൈ: ട്വന്‍റി20 ലോകകപ്പിനു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലനച്ചുമതല ഏറ്റെടുക്കാൻ ഗൗ‌തം ഗംഭീറിനു ക്ഷണം. ഇന്ത്യയുടെ മുൻ ഓപ്പണിങ് ബാറ്ററും കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ മെന്‍ററുമായ ഗംഭീർ നിലവിൽ ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള ബിജെപി എംപിയാണ്.

രാഹുൽ ദ്രാവിഡിന്‍റെ കാലാവധി ഏകദിന ലോകകപ്പോടെ അവസാനിച്ചിരുന്നതാണ്. പുതിയ കോച്ചിനെ നിയമിക്കാത്തതിനാൽ ദ്രാവിഡിന്‍റെ കരാർ ട്വന്‍റി20 ലോകകപ്പ് വരെ നീട്ടിക്കൊടുക്കുകയായിരുന്നു. അതിനു ശേഷം ടീമിന്‍റെ ചുമതല വഹിക്കാനുള്ള പുതിയ കോച്ചിനെ കണ്ടെത്താൻ ബിസിസിഐ അപേക്ഷയും ക്ഷണിച്ചിരുന്നു. ഇതിനിടെയാണ് ഗംഭീറിനെ നിയമിക്കാനുള്ള താത്പര്യം അങ്ങോട്ട് അറിയിച്ചിരിക്കുന്നത്.

നിലവിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ പ്ലേഓഫിൽ ഇടം ഉറപ്പാക്കിയിട്ടുണ്ട്. അതിനാൽ ഐപിഎൽ മത്സരങ്ങൾക്കു ശേഷമായിരിക്കും ഗംഭീറുമായി ബിസിസിഐ ഔപചാരിക ചർച്ചകൾ നടത്തുക. ഐപിഎൽ ഫൈനലിന്‍റെ അടുത്ത ദിവസം, അതായത് മേയ് 27 ആണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.

കോച്ചിങ്ങിൽ അന്താരാഷ്‌ട്ര പരിചയമില്ലാത്ത ഗംഭീർ 2022, 2023 വർഷങ്ങളിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സിന്‍റെ മെന്‍ററായിരുന്നു. രണ്ടു സീസണിലും എൽഎസ്‌ജി പ്ലേഓഫിലെത്തുകയും ചെയ്തു. ഈ വർഷമാണ് ടീം ഉടമ ഷാരുഖ് ഖാന്‍റെ നിർബന്ധപ്രകാരം കോൽക്കൊത്തയ്‌ക്കൊപ്പം ചേർന്നത്. ഇക്കുറി പ്ലേഓഫിലേക്ക് ആദ്യം ഇടം ഉറപ്പിക്കുന്ന ടീം കോൽക്കൊത്ത ആയിരുന്നു.

42 വയസുള്ള ഗംഭീർ 2007ൽ ഇന്ത്യ പ്രഥമ ട്വന്‍റി20 ലോകകപ്പ് നേടുമ്പോഴും, 2011ൽ രണ്ടാം വട്ടം ഏകദിന ലോകകപ്പ് നേടുമ്പോഴും ഓപ്പണറായിരുന്നു. ഏഴ് ഐപിഎൽ സീസണുകളിൽ കോൽക്കത്തയുടെ ക്യാപ്റ്റനായിരുന്ന ഗംഭീർ അഞ്ച് വട്ടവും അവരെ പ്ലേഓഫിലെത്തിച്ചു, രണ്ടു വട്ടവും കിരീടവും നേടിക്കൊടുത്തു. 2014ൽ ചാംപ്യൻസ് ലീഗിൽ റണ്ണറപ്പുകളുമായിരുന്നു ഗംഭീർ നയിച്ച കെകെആർ.

2027ൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ആയിരിക്കും പുതിയ പരിശീലകന്‍റെ പ്രധാന ദൗത്യം. അതിനിടെ പ്രമുഖ താരങ്ങൾ പലരും വിരമിക്കാൻ സാധ്യതയുള്ളതിനാൽ, ടീമിലെ തലമുറ മാറ്റത്തിനു കൂടി മേൽനോട്ടം വഹിക്കുക എന്ന നിർണായക ചുമതലയാണ് ദ്രാവിഡിന്‍റെ പിൻഗാമിക്ക് വഹിക്കാനുള്ളത്.

ഇത്തവണത്തെ ട്വന്‍റി20 ലോകകപ്പ് ഇന്ത്യ നേടിയാൽ പോലും മുഖ്യ പരിശീലക സ്ഥാനത്ത് ദ്രാവിഡ് തുടരാൻ ഇടയില്ല. അദ്ദേഹത്തിനും ബിസിസിഐക്കും അതിൽ താത്പര്യമില്ലെന്നാണ് സൂചന. ദ്രാവിഡിനു തുടരാൻ താത്പര്യമുണ്ടെങ്കിൽ മറ്റ് അപേക്ഷകരെ പോലെ ബയോഡേറ്റ അയയ്ക്കണമെന്നാണ് ബിസിസിഐ അറിയിച്ചിരുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com