
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പോണ്സര് ആയിരുന്ന മലയാളികളുടെ ഉടമസ്ഥതയിലുള്ള ബൈജൂസ് 158 കോടി രൂപയുടെ കുടിശിക നല്കാന് ആവശ്യപ്പെടണമെന്ന് കാണിച്ച് കോടതിയില്‍ ബിസിസിഐയുടെ ഹര്‍ജി. ഹര്‍ജിയില്‍ പ്രമുഖ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനമായ ബൈജൂസിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കാട്ടി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) ആണ് ബൈജൂസിന് നോട്ടീസ് നല്‍കിയത്. 22ന് ട്രൈബ്യൂണല്‍ ഹര്‍ജി വീണ്ടും പരിഗണിക്കും. ബൈജൂസ് നല്കുന്ന മറുപടിക്കെതിരെ എന്തെങ്കിലും ബോധിപ്പിക്കാന്‍ ഉണ്ടെങ്കില്‍ അതിന് അവസരം നല്കി തുടര്‍ന്ന് ബിസിസിഐയ്ക്കും ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് ഹര്‍ജി പരിഗണിക്കുക.
സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ 158 കോടി രൂപ നല്കുന്നതില് വീഴ്ച വരുത്തി എന്ന് കാണിച്ചാണ് ബൈജൂസിനെതിരെ ബിസിസിഐ എന്‍സിഎല്‍ടിയെ സമീപിച്ചത്.2019ലാണ് ബൈജൂസ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പോണ്സര് ആകുന്നത്. 2023 മാര്‍ച്ച് വരെ ബൈജൂസായിരുന്നു ഇന്ത്യന്‍ ടീമിന്റെ ഒഫീഷ്യല്‍ സ്പോണ്സര്. പിന്നീട് ഈ കരാര്‍ അവസാനിപ്പിച്ച ബിസിസിഐ ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം മുതല്‍ സ്പോണ്‍സര്‍ഷിപ്പ് ഡ്രീം ഇലവനു വന്‍തുകയ്ക്ക് നല്‍കുകയായിരുന്നു.