ഇന്ത്യൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അനുഷ്കയെയും ഗംഭീറിനെയും ബിസിസിഐ നിയന്ത്രിക്കും!

ഇന്ത്യൻ ക്രിക്കറ്റ് ടീമിനു തിരിച്ചടി നേരിടുമ്പോഴും വിരാട് കോലി ഫോം ഔട്ടാകുമ്പോഴുമെല്ലാം സുനിൽ ഗവാസ്കർ മുതൽ പാപ്പരാസികൾ വരെ കണ്ടുപിടിക്കുന്ന ഒരു കാരണമുണ്ട്
Virat Kohli and Anushka Sharma
വിരാട് കോലിയും അനുഷ്ക ശർമയുംFile Photo
Updated on

സ്പോർട്സ് ലേഖകൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിനു തിരിച്ചടി നേരിടുമ്പോഴും വിരാട് കോലി ഫോം ഔട്ടാകുമ്പോഴുമെല്ലാം സുനിൽ ഗവാസ്കർ മുതൽ പാപ്പരാസികൾ വരെ കണ്ടുപിടിക്കുന്ന ഒരു കാരണമുണ്ട്- അനുഷ്ക ശർമ! ടീമിന്‍റെ വിദേശ പര്യടനങ്ങളിൽ ഉടനീളം ഭാര്യ അനുഷ്ക വിരാടിനൊപ്പമുള്ളതും ഗ്യാലറിയിൽ ഇരിക്കുന്നതുമൊക്കെയാണ് കുഴപ്പമെന്നാണ് പലരുടെയും കണ്ടെത്തൽ.

ഇപ്പോഴിതാ, ഇന്ത്യൻ ടീമിൽ തുടർ പരാജയങ്ങളുടെ പശ്ചാത്തലത്തിൽ ബിസിസിഐ പോലും ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള തീരുമാനങ്ങളിലേക്കു നീങ്ങുന്നു എന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തുടർ പരാജയങ്ങളെത്തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റം വരുത്താൻ ബിസിസിഐ ആലോചിക്കുന്നു.

കളിക്കാർക്ക് വിദേശ പര്യടനങ്ങളിൽ ഭാര്യയെ കൂടെ കൂട്ടുന്നതിന് 2019ന് മുൻപ് വരെയുണ്ടായിരുന്ന നിയന്ത്രണങ്ങൾ തിരിച്ചുകൊണ്ടുവരാനാണ് ആലോചന. ഇതുപ്രകാരം, 45 ദിവസം നീളുന്ന ഒരു വിദേശ പര്യടനത്തിൽ രണ്ടാഴ്ച മാത്രമായിരിക്കും ഭാര്യമാർക്ക് ചേരാനാകുക.

ഇതുകൂടാതെ, ഭാര്യമാർ പര്യടനത്തിൽ ചേരുന്ന സമയത്തും കളിക്കാർ ദീർഘനേരം അവർക്കൊപ്പമായിരിക്കുന്നത് കളിക്കളത്തിലെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നാണ് ബിസിസിഐ വിലയിരുത്തുന്നത്. അതിനാൽ, സ്റ്റേഡിയത്തിലേക്ക് കളിക്കാരെല്ലാവരും ഒരുമിച്ച് ടീം ബസിൽ തന്നെ യാത്ര ചെയ്യണമെന്നും, കുടുംബത്തോടൊപ്പം യാത്ര ചെയ്യരുതെന്നും നിർദേശിക്കും.

ടീമിന്‍റെ പരാജയങ്ങൾ വിലയിരുത്തിയ ബിസിസിഐ 'ഒന്നാം പ്രതി'യായി കണ്ടെത്തിയിരിക്കുന്നത് അനുഷ്കയെ ആണെങ്കിൽ, 'രണ്ടാം പ്രതി' കോച്ച് ഗൗതം ഗംഭീറിന്‍റെ മാനെജർ ഗൗരവ് അറോറയാണ്. അറോറയ്ക്ക് ഇനി ഗംഭീർ താമസിക്കുന്ന ഹോട്ടലിൽ തങ്ങാൻ അനുവാദമുണ്ടാകില്ല. ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലെ വിഐപി ബോക്സുകളിലും പ്രവേശനം നിഷേധിക്കും. ടീം ബസിലോ, അതിനു പിന്നാലെയുള്ള ബസിലോ ഗംഭീറിനെ അനുഗമിക്കാനും അറോറയെ അനുവദിക്കില്ല.

വിമാന യാത്രകളിൽ കളിക്കാർ കൊണ്ടുപോകുന്ന ലഗേജിനും ബിസിസിഐ പരിധി നിശ്ചയിക്കാൻ ആലോചിക്കുന്നുണ്ട്. 150 കിലോഗ്രാമിനു മുകളിൽ ഭാരമുണ്ടെങ്കിൽ, അധികം വരുന്ന ഭാരത്തിനുള്ള പണം കളിക്കാരുടെ കൈയിൽനിന്നു തന്നെ ഈടാക്കാനാണ് ആലോചിക്കുന്നത്.

Gautam Gambhir with manager Gaurav Arora
ഗൗതം ഗംഭീറും മാനേജർ ഗൗരവ് അറോറയും

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, കോച്ച് ഗൗതം ഗംഭീർ, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ എന്നിവർ ന്യൂസിലൻഡിനും ഓസ്ട്രേലിയക്കും എതിരായ ടെസ്റ്റ് പരമ്പരകൾ തോറ്റതിന്‍റെ പശ്ചാത്തലത്തിൽ ബിസിസിഐ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് നിയന്ത്രണങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തത്.

ഇതുകൂടാകെ, രോഹിതിന്‍റെയും കോലിയുടെയും അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവി, ഗംഭീറിന്‍റെ കോച്ചിങ് ടീം അംഗങ്ങളുടെ കാലാവധി തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്തെന്നാണ് സൂചന. സപ്പോർട്ട് സ്റ്റാഫിനെ മൂന്നു വർഷത്തിലധികം ടീമിനൊപ്പം തുടരാൻ അനുവദിക്കേണ്ടെന്നാണ് ധാരണ.

logo
Metro Vaartha
www.metrovaartha.com