

ബെൻ സ്റ്റോക്സ്, ഗുസ് അറ്റ്കിൻസൺ
ലണ്ടൻ: നൈറ്റ് ക്ലബ്ബിലുണ്ടായ അടിപിടി വിവാദത്തിന് പിന്നാലെ ഇംഗ്ലണ്ട് ക‍്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ ന‍്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയില്ല. ഓവലിൽ നടക്കുന്ന ടെസ്റ്റിലേക്ക് ഗുസ് അറ്റ്കിൻസണെയും ഒഴിവാക്കി.
സ്റ്റോക്സിന്‍റെ അഭാവത്തിൽ ജോ റൂട്ട് ഇംഗ്ലണ്ട് ടീമിനെ നയിക്കും. ഇരു താരങ്ങളും പ്രോട്ടോക്കോൾ ലംഘിച്ചതിനെത്തുടർന്നാണ് നടപടിയെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇസിബി) അറിയിച്ചു.
ന‍്യൂസിലൻഡിനെതിരായ ആദ‍്യ ടെസ്റ്റ് വിജയത്തിനു പിന്നാലെയായിരുന്നു സ്റ്റോക്സും അറ്റ്കിൻസണും ലണ്ടനിലെ കിങ്സ് റോഡിലുള്ള റെക്സ് റൂംസ് നൈറ്റ് ക്ലബ്ബിൽ വച്ച് റഗ്ബി താരങ്ങളുമായി ഏറ്റുമുട്ടിയത്. ആഷസ് പരമ്പരയ്ക്കിടെ ബെൻ ഡക്കറ്റ്, ഹാരി ബ്രൂക്ക് എന്നിവർ സമാന വിവാദങ്ങളിൽ ഉൾപ്പെട്ടതിനാൽ താരങ്ങൾക്ക് രാത്രി പുറത്തു പോകുന്നതിന് വിലേക്കേർപ്പെടുത്തിയിരുന്നു.
ഇത് ലംഘിച്ചാണ് താരങ്ങൾ പുറത്തു പോയത്. ഇരു താരങ്ങളെയും രണ്ടാം ടെസ്റ്റിൽ നിന്നും ഒഴിവാക്കിയ കാര‍്യം ഇസിബി പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. അറ്റ്കിൻസണു പകരം പേസർ ജോഫ്രാ ആർച്ചറും സ്റ്റോക്സിനു പകരം ജോർദാൻ കോക്സിനെയും 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2022 നു ശേഷം ആദ‍്യമായാണ് ടെസ്റ്റിൽ ജോ റൂട്ട് ഇംഗ്ലണ്ടിനെ നയിക്കാനൊരുങ്ങുന്നത്.