
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വമ്പന്‍ ജയം. എഫ്സി ബേൺമൗത്തിനെ ഒന്നിനെതിരേ ആറ് ഗോളിനാണ് സിറ്റി തകർത്തത്. സൂപ്പർതാരം എർലിങ് ഹാലണ്ടില്ലാതെ ഇറങ്ങിയ സിറ്റിക്കായി നാല് ഗോളിന് വഴിയൊരുക്കുകയും ഒരു ഗോള്‍ അടിക്കുകയും ചെയ്ത ബെല്‍ജിയം താരം ജെറമി ഡോകുവാണ് ജയത്തില്‍ നിര്‍ണായകമായത്. ബെര്‍ണാഡോ സില്‍വ ഇരട്ട ഗോള്‍ നേടിയപ്പോള്‍ അകാന്‍ജി, ഫില്‍ ഫോഡന്‍, നഥാന്‍ അകെ എന്നിവരുടെ വകയായിരുന്നു അവശേഷിക്കുന്ന ഗോളുകള്‍. ബേണ്‍മൗത്തിന്‍റെ ആശ്വാസ ഗോള്‍ സിനിസ്റ്ററയുടെ ബൂട്ടില്‍നിന്നായിരുന്നു.
മത്സരത്തിന്‍റെ 30ാം മിനിറ്റില്‍ റോഡ്രിയുടെ പാസിൽ നിന്ന് ജെറമി ഡോകുവിന്‍റെ വകയായിരുന്നു ആദ്യ ഗോള്‍. മൂന്നുമിനിറ്റിനകം ബെര്‍ണാഡോ സില്‍വക്കും 37ാം മിനിറ്റില്‍ മാനുവല്‍ അകാന്‍ജിക്കും 64ാം മിനിറ്റില്‍ ഫില്‍ ഫോഡനും 83ാം മിനിറ്റില്‍ ഒരിക്കല്‍ കൂടി സില്‍വക്കും ഗോളടിക്കാന്‍ ഡോകു വഴിയൊരുക്കി. ഇതോടെ അടിച്ച അഞ്ച് ഗോളിലും ഡോകുവിന്‍റെ സ്പര്‍ശമുണ്ടായി. 88ാം മിനിറ്റില്‍ ബോബിന്‍റെ പാസില്‍ നഥാന്‍ അകെ കൂടി ലക്ഷ്യം കണ്ടതോടെ സിറ്റിയുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി.
ആഴ്സനലിനെ ന്യൂകാസില്‍ യുനൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു. 64ാം മിനിറ്റില്‍ ആന്തണി ഗോര്‍ഡന്‍ നേടിയ വിവാദ ഗോളാണ് ഗണ്ണേഴ്സിന് പരാജയമൊരുക്കിയത്. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 1-0ത്തിന് ഫുള്‍ഹാമിനെ തോല്‍പിച്ചു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ വകയായിരുന്നു ഗോൾ. മത്സരങ്ങളില്‍ ബ്രെന്‍റ്ഫോര്‍ഡ് 3-2ന് വെസ്റ്റ്ഹാമിനെയും ക്രിസ്റ്റല്‍ പാലസ് 2-0ത്തിന് ബേണ്‍ലിയെയും ഷെഫീല്‍ഡ് യുനൈറ്റഡ് 2-1ന് വോള്‍വ്സിനെയും തോല്‍പിച്ചു. ബ്രൈറ്റണ്‍-എവര്‍ട്ടണ്‍ മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു.
ജയത്തോടെ 11 കളിയില്‍ 27 പോയന്‍റുമായി സിറ്റി ഒന്നാം സ്ഥാനത്തേക്ക് കയറി. ഒരു മത്സരം കുറച്ചു കളിച്ച ടോട്ടന്‍ഹാം 26 പോയിന്‍റുമായി രണ്ടാമതും 24 പോയിന്‍റുള്ള ആഴ്സണല്‍ മൂന്നാമതും 23 പോയിന്‍റുള്ള ലിവര്‍പൂള്‍ നാലാമതുമാണ്.