''എനിക്കിനി രഹസ്യങ്ങളില്ല'', നിഗൂഢതകളുടെ ചുരുളഴിച്ച് ബ്യോൺ ബോർഗ്

ലഹരി ഉപയോഗവും അകാലത്തിൽ അവസാനിച്ച കരിയറും അടക്കം ടെന്നിസ് ഇതിഹാസം ബ്യോൺ ബോർഗ് ജീവിതം പറയുന്നു, ഹാർട്ട്ബീറ്റ്സ് എന്ന പുസ്തകത്തിലൂടെ...
നിഗൂഢതകളുടെ ചുരുളഴിച്ച് ബ്യോൺ ബോർഗിന്‍റെ പുസ്തകം | Bjorn Borg memoir book review

ബ്യോൺ ബോർഗ്, പഴയകാല ചിത്രം.

File

Updated on
Summary

ടെന്നിസ് ഇതിഹാസം ബ്യോൺ ബോർഗ് എഴുതിയ ഓർമക്കുറിപ്പുകളിൽ ജീവിതത്തിലെയും കരിയറിലെയും കയ്‌പേറിയ അനുഭവങ്ങൾ ഇതൾ വിടരുന്നു. 26-ആം വയസിൽ ടെന്നിസ് ഉപേക്ഷിച്ചതിൻ്റെ കാരണവും, പിന്നീട് മദ്യത്തിനും മയക്കുമരുന്നിനും അടിമയായതും, ഹാർട്ട്ബീറ്റ്സ് എന്ന പുസ്തകത്തിൽ അദ്ദേഹം വിവരിക്കുന്നു.

അമിതമായ ലഹരി ഉപയോഗം കാരണം ആശുപത്രിയിലായ കഥ പറഞ്ഞുകൊണ്ടാണ് ബ്യോൺ ബോർഗ് തന്‍റെ ഓർമപ്പുസ്തകം തുറക്കുന്നത്. ക്യാൻസർ തിരിച്ചറിഞ്ഞ ദിവസത്തിൽ അത് അവസാനിപ്പിക്കുകയും ചെയ്യുന്നു.

''തുടക്കവും ഒടുക്കവും നല്ലതാവണ്ടേ?'' അദ്ദേഹം ചോദിക്കുന്നു.

പുസ്തകത്തിന്‍റെ കാര്യത്തിൽ ശരിയായിരിക്കാം. പക്ഷേ, തുടക്കം പോലെ സുഖകരമായിരുന്ന ബ്യോൺ ബോർഗ് എന്ന ടെന്നിസ് ഇതിഹാസത്തിന്‍റെ കരിയർ. പതിനഞ്ചാം വയസിൽ സ്വീഡനു വേണ്ടി ഡേവിസ് കപ്പിൽ അരങ്ങേറ്റം കുറിച്ച ബോർഗ് 1977ൽ തന്‍റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം ചൂടുന്നത് വെറും 17 വയസുള്ളപ്പോഴാണ്. ഫ്രഞ്ച് ഓപ്പണിലും വിബിംൾഡണിലുമായി 11 കിരീടങ്ങൾ. ഇതിനിടെ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനവും. പക്ഷേ, 26 വയസ് മാത്രമുള്ളപ്പോൾ, കായികലോകത്തെയാകെ അമ്പരപ്പിച്ചുകൊണ്ട് ബോർഗ് റിട്ടയർമെന്‍റ് പ്രഖ്യാപിച്ചു. 1991-93 കാലഘട്ടത്തിൽ തിരിച്ചുവരാൻ നടത്തിയ ശ്രമങ്ങൾ ദയനീയമായി പരാജയപ്പെട്ടു.

ഇക്കാലമത്രയും ടെന്നിസ് കോർട്ടിലെയും പുറത്തെയും ജീവിതം സ്വകാര്യമാക്കി വയ്ക്കാൻ ഇഷ്ടപ്പെട്ടിരുന്ന ബോർഗ്, ഹാർട്ട്ബീറ്റ്സ് എന്ന പുസ്തകത്തിൽ തുറന്നെഴുത്താണ് നടത്തിയിരിക്കുന്നത്. 292 പേജുള്ള പുസ്തകത്തിൽ, ബോർഗിന്‍റെ പ്രണയ ജീവിതവും സാഹസിക യാത്രകളും സ്വകാര്യ ദുഃഖങ്ങളുമെല്ലാം കടന്നുവരുന്നു. ഒപ്പം, ചെറിയ പ്രായത്തിൽ കരിയർ അവസാനിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നിലെ നിഗൂഢകളുടെയും ചുരുളഴിയുന്നു.

1981ൽ ജോൺ മക്കെൻറോയോട് വിംബിൾഡൺ, യുഎസ് ഓപ്പൺ ഫൈനലുകൾ തോറ്റതോടെയാണ് വിരമിക്കാൻ തീരുമാനിച്ചതെന്ന് ബോർഗ് പറയുന്നു. അതേസമയം, ബോർഗിനെ റിട്ടയർമെന്‍റിൽനിന്നു തിരിച്ചുകൊണ്ടുവരാൻ ഇതേ മക്കെൻറോ നടത്തിയ ശ്രമങ്ങൾ അന്നു തന്നെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ആറു വട്ടം ഫ്രഞ്ച് ഓപ്പണും അഞ്ച് വട്ടം വിംബിൾഡണും നേടിയ ബോർഗിന് ഓസ്ട്രേലിയൻ ഓപ്പണിൽ പരമാവധി മൂന്നാം റൗണ്ട് വരെയാണ് എത്താനായിട്ടുള്ളത്. യുഎസ് ഓപ്പണിൽ നാലു വട്ടം ഫൈനൽ കളിച്ചിട്ടും കപ്പ് കിട്ടിയില്ല. 1981ലെ യുഎസ് ഓപ്പണിൽ ബോർഗ് കിരീടം നേടുമെന്നുറപ്പിച്ച സുഹൃത്തുക്കൾ ആഘോഷത്തിനു വേണ്ടി ഒരു പാർട്ടി ആസൂത്രണം ചെയ്തിരുന്നു. ഫൈനൽ തോറ്റ ശേഷം ലോങ് ഐലൻഡിലെ വീട്ടിലുള്ള സ്വിമ്മിങ് പൂളിന്‍റെ കരയിൽ ഒരു കുപ്പി ബിയറുമായി ബോർഗ് ഇരുന്നു.

നിഗൂഢതകളുടെ ചുരുളഴിച്ച് ബ്യോൺ ബോർഗിന്‍റെ പുസ്തകം | Bjorn Borg memoir book review

സ്വീഡിഷ് ടെന്നിസ് ഇതിഹാസം ബ്യോൺ ബോർഗ്.

''ഫൈനലിൽ തോറ്റപ്പോൾ എനിക്ക് സങ്കടം തോന്നിയില്ല. കാരണം, അത് ഞാനായിരുന്നില്ല. തോൽക്കുന്നത് എനിക്കു വെറുപ്പാണ്. എന്‍റെ തല കറങ്ങുന്നുണ്ടായിരുന്നു. ഞാൻ ടെന്നീസ് ഉപേക്ഷിക്കാൻ പോകുകയാണെന്ന് എനിക്കറിയാമായിരുന്നു''- അയാളുടെ ഓർമകളിൽനിന്ന് വിജയത്തിന്‍റെ ലഹരി ഒഴിഞ്ഞുപോയിരുന്നു.

വികൃതിപ്പയ്യനായ ജിമ്മി കോണേഴ്സും മുൻകോപത്തിനു കുപ്രസിദ്ധി നേടിയ മക്കെൻറോയും ടെന്നിസ് കോർട്ടുകൾ അടക്കിവാഴുന്ന കാലത്തായിരുന്ന ശാന്തസ്വഭാവമുള്ള ബോർഗിന്‍റെ രംഗപ്രവേശം. ഐസ്‌ബോർഗ് എന്ന വിളിപ്പേര് പോലും അദ്ദേഹത്തിനു നേടിക്കൊടുത്തു ഈ സ്വഭാവം. എന്നാൽ, അതായിരുന്നില്ല തന്‍റെ സ്വാഭാവിക രീതിയെന്നും, ബാല്യത്തിൽ ടെന്നിസ് കോർട്ടിലുണ്ടായ ഒരനഭുവമാണ് തന്നെ അങ്ങനെയാക്കിയതെന്നും ബോർഗ് പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.

''ടെന്നീസ് കോർട്ടിൽ ഞാൻ വളരെ മോശമായാണ് പെരുമാറിയിരുന്നത്. തെറിവിളിക്കുകയും കള്ളത്തരം കാണിക്കുകയും ചെയ്തിരുന്നു. ഇതു കാരണം നാട്ടിലെ ടെന്നിസ് ക്ലബ് എനിക്ക് ആറു മാസം വിലക്കേർപ്പെടുത്തി. ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ, വീണ്ടും സസ്പെൻഡ് ചെയ്യപ്പെടുമോ എന്ന ഭയം കാരണം കോർട്ടിൽ വായ തുറക്കാതെയായി'', ബോർഗ് എഴുതുന്നു.

ടെന്നിസിൽനിന്നു ലഭിച്ച അതേ ആവേശമാണ് ആദ്യമായി കൊക്കെയ്ൻ ഉപയോഗിച്ചപ്പോൾ തനിക്കു കിട്ടിയതെന്നും ബോർഗ് വെളിപ്പെടുത്തുന്നു. സ്വയം ചികിത്സിക്കാൻ കണ്ടെത്തിയ മാർഗമായിരുന്നു ലഹരി. ഹോളണ്ടിൽ വച്ചാണ് അമിതമായ ലഹരി ഉപയോഗത്തെത്തുടർന്ന് ആശുപത്രിയിലായത്. ബോധം തെളിഞ്ഞ് കണ്ണു തുറന്ന് അച്ഛനെ കണ്ട നിമിഷത്തെ, ജീവിതത്തിൽ ഏറ്റവും നാണക്കേട് തോന്നിയ സമയമായി അദ്ദേഹം രേഖപ്പെടുത്തുന്നു.

പിന്നീട് ഇറ്റലിയിൽ വച്ചും സമാന സാഹചര്യത്തിൽ ബോർഗ് ആശുപത്രിയിലായി. ആത്മഹത്യാ ശ്രമമായിരുന്നു അതെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും, അതല്ല ലഹരി കൂടിപ്പോയതാണെന്ന് ബോർഗ്.

നിഗൂഢതകളുടെ ചുരുളഴിച്ച് ബ്യോൺ ബോർഗിന്‍റെ പുസ്തകം | Bjorn Borg memoir book review

ബ്യോൺ ബോർഗ് എഴുതിയ ഓർമക്കുറിപ്പുകളുടെ പുസ്തകരൂപം, ഹാർട്ട്ബീറ്റ്സ്.

''ലഹരിയുടെ വഴി തെരഞ്ഞെടുത്തത് മണ്ടൻ തീരുമാനമായിരുന്നു. അതു നിങ്ങളെ ശരിക്കും നശിപ്പിക്കും. ടെന്നിസിൽ നിന്നും ജീവിതത്തിൽ നിന്നും രക്ഷപെട്ടതിന്‍റെ സന്തോഷത്തിലായിരുന്നു ഞാൻ. പക്ഷേ, എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. നേർവഴി കാട്ടിത്താരനും ആരുമുണ്ടായില്ല''- പാഴാക്കിക്കളഞ്ഞ യൗവനത്തെക്കുറിച്ചുള്ള നഷ്ടബോധം ബോർഗിന്‍റെ വാക്കുകളിൽ നിറയുന്നു.

യുഎസ് ഓപ്പണിനിടെ വധഭീഷണി നേരിട്ടതും, തോക്കിൻമുനയിൽ കവർച്ച ചെയ്യപ്പെട്ടതും, കാണികളുടെ നാണയമേറ് കാരണം റോമിൽ കളിക്കാതായതുമെല്ലാം ഓർമക്കുറിപ്പുകളിൽ ഇടംപിടിക്കുന്നു. യാസർ അരാഫത്തും നെൽസൺ മണ്ഡേലയും മുതൽ ഡോണൾഡ് ട്രംപ് വരെയുള്ള നേതാക്കൾ പരാമർശിക്കപ്പെട്ടുപോകുന്നു.

ഇത്രയും കാലത്തിനു ശേഷമാണ് അനുഭവിച്ചതെല്ലാം പുറത്തുപറയാൻ സാധിക്കുന്നത്. വലിയ ആശ്വാസമുണ്ട്, ഞാനിപ്പോൾ സന്തോഷവാനാണ്, എനിക്കിനി രഹസ്യങ്ങളൊന്നുമില്ല- ബോർഗ് പറഞ്ഞുനിർത്തുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com