മൈതാനം വിട്ട ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി

കഴിഞ്ഞ ജൂണില്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനും ബ്ലാസ്റ്റേഴ്സിന്‍റെ അപ്പീല്‍ തള്ളിയിരുന്നു.
മൈതാനം വിട്ട ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി

കൊച്ചി: കഴിഞ്ഞ സീസണില്‍ ബെംഗളൂരു എഫ്സിക്കെതിരായ ഐഎസ്എല്‍ പ്ലേഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ടതില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി. നാല് കോടി രൂപ പിഴ വിധിച്ചതിനെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്‍റെ അപ്പീല്‍ സ്വിറ്റ്സര്‍ലാന്‍ഡിലെ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട് തള്ളി.

ക്ലബ്ബിനെതിരെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ച ശിക്ഷ ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് മഞ്ഞപ്പട സിഎഎസിനെ സമീപിച്ചിരുന്നത്. എന്നാല്‍ ഈ അപ്പീല്‍ തള്ളുകയായിരുന്നു. മാത്രമല്ല അപ്പീല്‍ നല്‍കാനായി ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ചെലവായ തുക ബ്ലാസ്റ്റേഴ്സ് നല്‍കണമെന്നും ഉത്തരവിലുണ്ട്. ഇതോടെ സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിട്ടിരിക്കുകയാണ് കേരള ക്ലബ്.

കഴിഞ്ഞ ജൂണില്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനും ബ്ലാസ്റ്റേഴ്സിന്‍റെ അപ്പീല്‍ തള്ളിയിരുന്നു. നാലു കോടി പിഴത്തുകയില്‍ കുറവ് വരുത്തണമെന്ന ബ്ലാസ്റ്റേഴ്സിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് ഫെഡറേഷന്‍റെ അപ്പീല്‍ കമ്മിറ്റി വ്യക്തമാക്കിയത്. കോച്ച് ഇവാന്‍ വുകൊമനോവിച്ചിന്‍റെ അപ്പീലും ഫെഡറേഷന്‍ അംഗീകരിച്ചിരുന്നില്ല.

സംഭവത്തില്‍ ബ്ലാസ്റ്റേഴ്സും വുകമനോവിച്ചും മാപ്പു പറഞ്ഞിരുന്നെങ്കിലും ഇതൊന്നും പിഴയടയ്ക്കല്‍ നടപടിയില്‍ നിന്ന് രക്ഷ നേടാന്‍ സഹായിച്ചില്ല. കളിക്കളത്തില്‍നിന്ന് താരങ്ങളെ തിരികെ വിളിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകൊമനോവിച്ചിന് 10 മത്സരങ്ങളില്‍ വിലക്കും 5 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ വിധിച്ചത്. ടീമിന്‍റെ ഡ്രസിങ് റൂമില്‍ വരെ പ്രവേശന വിലക്ക് ബാധകമായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com