

കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മാനവ് സുതാർ
കൊളംബോ: ശ്രീലങ്കയ്ക്കെതിരേ ഓഗസ്റ്റ് 15ന് ഗലെയിൽ ആരംഭിക്കാനിരിക്കുന്ന ആദ‍്യ ടെസ്റ്റ് മത്സരത്തിൽ മൂന്ന് ഇടങ്കയ്യൻ സ്പിന്നർമാർക്ക് അവസരം നൽകുമെന്ന് ഇന്ത‍്യൻ ടീം ബൗളിങ് കോച്ച് മോർണി മോർക്കൽ. കുൽദീപ് യാദവ്, മാനവ് സുതാർ, രവീന്ദ്ര ജഡേജ എന്നിവർ വൈവിധ‍്യമുള്ളവരാണെന്നും വിക്കെറ്റെടുക്കാൻ കഴിവുള്ളവരാണെന്നും മോർക്കൽ പറഞ്ഞു.
കുൽദീപ് തന്‍റെ റിസ്റ്റ് സ്പിന്നിലൂടെ മാന്ത്രികത കാണിക്കുമ്പോൾ ജഡേജ സ്ഥിരതകൊണ്ട് മികച്ച താരങ്ങളെ പോലും പ്രതിരോധത്തിലാക്കുന്നു. എന്നാൽ മാനവ് സുതാറാകട്ടെ ക്ലാസിക്കൽ ഇടങ്കയ്യൻ സ്പിന്നിന്‍റെ കാലത്തേക്കുള്ള ഒരു തിരിച്ചുപോക്കാണ്.
ആക്രമണോത്സുകമായി പന്തെറിയുന്ന താരമാണ് കുൽദീപ്. അദ്ദേഹത്തിന്‍റെ പരിചയസമ്പത്തും ക്ലാസും ഞങ്ങൾക്ക് മറികടക്കാനാകില്ല. അവരെല്ലാവരും അവരുടെതായ രീതിയിൽ വ‍്യത‍്യസ്തരാണെന്ന് ഞാൻ കരുതുന്നു. മോർക്കൽ മാധ‍്യമങ്ങളോട് പറഞ്ഞു. മൂന്ന് ഇടങ്കയ്യൻ താരങ്ങളെ കളിപ്പിക്കുന്നതിൽ തങ്ങൾക്ക് വലിയ ആശങ്കയില്ലെന്നും മോർക്കൽ വ‍്യക്തമാക്കി. ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ മൂവരെയും എങ്ങനെ ഉപയോഗിക്കുന്നുവെന്നതാണ് പ്രധാനം.
ഞങ്ങൾക്കു വേണ്ടി 20 വിക്കറ്റുകൾ വീഴ്ത്താനുള്ള കഴിവ് അവർക്കുണ്ട്. ടീമിന്‍റെ സ്പിൻ നിര ആക്രമണോത്സുകമായി കളിക്കാനുള്ള അവസരമാണ് നൽകിയതെന്നും ഗലെയിലെ പിച്ച് സ്പിന്നർമാരെ പിന്തുണച്ചേക്കാമെന്നും മോർക്കൽ കൂട്ടിച്ചേർത്തു.
ഞങ്ങൾക്ക് അനുകൂലമായി മത്സരം വരാൻ വേണ്ടി തയാറെടുത്തതായും ഇത്തരം സാഹചര‍്യങ്ങളിലെ മാനസിക വെല്ലുവിളി, ബാറ്റിങ് സമയം, ബൗളിങ് സ്പെൽ എന്നിവയെ പറ്റിയും മോർക്കൽ വിശദീകരിച്ചു. പ്രസിദ്ധും ഗുർനൂർ ബ്രാറും ഒരുപാട് മത്സരങ്ങൾ സ്വന്തം മണ്ണിലും കഠിനമായ ബൗളിങ് സാഹചര‍്യങ്ങളിലും കളിച്ചിട്ടുണ്ടെന്നും ഇവിടത്തെ വലിയ വെല്ലുവിളി ചൂടും ഈർപ്പവുമാണെന്നും മോർക്കൽ പറഞ്ഞു.
കുക്കാബുറ പന്ത് അൽപ്പം ഉപയോഗിച്ച് കഴിയുമ്പോൾ മൃദുവാകും. പിന്നീട് നമുക്ക് സമ്മർദം ചെലുത്താം. ഇതെല്ലാം നിങ്ങളുടെ ചിന്താഗതിയാണ്. നിങ്ങൾ ഒരു പേസറാണെങ്കിൽ നിങ്ങൾക്കറിയാം 20-35 ഓവർ കഴിഞ്ഞാൽ പന്ത് മൃദുവാകുമെന്ന്. അപ്പോൾ അടുത്ത ഘട്ടം എന്തായിരിക്കും? ക്രീസിലേക്ക് പന്തെറിയുമോ അതോ ബൗൺസർ പ്രയോഗിക്കുമോ? ഇത്തരം സാഹചര‍്യങ്ങൾ നിങ്ങൾക്കറിയാം. നമ്മൾക്ക് വളരെ വേഗത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റണം. പിന്നെ വളരെയധികം ഊർജത്തോടെ അത് നടപ്പിലാക്കുകയും വേണം. മോർക്കൽ പറഞ്ഞു.