ഉയിർത്തെഴുന്നേൽപ്പിന്‍റെ പ്രതീക്ഷയിൽ ബ്രസീലിയൻ ഫുട്ബോൾ

ഇംഗ്ലണ്ടിനെ സൗഹൃദ മത്സരത്തില്‍ തോല്‍പ്പിച്ചു, ഗോള്‍ നേടിയത് 17കാരന്‍ എന്‍ഡ്രിക്ക്
ഗോൾ നേടിയ എൻഡ്രിക്കെയെ സഹതാരം വിനീഷ്യസ് അഭിനന്ദിക്കാനടുക്കുന്നു.
ഗോൾ നേടിയ എൻഡ്രിക്കെയെ സഹതാരം വിനീഷ്യസ് അഭിനന്ദിക്കാനടുക്കുന്നു.

ലണ്ടന്‍: സമീപകാലത്ത് നേരിട്ട പരാജയങ്ങള്‍ മറക്കാന്‍ ലോകഫുട്‌ബോളില്‍ മുടിചടാ മന്നന്മാരായിരുന്ന ബ്രസീലിന് ഇതാ ഒരു ജയം. ഫോമിന്‍റെ പരകോടിയില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ചെന്ന് ബ്രസില്‍ പരാജയപ്പെടുത്തി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്രസീലിന്‍റെ വിജയം. വിജയഗോള്‍ നേടിയതാകട്ടെ, ഭാവിയിലേക്ക് ബ്രസീലിന്‍റെ കരുതലാകുന്ന താരം 17കാരനായ എന്‍ഡ്രിക്ക്. സൗഹൃദ പോരാട്ടത്തിലാണ് ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ബ്രസീല്‍ കീഴടക്കിയത്. 71-ാം മിനിറ്റില്‍ റോഡ്രിഗോയ്ക്ക് പകരക്കാരനായി ഇറങ്ങി ഒമ്പതു മിനിറ്റുകള്‍ക്കു ശേഷം 80-ാം മിനിറ്റില്‍ പതിനേഴുകാരന്‍ എന്‍ഡ്രിക്ക് സ്‌കോര്‍ ചെയ്തു. ഗോള്‍ നേട്ടത്തോടെ, വെംബ്ലിയിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ ഗോള്‍ സ്‌കോററായി എന്‍ഡ്രിക്ക് മാറി.

1994ല്‍ റൊണാള്‍ഡോക്ക് ശേഷം ബ്രസീല്‍ കുപ്പായത്തില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ് എന്‍ഡ്രിക്. ഗോള്‍ പിറക്കുന്നതിനു മുമ്പ് അതിമനോഹര അവസരം എന്‍ഡ്രിക്ക് നഷ്ടപ്പെടുത്തിയിരുന്നു.എണ്‍പതാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ തൊടുത്ത ഷോട്ട് ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡ് തടുത്തിട്ടതിന് പിന്നാലെ ലഭിച്ച റീബൗണ്ടിലാണ് എന്‍ഡ്രിക്കിന്‍റെ ഗോള്‍ വന്നത്.

ബ്രസീലിയന്‍ ക്ലബ് പാല്‍മിറസില്‍ നിന്ന് ഈ സീസണില്‍ റയല്‍ മാഡ്രിഡിലെത്താന്‍ പോകുന്ന താരമാണ് എന്‍ഡ്രിക്ക്. 18 വയസാകാന്‍ നോക്കിയിരിക്കുകയാണ് എന്‍ഡ്രിക്ക് റയലിനായി കളത്തിലിറങ്ങാന്‍. 17 വര്‍ഷവും 246 ദിവസവുമാണ് എന്‍ഡ്രിക്കിന്‍റെ പ്രായം. ബ്രസീലിയന്‍ ലീഗില്‍ പാല്‍മിറസിനെ ഒന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ എന്‍ഡ്രിക്കിന്‍റെ പ്രകടനം നിര്‍ണായകമായിരുന്നു.

അടുത്ത സൗഹൃദപ്പോരാട്ടത്തില്‍ ബ്രസീല്‍ സ്‌പെയിനുമായി മാറ്റുരയ്ക്കും. ഇതിലും വിജയിച്ച് പ്രതാപം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് ഡോറിവല്‍ ജൂനിയര്‍ പരിശീലിപ്പിക്കുന്ന ബ്രസീല്‍ ടീം. പരിശീലകക്കുപ്പായത്തില്‍ ഡോറിവല്‍ ജൂനിയര്‍ ചുമതലയേറ്റ ശേഷം ബ്രസീല്‍ കളത്തിലിറങ്ങിയ ആദ്യ മത്സരമായിരുന്നു ഇത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com