
ഡിവാൾഡ് ബ്രീവിസ്.
ഡാർവിൻ: ദക്ഷിണാഫ്രിക്കയുടെയും ചെന്നൈ സൂപ്പർ കിങ്സിന്‍റെയും യുവ ബാറ്റർ ഡിവാൾഡ് ബ്രീവിസിന് 41 പന്തിൽ സെഞ്ചുറി. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്ക 57/3 എന്ന നിലയിൽ പതറുമ്പോൾ ക്രീസിലെത്തിയ ബ്രീവിസ് ഏറെക്കുറെ ഒറ്റയ്ക്ക് ടീമിനെ 20 ഓവറിൽ 218/7 വരെയെത്തിച്ചു. ഓസ്ട്രേലിയ 165 റൺസിന് ഓൾഔട്ടായതോടെ ദക്ഷിണാഫ്രിക്ക 53 റൺസിന്‍റെ ജയവും കുറിച്ചു.
31 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്സ് ആണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാമത്തെ ഉയർന്ന സ്കോറർ. സ്റ്റബ്സും ബ്രീവിസും ഒരുമിച്ച 126 റൺസ് കൂട്ടുകെട്ടാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. 56 പന്തിൽ 12 ഫോറും എട്ട് സിക്സറും സഹിതം 125 റൺസെടുത്ത ബ്രീവിസ് പുറത്താകാതെ നിന്നു.
ക്യാപ്റ്റൻ എയ്ഡൻ മാർക്രം (18), വിക്കറ്റ് കീപ്പർ-ഓപ്പണർ റിയാൻ റിക്കിൾട്ടൺ (14), കൗമാരതാരം ലുവാൻ-ഡ്രെ പ്രിട്ടോറിയസ് (10) എന്നിവർ പുറത്തായ ശേഷമായിരുന്നു ബ്രീവിസിന്‍റെ വെടിക്കെട്ട്.
ഓസ്ട്രേലിയക്കു വേണ്ടി ഗ്ലെൻ മാക്സ്‌വെൽ, ബെൻ ഡ്വാർഷ്യൂസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജോഷ് ഹേസൽവുഡിനും ആഡം സാംപയ്ക്കും ഓരോ വിക്കറ്റ്. 24 പന്തിൽ 50 റൺസെടുത്ത ടിം ഡേവിഡാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ക്വേന മഫാകയും കോർബിൻ ബോഷും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ മത്സരം ജയിച്ച ഓസ്ട്രേലിയയെ ഇതോടെ ദക്ഷിണാഫ്രിക്ക 1-1ന് ഒപ്പം പിടിച്ചിരിക്കുകയാണ്.