സിംബാബ്‌വെ ക്രിക്കറ്റിലെ പുത്തൻ താരോദയം

സിംബാബ്‌വെൻ ക്രിക്കറ്റിൽ ഇന്ന് ഏറെ പ്രതീക്ഷ നൽകുന്ന താരമാണ് ബ്രയാൻ ബെന്നറ്റ്
brian bennett a new star in making? zimbabwe cricket

ബ്രയൻ ബെന്നറ്റ്

Updated on

കഴിഞ്ഞ ദിവസം നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ‌ ശ്രീലങ്കയെ അട്ടിമറിച്ച് സിംബാബ്‌വെ ജയം സ്വന്തമാക്കിയത് വലിയ വാർത്തയായിരുന്നു. എല്ലാ മാധ‍്യമങ്ങളും സിംബാബ്‌വെയുടെ ജയം വലിയ രീതിയിൽ കൊട്ടിഘോഷിച്ചു. എന്നാൽ, അത് വെറുമൊരു ജയം മാത്രമായിരുന്നില്ല. വർഷങ്ങളായി വഴിയൊതുങ്ങിയ ഒരു രാജ‍്യത്തിന്‍റെ തിരിച്ചുവരവിന്‍റെ സൂചനയാണ്.

ഒരു കാലത്ത് പ്രതിഭാ ധാരാളിത്തമുള്ളൊരു ടീമായിരുന്നു സിംബാബ്‌വെ. ആൻഡി ഫ്ലവർ, ഗ്രാൻഡ് ഫ്ലവർ, തതേന്ദു തയ്ബു, ഹീത് സ്ട്രീക്ക്, ആൻഡി ബ്ലിഗ്നോട്ട്, മറെ ഗുഡ്‌വിൻ, നീൽ ജോൺസൺ, ഹെൻറി ഒലോംഗ എന്നിവർ അതിൽ ഉദാഹരണം മാത്രം. അത്തരത്തിൽ ഇന്ന് സിംബാബ്‌വെ ക്രിക്കറ്റിൽ പ്രതീക്ഷ നൽകുന്ന താരമാണ് ബ്രയൻ ബെന്നറ്റ്.

brian bennett a new star in making? zimbabwe cricket

സിംബാബ്‌വെ ക്രിക്കറ്റിന്‍റെ തുടക്കം

1980 ഏപ്രിൽ 18നാണ് സിംബാബ്‌വെയെ അസോസിയേറ്റ് രാജ‍്യമായി ഐസിസി അംഗീകരിക്കുന്നത്. പിന്നീട് 1983 ലോകകപ്പിൽ 6 മത്സരങ്ങൾ കളിച്ചെങ്കിലും 5 എണ്ണത്തിലും നിരാശയായിരുന്നു ഫലം. എന്നാൽ, ഓസീസിനെതിരേയായിരുന്നു ആ ലോകകപ്പിലെ സിംബാബ്‌വെയുടെ ആദ‍്യ ജയം. തുടർന്ന് 1987ലും 1992 ലോകകപ്പിലും സിംബാബ്‌വെ വിവിധ ടീമുകളുമായി ഏറ്റുമുട്ടി. 1987 ലോകകപ്പിൽ ഒരു മത്സരം പോലും ടീമിന് വിജയിക്കാനായിരുന്നില്ല.

1992 ലോകകപ്പിലും മറ്റൊന്നായിരുന്നില്ല ഫലം. ഇംഗ്ലണ്ടിനെതിരേ മാത്രമായിരുന്നു സിംബാബ്‌വെയ്ക്ക് വിജയിക്കാനായത്. അത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ വലിയ അട്ടിമറിയായാണ് കണക്കാകപ്പെടുന്നത്. 1992ൽ ഐസിസി സിംബാബ്‌വെയ്ക്ക് ടെസ്റ്റ് പദവി നൽകി. എന്നാൽ ആദ‍്യ 30 മത്സരങ്ങളിൽ സിംബാബ്‌വെയ്ക്ക് കാര‍്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. മോശം പ്രകടനമായിരുന്നു ടീം കാഴ്ചവച്ചിരുന്നത്. സ്വന്തം നാട്ടിൽ പാക്കിസ്ഥാനെതിരേ നേടിയ വിജയം മാത്രമാണ് ടീമിന് നേട്ടം എന്ന് പറയാനുണ്ടായിരുന്നത്. ഗ്രാന്‍റ് ഫ്ലവറിന്‍റെ ഇരട്ട സെഞ്ചുറിയും ഹീത് സ്ട്രീക്ക് നേടിയ 9 വിക്കറ്റുകളുമായിരുന്നു ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

1983ലെ സിംബാബ്‌വെ ടീം

1983ലെ സിംബാബ്‌വെ ടീം

സിംബാബ്‌വെയുടെ പ്രതാപ കാലം

1997- 2002 വരെയുള്ള കാലഘട്ടത്തിൽ സിംബാബ്‌വെ ടീമിൽ‌ മികച്ച താരനിരയാണുണ്ടായിരുന്നത്. 1998ൽ പാക്കിസ്ഥാനെതിരേയും ഹരാരെയിൽ നടന്ന ടെസ്റ്റിൽ ഇന്ത‍്യക്കെതിരേയും സിംബാബ്‌വെ വിജയിച്ചു. 1999 ലോകകപ്പിലായിരുന്നു ടീമിന്‍റെ ഏറ്റവും മികച്ച പ്രകടനം കാണാൻ സാധിച്ചത്.

ലോകകപ്പിന്‍റെ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത‍്യയെയും ദക്ഷിണാഫ്രിക്കയെയും സിംബാബ്‌വേ പരാജയപ്പെടുത്തി. ഈയൊരു കാലഘട്ടത്തിൽ ഓസീസ് ഒഴികെയുള്ള എല്ലാ ടെസ്റ്റ് കളിക്കുന്ന രാജ‍്യങ്ങൾക്കെതിരേയും വിജയിക്കാൻ സിംബാബ്‌വെയ്ക്ക് കഴിഞ്ഞിരുന്നു. സ്വന്തം നാട്ടിൽ 1997ൽ ഇംഗ്ലണ്ടിനെതിരേ 3-0ന് സിംബാബ്‌വെ വിജയിച്ചത് ക്രിക്കറ്റ് ആരാധകർ മറക്കാനിടയില്ല.

1997ൽ ഇംഗ്ലണ്ടിനെതിരേ വിജയം നേടിയ സിംബാബ്‌വെ ടീം

1997ൽ ഇംഗ്ലണ്ടിനെതിരേ വിജയം നേടിയ സിംബാബ്‌വെ ടീം

തകർച്ചയ്ക്ക് തുടക്കം

2003 മുതലാണ് സിംബാബ്‌വെൻ ക്രിക്കറ്റിന്‍റെ തകർച്ച ആരംഭിച്ചത്. രാജ‍്യത്തുണ്ടായ വംശീയ വിവേചനവും ഇതേത്തുടർന്ന് സിംബാബ്‌വെൻ ക്രിക്കറ്റിനെ നിയന്ത്രിക്കാൻ സർക്കാരുകൾ ശ്രമിച്ചതും ടീമിന്‍റെ തകർച്ചയ്ക്ക് കാരണമായെന്നു വേണം മനസിലാക്കാൻ. 2003 ലോകകപ്പിൽ സിംബാബ്‌വെൻ താരങ്ങളായ ഹീത്ത് സ്ട്രീക്കും ഹെൻറി ഒലോംഗയും കറുപ്പ് നിറത്തിലുള്ള ആം ബാൻഡ് ധരിച്ച് പ്രതിഷേധിച്ചിരുന്നു.

എന്നാൽ ഇരുവരെയും ടീമിൽ നിന്നും പുറത്താക്കുകയാണ് സിംബാബ്‌വെൻ ക്രിക്കറ്റ് ബോർഡ് ചെയ്തത്. സിംബാബ്‌വെ ക്രിക്കറ്റിനു മേൽ സർക്കാർ ഇടപെടൽ നടത്തിയതിനെത്തുടർന്ന് 14 താരങ്ങൾ ടീം വിട്ടിരുന്നു. പിന്നീട് 2006ൽ സിംബാബ്‌വെയുടെ ഫസ്റ്റ് ക്ലാസ് ടൂർണമെന്‍റായ ലോഗൻ കപ്പ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. രാജ‍്യത്തിന്‍റെ സാമ്പത്തിക തകർച്ച മൂലം താരങ്ങൾക്ക് ശമ്പളം ലഭിക്കാത്ത സ്ഥിതിവരെയെത്തി കാര‍്യങ്ങൾ.

ദീർഘ കാലത്തെത്തകർച്ചയ്ക്കു ശേഷം പിന്നീട് 2011 ഓഗസ്റ്റ് നാലിൽ സിംബാബ്‌വെയ്ക്ക് സ്പോൺസർഷിപ്പ് വാഗ്ദാനം ചെയ്ത് പ്രമുഖ സ്പോർട്സ്വെയർ നിർമാതാക്കളായ റീബോക്ക് രംഗത്തെത്തി. 1 മില്യൻ യുഎസ് ഡോളറായിരുന്നു റീബോക്ക് പ്രഖ‍്യാപിച്ചത്. മൂന്നു വർഷത്തേക്കായിരുന്നു കരാർ. പിന്നീട് 2014 വരെ ഭംഗിയായി കാര‍്യങ്ങൾ നീങ്ങിയെങ്കിലും 2014 ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ സിംബാബ്‌വെ പുറത്തായി.

2017ൽ ശ്രീലങ്കക്കെതിരേ നടന്ന ഹോം പരമ്പരയിൽ സിംബാബ്‌വെ വിജയം നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. 3-2നായിരുന്നു ടീമിന്‍റെ വിജയം. എന്നാൽ 2019ൽ സർക്കാരിന്‍റെ ഇടപെടൽ വർധിച്ചതിന്‍റെ അടിസ്ഥാനത്തിൽ സിംബാബ്‌വെയെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഐസിസി സസ്പെൻഡ് ചെയ്തത് ടീമിന് വലിയ തിരിച്ചടിയായി.

ബ്രയൻ ബെന്നറ്റ് എന്ന പ്രതിഭ

ആൻഡി ഫ്ലവറും തയ്ബുവും കാണിച്ച വഴിയേ സമീപകാലങ്ങളിൽ മികച്ച താരങ്ങൾ സിംബാബ്‌വെ ക്രിക്കറ്റിൽ ഉയർന്നുവന്നിട്ടുണ്ട്. ക്രൈയ്ഗ് ഇർവിൻ‌, ഷോൺ വില‍്യംസ്, ഹാമിൾടൺ മസകഡ്സ എന്നിങ്ങനെ നീളുന്നു ആ ലിസ്റ്റ്. അത്തരത്തിൽ ഇന്ന് സിംബാബ്‌വെ ക്രിക്കറ്റിൽ ഏറെ പ്രതീക്ഷ നൽകുന്ന താരങ്ങളിലൊരാളാണ് 22 കാരനായ ബ്രയൻ ബെന്നറ്റ്.

2023ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ബെന്നറ്റ് 11 ടെസ്റ്റ് മത്സരങ്ങളും 11 ഏകദിനങ്ങളും 50 ടി20 മത്സരങ്ങളും സിംബാബ്‌വെയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്. മൂന്നു ഫോർമാറ്റിലും സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ആക്രമണോത്സുക ബാറ്റിങ്ങിന്‍റെ സിംബാബ്‌വെൻ കരുത്ത്, എന്നിങ്ങനെ വിശേഷണങ്ങൾ അനവധിയുള്ള താരം അണ്ടർ‌-19 ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തിനു പിന്നാലെയാണ് ദേശീയ ടീമിലേക്ക് കടന്നു വരുന്നത്.

273 റൺസ് നേടി അണ്ടർ 19 ലോകകപ്പിലെ ടോപ് സ്കോററായിരുന്നു ബെന്നറ്റ്. ഇംഗ്ലണ്ടിനെതിരേ ഇംഗ്ലണ്ടിൽ സെഞ്ചുറി നേടുന്നതോടെയാണ് ബെന്നറ്റ് ലോക ശ്രദ്ധ നേടുന്നത്. നിലവിൽ 2025ൽ 22 ഇന്നിങ്സുകളിൽ ബാറ്റേന്തിയ ബെന്നറ്റ് 38.36 ശരാശരിയിൽ 844 റൺസ് അടിച്ചെടുത്തിട്ടുണ്ട്. 2026 ടി20 ലോകകപ്പ് മത്സരത്തിൽ നമിബിയക്കെതിരേ ബെന്നറ്റ് നേടിയ 51 റൺസിന്‍റെ ബലത്തിലായിരുന്നു സിംബാബ്‌വെ ലോകകപ്പ് യോഗ‍്യത തേടിയത്. ബെന്നറ്റിന്‍റെ തോളിലൂടെ സിംബാബ്‌വെൻ ടീം പ്രതാപ കാലത്തിലേക്ക് തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം.

brian bennett

brian bennett

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com