

ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ
File
ഗോഹട്ടി: അടുത്ത വർഷത്തെ ടി20 ലോകകപ്പിന് മുൻഗണന നൽകുന്നതിനാൽ, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ നവംബർ 30ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കാൻ സാധ്യതയില്ല. താരം തത്കാലം ഏറ്റവും ചെറിയ ഫോർമാറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ക്വാഡ്രിസെപ്സ് പരിക്ക് മൂലം വിശ്രമത്തിലാണ് പാണ്ഡ്യ.
പ്രധാന പേസർമാരുടെ ജോലിഭാരം ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി, ടീമിന്‍റെ കുന്തമുനയായ ജസ്പ്രീത് ബുംറയും മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ നിന്ന് വിട്ടുനിന്നേക്കും. വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഈ ഏകദിന പരമ്പരയ്ക്ക് വലിയ പ്രാധാന്യം നൽകുന്നില്ല.
കഴിഞ്ഞ സെപ്റ്റംബറിൽ ദുബായിൽ നടന്ന ഏഷ്യാകപ്പ് ടി20 മത്സരത്തിനിടെയാണ് ഹാർദിക്കിന് ക്വാഡ്രിസെപ്‌സിന് പരിക്കേറ്റത്. തുടർന്ന് പാക്കിസ്ഥാൻ എതിരേയുള്ള ഫൈനൽ മത്സരത്തിൽ കളിച്ചിരുന്നില്ല.
'ക്വാഡ്രിസെപ്സ് പരുക്ക് മാറിയ ശേഷം ഹാർദിക് നന്നായി സുഖം പ്രാപിക്കുന്നുണ്ട്. നിലവിൽ അദ്ദേഹം സെന്‍റർ ഓഫ് എക്സലൻസിൽ തന്‍റെ ആർടിപി (കളിയിലേക്ക് മടങ്ങിവരാനുള്ള നടപടിക്രമങ്ങൾ) പരിശീലനത്തിലാണ്. ക്വാഡ്രിസെപ്‌സ് പരിക്കിൽ നിന്ന് മടങ്ങിയെത്തുന്നതിനാൽ അദ്ദേഹത്തിന് ജോലിഭാരം ക്രമേണ വർധിപ്പിക്കേണ്ടതുണ്ട്, ഉടൻ തന്നെ 50 ഓവർ ക്രിക്കറ്റ് കളിക്കുന്നത് അപകടകരമാകും. ടി20 ലോകകപ്പ് വരെ ബിസിസിഐ മെഡിക്കൽ ടീമും ഹാർദിക്കും ടി20 മത്സരങ്ങളിൽ മാത്രമാകും ശ്രദ്ധ കേന്ദ്രീകരിക്കുക,' പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ബിസിസിഐ വൃത്തം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ഹാർദിക് ആദ്യം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബറോഡക്ക് വേണ്ടി കളിച്ച് കായികക്ഷമത തെളിയിക്കുമെന്നും, അതിനുശേഷം മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ദക്ഷിണാഫ്രിക്കക്കും ന്യൂസിലാൻഡിനുമെതിരായ ടി20 പരമ്പരയിൽ കളിക്കുമെന്നുമാണ് സൂചന.
ന്യൂസിലാൻഡിനെതിരേ മൂന്ന് ഏകദിനങ്ങളുണ്ട്. എങ്കിലും ടി20 ലോകകപ്പ് വരെ 50 ഓവർ ക്രിക്കറ്റിന് പരിമിതമായ പ്രാധാന്യമേ ഉള്ളൂ. അടുത്ത ഐപിഎല്ലിന് ശേഷം സീനിയർ കളിക്കാർ 2027 ഏകദിന ലോകകപ്പ് സൈക്കിളിലേക്ക് ശ്രദ്ധ മാറ്റും.