രാഹുലിന്‍റെ തിരിച്ചുവരവ് വൈകും; നാലാം ടെസ്റ്റിൽ ബുംറയും ഇല്ല

രാഹുലിന്‍റെ അഭാവത്തിൽ രജത് പാട്ടീദാറിന് ഒരു അവസരം കൂടി ലഭിച്ചേക്കും. അതല്ലെങ്കിൽ ദേവദത്ത് പടിക്കലിന് മധ്യനിര ബാറ്ററായി ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരമൊരുങ്ങും.
ജസ്പ്രീത് ബുംറയും കെ.എൽ. രാഹുലും.
ജസ്പ്രീത് ബുംറയും കെ.എൽ. രാഹുലും.File photo

മുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. അതേസമയം, രണ്ടാം ടെസ്റ്റിനു ശേഷം ടീമിലേക്കു തിരിച്ചുവരുകയും, പരുക്ക് കാരണം മൂന്നാം ടെസ്റ്റ് നഷ്ടമാകുകയും ചെയ്ത കെ.എൽ. രാഹുൽ നാലാം ടെസ്റ്റിലും കളിക്കില്ലെന്ന് ഉറപ്പായി. കായികക്ഷമത പരിശോധിച്ച ശേഷം മാത്രമായിരിക്കും അഞ്ചാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനിലേക്കും രാഹുലിനെ പരിഗണിക്കുക.

മൂന്നു ടെസ്റ്റുകളിലായി എൺപതിലധികം ഓവറുകൾ എറിഞ്ഞ ബുംറയ്ക്ക്, അധ്വാനഭാരം കണക്കിലെടുത്താണ് വിശ്രമം അനുവദിച്ചിരിക്കുന്നത്. ഐപിഎൽ സീസണും ട്വന്‍റി2-0 ലോകകപ്പും വരാനിരിക്കെ ബുംറയുടെ ശാരീരികക്ഷമത പ്രധാനമാണ്. രണ്ടാം ടെസ്റ്റിനു ശേഷം രഞ്ജി ട്രോഫി കളിക്കാൻ ടീമിൽ നിന്നു റിലീസ് ചെയ്ത മുകേഷ് കുമാറിനെ നാലാം ടെസ്റ്റിനുള്ള ടീമിലേക്കു തിരിച്ചുവിളിച്ചിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ ബംഗാളിനു വേണ്ടി പത്ത് വിക്കറ്റ് പ്രകടനം നടത്തിയതിന്‍റെ ബലത്തിലാണ് മുകേഷിന്‍റെ തിരിച്ചുവരവ്.

റാഞ്ചിയിൽ ഫെബ്രുവരി 23നാണ് നാലാം ടെസ്റ്റ് ആരംഭിക്കുക. അവിടെ ഫസ്റ്റ് ചോയ്സ് പേസ് ബൗളർ മുഹമ്മദ് സിറാജ് ആയിരിക്കുമെന്നുറപ്പാണ്. രണ്ടു പേസ് ബൗളർമാരെ ഉൾപ്പെടുത്താനാണ് തീരുമാനമെങ്കിൽ മുകേഷ് കുമാറിനോ ആകാശ് ദീപിനോ നറുക്ക് വീഴും. ഇംഗ്ലണ്ട് ലയൺസിനെതിരായയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ എ ടീമിനു വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ബൗളറാണ് ആകാശ് ദീപ്. എന്നാൽ, മൂന്ന് ടെസ്റ്റിൽ 17 വിക്കറ്റുമായി ഇന്ത്യൻ ബൗളർമാരിൽ മുന്നിൽ നിൽക്കുന്ന ബുംറയ്ക്കു പകരമാകാൻ ബുദ്ധിമുട്ടായിരിക്കും. രണ്ടാം ടെസ്റ്റിൽ പ്ലെയർ ഓഫ് ദ സീരീസും ബുംറയായിരുന്നു.

സ്പിന്നിനെ സഹായിക്കുന്ന റാഞ്ചിയിലെ വിക്കറ്റിൽ ഒറ്റ പേസ് ബൗളറായി സിറാജിനെ മാത്രം ഉൾപ്പെടുത്തി നാല് സ്പിന്നർമാരെ കളിപ്പിക്കുന്നതും ഇന്ത്യ പരിഗണിച്ചേക്കും. അങ്ങനെ വന്നാൽ, ആർ. അശ്വിൻ - രവീന്ദ്ര ജഡേജ - കുൽദീപ് യാദവ് ത്രയത്തിനൊപ്പം അക്ഷർ പട്ടേൽ ടീമിൽ തിരിച്ചെത്തും.

രാഹുലിന്‍റെ കാര്യത്തിൽ, പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമാണ് കളിക്കാനായത്. ഇന്ത്യ പരാജയപ്പെട്ട ആ മത്സരത്തിൽ ടീമിന്‍റെ ടോപ് സ്കോറർ രാഹുലായിരുന്നു. ആദ്യ ഇന്നിങ്സിൽ 86, രണ്ടാം ഇന്നിങ്സിൽ 22 എന്നിങ്ങനെയായിരുന്നു സ്കോർ. രാഹുലിന്‍റെ തിരിച്ചുവരവ് വൈകുന്ന സാഹചര്യത്തിൽ രജത് പാട്ടീദാറിന് ഒരു അവസരം കൂടി ലഭിച്ചേക്കും. മൂന്നാം ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുകയും രണ്ട് അർധ സെഞ്ചുറികൾ നേടുകയും ചെയ്ത സർഫറാസ് ഖാൻ സ്ഥാനം നിലനിർത്തും. വിക്കറ്റ് കീപ്പർ ധ്രുവ് ജുറലും സ്ഥാനം നിലനിർത്താനാണ് സാധ്യത. ഈ സാഹചര്യത്തിൽ മൂന്നാം ടെസ്റ്റിലെ ബാറ്റിങ് ലൈനപ്പ് നാലാം ടെസ്റ്റിലും അതേ പടി തുടരാനാണ് സാധ്യത. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള ദേവദത്ത് പടിക്കലിനെ മധ്യനിരയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചാൽ മാത്രമായിരിക്കും അതിൽ മാറ്റം വരുക. അങ്ങനെ വന്നാൽ പാട്ടീദാർ പുറത്താകും. വാഷിങ്ടൺ സുന്ദറാണ് പ്ലെയിങ് ഇലവനിൽ അവസരം കിട്ടാനിടയില്ലാതെ ടീമിൽ തുടരുന്ന ഏക താരം.

നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം:

രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്‌മൻ ഗിൽ, രജത് പാട്ടീദാർ, ദേവദത്ത് പടിക്കൽ, സർഫറാസ് ഖാൻ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, മുകേഷ് കുമാർ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com