ബുംറയ്ക്ക് ഐപിഎല്ലിന്‍റെ ആദ്യ ഘട്ടം നഷ്ടമാകും

മാർച്ചിൽ മൂന്ന് മത്സരങ്ങളാണ് മുംബൈ ഇന്ത്യൻസിനു കളിക്കാനുള്ളത്. എന്നാൽ, ഏപ്രിലിൽ ടീമിനൊപ്പം ചേരുന്ന ബുംറ എന്നു മുതൽ കളത്തിലിറങ്ങുമെന്ന് വ്യക്തമല്ല
Jasprit Bumrah to miss first few IPL games

ജസ്പ്രീത് ബുംറ പരിശീലനത്തിനിടെ

File Photo

Updated on

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരുക്കേറ്റ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് ഐപിഎല്ലിന്‍റെ ആദ്യ ഘട്ടം നഷ്ടമാകുമെന്ന് ഉറപ്പായി. ജനുവരിയിൽ നടുവിനേറ്റ പരുക്കിൽ നിന്ന് പൂർണമുക്തനായിട്ടില്ലാത്തതാണ് കാരണം.

ഏപ്രിൽ ആദ്യവാരം ബുംറ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം ചേരുമെന്നാണ് വിവരം. മാർച്ചിൽ മൂന്ന് മത്സരങ്ങളാണ് മുംബൈ ഇന്ത്യൻസിനു കളിക്കാനുള്ളത്. എന്നാൽ, ടീമിനൊപ്പം ചേരുന്ന ബുംറ എന്നു മുതൽ കളത്തിലിറങ്ങുമെന്ന് വ്യക്തമല്ല. ബംഗളൂരുവിലെ ബിസിസിഐ സെന്‍റർ ഒഫ് എക്സലൻസ് അദ്ദേഹത്തിന്‍റെ ശാരീരികക്ഷമത വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനിടെയാണ് ബുംറയ്ക്കു പരുക്കേൽക്കുന്നത്. ചാംപ്യൻസ് ട്രോഫിക്കുള്ള സാധ്യതാ ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, പരുക്ക് ഭേദമാകാത്തതിനാൽ അന്തിമ ടീമിൽ ഉൾപ്പെട്ടിരുന്നില്ല.

മാർച്ച് 23ന് ചെന്നൈ സൂപ്പർ കിങ്സിനെതിരേ ചെന്നൈയിലാണ് സീസണിൽ മുംബൈ ഇന്ത്യൻസിന്‍റെ ആദ്യ മത്സരം. അടുത്ത രണ്ടു മത്സരങ്ങൾ ഗുജറാത്ത് ടൈറ്റൻസിനെതിരേ മാർച്ച് 29നും, കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ മാർച്ച് 31നും. ഇവയും എവേ മത്സരങ്ങൾ തന്നെയാണ്.

2023 മാർച്ചിൽ നടുവിന് ശസ്ത്രക്രിയ നടത്തിയ ശേഷം ഇതേ പരുക്ക് ആദ്യമായാണ് ബുംറയ്ക്ക് ആവർത്തിക്കുന്നത്. അസാധാരണമായ ബൗളിങ് ആക്ഷൻ കാരണമാണ് ബുംറയെ പരുക്കുകൾ വേട്ടയാടുന്നതെന്നാണ് വിലയിരുത്തൽ.

രണ്ടിലധികം ടെസ്റ്റിൽ ബുംറയെ തുടർച്ചയായി കളിപ്പിക്കരുതെന്നാണ് ന്യൂസിലൻഡിന്‍റെ മുൻ ഫാസ്റ്റ് ബൗളർ ഷെയ്ൻ ബോണ്ടിനെപ്പോലുള്ളവർ അഭിപ്രായപ്പെടുന്നത്. മുംബൈ ഇന്ത്യൻസിന്‍റെ പഴയ ബൗളിങ് കോച്ച് കൂടിയാണ് ബോണ്ട്. ശസ്ത്രക്രിയ നടത്തിയ അതേ ഭാഗത്ത് വീണ്ടും പരുക്കേറ്റാൽ ബുംറയുടെ കരിയർ തന്നെ അവസാനിക്കുമെന്നാണ് ബോണ്ടിന്‍റെ മുന്നറിയിപ്പ്.

നിരന്തരം പരുക്കുകൾ വേട്ടയാടിയതു കാരണം അപൂർണമായി അവസാനിച്ച കരിയറായിരുന്നു ബോണ്ടിന്‍റേത്. ടി20 ക്രിക്കറ്റിൽനിന്നു ടെസ്റ്റ് ക്രിക്കറ്റിലേക്കു പെട്ടെന്നുള്ള മാറ്റം ബുറയുടേതു പോലുള്ള പരുക്കുകൾ പെട്ടെന്ന് വഷളാകാൻ കാരണമാകുമെന്നും ബോണ്ട് മുന്നറിയിപ്പ് നൽകിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com