

തൃശൂർ ടൈറ്റൻസ് ടീം
തിരുവനന്തപുരം: 2026 കേരള ക്രിക്കറ്റ് ലീഗിലെ ആദ‍്യ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരേ തൃശൂർ ടൈറ്റൻസിന് ജയം. നിശ്ചിത 20 ഓവറിൽ കാലിക്കറ്റ് അടിച്ചെടുത്ത 138 റൺസ് വിജയലക്ഷ‍്യം 16.5 ഓവറിൽ 7 വിക്കറ്റ് ശേഷിക്കെ തൃശൂർ ടൈറ്റൻസ് മറികടന്നു. തൃശൂർ ടൈറ്റൻസിനു വേണ്ടി 48 പന്തിൽ 5 ബൗണ്ടറിയും 3 സിക്സും അടക്കം 59 റൺസെടുത്ത നിഖിൽ തോട്ടത്ത് ആണ് ടീമിന്‍റെ ടോപ് സ്കോറർ.
നിഖിലിനു പുറമെ യുവതാരം ഷോൺ റോജർ 30 റൺസും അഖിൽ എം.എസ്. 16 പന്തിൽ 27 റൺസും നേടി. കാലിക്കറ്റിനു വേണ്ടി അഖിൻ സത്താർ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ അഖിൽ സ്കറിയ ഒരു വിക്കറ്റ് പിഴുതു. ഇബ്നുൾ അഫ്താബ്, ഹരികൃഷ്ണൻ എം.യു എന്നിവർ മികച്ച രീതിയിൽ പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും വീഴ്ത്താൻ കഴിഞ്ഞില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റൻസിന് തുടക്കത്തിൽ തന്നെ ഓപ്പണിങ് ബാറ്റർ കെ.ആർ. രോഹിതിന്‍റെ (3) വിക്കറ്റ് നഷ്ടമായിരുന്നു. എന്നാൽ അഖിൻ സത്താറിനെ ഉഗ്രൻ ഫ്ലിക്ക് ഷോട്ടിലൂടെ സിക്സർ അടിച്ച് അഹമ്മദ് ഇമ്രാൻ മത്സരം മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
10 റൺസെടുത്ത് താരം കളം വിട്ടു. പിന്നാലെയെത്തിയ ഷോൺ റോജർ മികച്ച രീതിയിൽ തന്നെ ബാറ്റ് ചെയ്തു. ടീം സ്കോർ 62 റൺസിലെത്തിച്ച ശേഷമാണ് താരം മടങ്ങിയത്. അഖിൽ സ്കറിയ എറിഞ്ഞ ഫുൾ ലെങ്ത്ത് ഡെലിവറിയിൽ അബ്ദുൾ ബാസിത്തിന് ക‍്യാച്ച് നൽകിയാണ് മടങ്ങിയത്. നാലാമനായി ബാറ്റിങ്ങിനിറങ്ങിയ നിഖിൽ തോട്ടത്തിനെ പൂട്ടാൻ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് കഴിഞ്ഞില്ല.
വളരെ പതുക്കെയാണ് അദ്ദേഹം ബാറ്റിങ് തുടങ്ങിയതെങ്കിലും അവസാനം വരെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു. 30 റൺസ് പിന്നിട്ടതിനു ശേഷം നിഖിലിന്‍റെ ക‍്യാച്ച് ഗ്ലോബ്സ്റ്റാർസ് താരം കൈവിട്ടതും തിരിച്ചടിയായി. ഒരു പക്ഷേ ആ ക‍്യാച്ച് ഫീൽഡർമാർ എടുത്തിരുന്നുവെങ്കിൽ മത്സരത്തിന്‍റെ ഗതി തന്നെ മാറുമായിരുന്നു. നിഖിലിനെ പിന്തുണച്ച് മറുവശത്ത് അഖിലും എത്തിയതോടെയാണ് കാലിക്കറ്റിനെതിരേ അനായാസ ജയം നേടാൻ തൃശൂർ ടൈറ്റൻസിന് കഴിഞ്ഞത്.
നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത കാലിക്കറ്റ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് അടിച്ചെടുത്തു. 20 പന്തിൽ 2 ബൗണ്ടറിയും 2 സിക്സും അടക്കം 30 റൺസ് അടിച്ചെടുത്ത ക‍്യാപ്റ്റൻ രോഹൻ കുന്നുമ്മലാണ് ഗ്ലോബ്സ്റ്റാറിന്‍റെ ടോപ് സ്കോറർ. രോഹനു പുറമെ കൃഷ്ണദേവൻ (15 പന്തിൽ 27), അരവിന്ദ് കെ.എസ് (28 പന്തിൽ 26) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിന്‍റെ ഓപ്പണിങ് ബാറ്റർ വരുൺ നയനാരിനെ (0 ) ആദ‍്യ ഓവറിലെ രണ്ടാം പന്തിൽ പുറത്താക്കികൊണ്ട് ആനന്ദ് ജോസഫ് തൃശൂർ ടൈറ്റൻസിന് മികച്ച തുടക്കം നൽകി. ഇതിനു പിന്നാലെ രോഹനെയും അരവിന്ദ് കെഎസിനെയും ബിജു നാരായണൻ പുറത്താക്കിയതോടെ ടീം പ്രതിരോധത്തിലായി.
മൂന്നാമനായെത്തിയ അരവിന്ദ് ടി20 ഫോർമാറ്റിന് അനുയോജ‍്യമായ ശൈലിയിലല്ല ബാറ്റുവീശിയത്. 28 പന്തുകൾ വേണ്ടി വന്നു താരത്തിന് 26 റൺസ് അടിച്ചെടുക്കാൻ. ടീമിനെ മുന്നോട്ടുകൊണ്ടുപോകാനും താരത്തിന് കഴിഞ്ഞില്ല. ബിജു നാരായണൻ എറിഞ്ഞ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു. ഓൾറൗണ്ടർ അഖിൽ സ്കറിയ( 9), അശ്വിൻ ആനന്ദ് (2), സൽമാൻ നിസാർ (13) എന്നീ താരങ്ങൾ നിരാശപ്പെടുത്തി.
ഒടുവിൽ വമ്പൻ അടിക്കാരൻ കൃഷ്ണദേവനാണ് 15 പന്തിൽ നിന്നും 180 സ്ട്രൈക്ക് റേറ്റിൽ ബാറ്റേന്തി 27 റൺസെടുത്ത് ടീമിന് അൽപ്പമെങ്കിലും ആത്മവിശ്വാസം നൽകിയത്. പക്ഷേ 16.6 ഓവറിൽ കൃഷ്ണദേവനെ മടക്കി അയച്ച് ആസിഫ് സലാം ഗംഭീര തിരിച്ചുവരവ് നടത്തി. അബ്ദുൾ ബാസിത് 20 പന്തിൽ നിന്നും 18 റൺസ് നേടി പുറത്തായി. തൃശൂർ ടൈറ്റൻസിനു വേണ്ടി ആനന്ദ് ജോസഫും ബിജു നാരായണനും രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ആസിഫ് സലാം, ആദിത‍്യ വിനോദ്, അഖിൽ എംഎസ്, മുഹമ്മദ് ഇനാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.