വനിതാ ക്രിക്കറ്റ് ടീമിലും ക്യാപ്റ്റൻസി മാറ്റത്തിന്‍റെ സൂചന

അയർലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഹർമൻപ്രീത് കൗർ, രേണുക സിങ്, അരുന്ധതി റെഡ്ഡി, ഷഫാലി വർമ തുടങ്ങിയ പ്രമുഖർക്ക് ഇടമില്ല, മിന്നു മണി ടീമിൽ തുടരും
Harmanpreet Kaur, Smriti Mandhana
ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥനFile photo
Updated on

ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീമിനു പിന്നാലെ വനിതാ ടീമിലും ക്യാപ്റ്റൻസി മാറ്റത്തിന്‍റെ സൂചനകൾ ഉയരുന്നു. ഏറ്റവും മികച്ച സ്ട്രോക്ക് മേക്കർമാരിൽ ഒരാളാണെങ്കിലും ബാറ്റർ എന്ന നിലയിൽ സ്ഥിരത പുലർത്താൻ ഹർമൻപ്രീത് കൗറിനു സാധിക്കുന്നില്ല. ഒപ്പം, വലിയ ടീമുകളെ നേരിടുമ്പോൾ, ജയ സാധ്യതയുള്ള മത്സരങ്ങളിൽപ്പോലും സമ്മർദം താങ്ങാനാവാതെ തോൽവി വിളിച്ചുവരുത്തുന്നത് ഇപ്പോഴത്തെ ഇന്ത്യൻ വനിതാ ടീമിന്‍റെ ശീലവുമായിക്കഴിഞ്ഞു. ഐസിസി ടൂർണമെന്‍റുകളിൽ മികവ് പുലർത്താനും ഹർമൻപ്രീതിന്‍റെ ക്യാപ്റ്റൻസിയിൽ ടീമിനു സാധിക്കുന്നില്ല.

ഹർമൻപ്രീതിനു കീഴിൽ ഓസ്ട്രേലിയക്കെതിരായ പരമ്പര നഷ്ടപ്പെടുത്തിയ ഇന്ത്യ വെസ്റ്റിൻഡീസിനെതിരേ പരമ്പര തൂത്തുവാരിയിരുന്നു. എന്നാൽ, ഇതിൽ ചില മത്സരങ്ങളിൽ നിന്നു ഹർമൻപ്രീത് വിട്ടുനിന്നപ്പോൾ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയാണ് ടീമിനെ നയിച്ചത്. വനിതാ ഐപിഎൽ മുതൽ പുലർത്തുന്ന മികവ് ഇന്ത്യൻ ക്യാപ്റ്റൻ എന്ന നിലയിലും സ്മൃതിക്ക് ആവർത്തിക്കാൻ സാധിക്കുന്നുണ്ട്. അതുമാത്രമല്ല, ബാറ്റർ എന്ന നിലയിലും സ്ഥിരമായി മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നുണ്ട്. സ്മൃതിക്കു കീഴിലാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു കന്നി ഡബ്ല്യുപിഎൽ കിരീടം സ്വന്തമാക്കിയതും.

ഇപ്പോൾ, അയർലൻഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഹർമൻപ്രീതിനെ സെലക്റ്റർമാർ ഉൾപ്പെടുത്തിയിട്ടില്ല. സ്മൃതിയെ ക്യാപ്റ്റനായും ഓൾറൗണ്ടർ ദീപ്തി ശർമയെ വൈസ് ക്യാപ്റ്റനായും നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഹർമൻപ്രീതിനും പേസ് ബൗളർ രേണുക സിങ് ഠാക്കൂറിനും വിശ്രമം അനുവദിച്ചു എന്നാണ് ഔദ്യോഗിക ഭാഷ്യം എങ്കിലും, ടീമിന്‍റെയും ക്യാപ്റ്റന്‍റെയും സമീപകാല പ്രകടനങ്ങൾ നൽകുന്ന സൂചന മറ്റൊന്നാണ്.

ടീമിലെ അവിഭാജ്യ ഘടകം എന്നു കരുതപ്പെട്ടിരുന്ന വെടിക്കെട്ട് ഓപ്പണർ ഷഫാലി വർമയെ പോലും പുറത്തുനിർത്തുന്ന സമീപനമാണ് സെലക്റ്റർമാർ സ്വീകരിച്ചിട്ടുള്ളത്. ഏകദിന ക്രിക്കറ്റിൽ ഷഫാലിയുടെ റെക്കോഡ് മോശമായതിനാൽ പുറത്താക്കി എന്നാണ് അനൗപചാരിക വിവരം. എന്നാൽ, ആഭ്യന്തര വനിതാ ക്രിക്കറ്റ് ടൂർണമെന്‍റിൽ 527 റൺസുമായി ടോപ് സ്കോററായിട്ടും ഷഫാലിയെ അയർലൻഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

ടി20 മത്സരങ്ങൾ മികച്ച പ്രകടനവുമായി ഗംഭീര തിരിച്ചുവരവ് നടത്തിയെങ്കിലും, ടീമിലെ ഏറ്റവും മികച്ച ഫീൽഡർ കൂടിയായ ലെഫ്റ്റ് ആം സ്പിന്നർ രാധ യാദവിനെയും ഏകദിന ടീമിലേക്ക് തിരികെ വിളിച്ചിട്ടില്ല. പേസ് ബൗളിങ് ഓൾറൗണ്ടർമാരായ അരുന്ധതി റെഡ്ഡിയും പൂജ വസ്ത്രാകറും വിക്കറ്റ് കീപ്പർ യസ്തിക ഭാട്ടിയയുമാണ് പുറത്ത് തുടരുന്ന മറ്റു പ്രമുഖർ.

അതേസമയം, യുവതാരങ്ങളായ പ്രതീക റാവൽ, രാഘവി ബിസ്റ്റ്, സയാലി സത്ഗരെ, തേജൽ ഹസാബ്നിസ്, തനുജ കൺവർ, കേരള ക്യാപ്റ്റൻ മിന്നു മണി എന്നിവർ ടീമിൽ തുടരുന്നു. ക്യാപ്റ്റൻസി മാറ്റമല്ല, തലമുറ മാറ്റം തന്നെയാണ് സെലക്റ്റർമാർ ഉദ്ദേശിക്കുന്നതെന്നു കരുതിയാലും തെറ്റില്ലെന്ന സൂചനയാണ് ടീം ഘടനയിൽനിന്നു ലഭിക്കുന്നത്.

ടീം ഇങ്ങനെ:

സ്മൃതി മന്ഥന (ക്യാപ്റ്റൻ), ദീപ്തി ശർമ (വൈസ്-ക്യാപ്റ്റൻ), പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ജമീമ റോഡ്രിഗ്സ്, ഉമ ഛേത്രി (വിക്കറ്റ് കീപ്പർ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), തേജൽ ഹസാബ്നിസ്, രാഘവി ബിസ്റ്റ്, മിന്നു മണി, പ്രിയ മിശ്ര, തനുജ കൺവർ, ടിറ്റാസ് സാധു, സൈമ ഠാക്കൂർ, സയാലി സത്ഗരെ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com