
ബാകു (ഇന്തോനേഷ്യ): ചന്ദ്രയാൻ-3 ദൗത്യത്തിന്‍റെ ഭാഗമായ പ്രജ്ഞാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിക്കഴിഞ്ഞു. എന്നാൽ, ഇന്ത്യയുടെ കൗമാര ഗ്രാൻഡ് മാസ്റ്റർ ആർ. പ്രജ്ഞാനന്ദയ്ക്ക് ലോക ചെസ് കിരീടം തൊടാവുന്ന ദൂരത്തെത്തിയിട്ടേയുള്ളൂ.
ക്ലാസിക് ഫോർമാറ്റിൽ കളിക്കുന്ന ആദ്യ രണ്ടു റൗണ്ടും സമനിലയിൽ അവസാനിച്ചതോടെ ടൈബ്രേക്കറിലാണ് ജേതാവിനെ നിശ്ചയിക്കുക. വ്യാഴാഴ്ചയാണ് മത്സരം. ചൊവ്വാഴ്ചത്തെ സമനിലയിൽ തന്നെ ആത്മവിശ്വാസം വർധിപ്പിച്ച പ്രജ്ഞാനന്ദ ബുധനാഴ്ചത്തെ രണ്ടാം റൗണ്ടിലും നിലവിലുള്ള ലോക ചാംപ്യനായ മാഗ്നസ് കാൾസന് ഒപ്പം പിടിച്ചു. ഒന്നര മണിക്കൂർ നീണ്ട മത്സരത്തിൽ, മുപ്പത് നീക്കങ്ങൾക്കൊടുവിൽ ഇരുവരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. പരസ്പരം മന്ത്രിമാരെ വെട്ടിയതോടെയാണ് കളി സമനിലയാകുമെന്ന് ഉറപ്പായത്.
കാൾസന്‍റെ കരുത്തായ ക്ലാസിക് ഫോർമാറ്റ് അതിജീവിക്കാൻ സാധിച്ചതോടെ പ്രജ്ഞാനയ്ക്ക് നേരിയ മുൻതൂക്കം അവകാശപ്പെടാമെന്നായിട്ടുണ്ട്. റാപ്പിഡ് ഫോർമാറ്റിലായിരിക്കും ടൈബ്രേക്കർ. ഈയിനത്തിലാണ് പ്രജ്ഞാനന്ദ മുൻപ് കാൾസനെ തോൽപ്പിച്ചിട്ടുള്ളത്.
ലോക മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനയെ തിങ്കളാഴ്ച സെമിഫൈനലിൽ കീഴടക്കിയതും ടൈബ്രേക്കറിലായിരുന്നു. ബോബി ഫിഷറിനും കാൾസനും ശേഷം കാൻഡിഡേറ്റ്സ് ടൂർണമെന്‍റിനു യോഗ്യത നേടുന്ന പ്രായം കുറഞ്ഞ താരമായും പതിനെട്ടുകാരൻ മാറിയിരുന്നു.