

ശശാങ്ക് സിങ്, വിപേന്ദ്ര സിങ് തോമാർ
ഭോപ്പാൽ: ഐപിഎൽ താരം ശശാങ്ക് സിങ്ങിനും പിതാവ് ശൈലേഷ് സിങ്ങിനുമെതിരേ പൊലീസ് കേസെടുത്തു. താരത്തിന്‍റെ വീട്ടിൽ പാചകത്തിനായി എത്തിയ 31 കാരനായ വിപേന്ദ്ര സിങ്ങ് തോമാറിനെ മർദിക്കുകയും അസഭ‍്യം പറയുകയും നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കുകയും ചെയ്തതിനാണ് ഭോപ്പാൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
ശശാങ്ക് സിങ്ങും കുടുംബവും തന്‍റെ ഫോൺ പിടിച്ചുവച്ചുവെന്നും താരത്തിന്‍റെ വീട്ടിൽ നിന്നും മൂന്ന് ദിവസം കഴിച്ച ഭക്ഷണത്തിന് പണം നൽകേണ്ടി വന്നുവെന്നും വിപേന്ദ്ര സിങ്ങ് പരാതിയിൽ ആരോപിക്കുന്നു.
ഇക്കാര‍്യം വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശശാങ്ക് സിങ്ങും ഡ്രൈവറും ചേർന്നാണ് തന്നെ മർദിച്ചതെന്നാണ് വിപേന്ദ്ര സിങ് പറയുന്നത്. പൊലീസ് നടത്തിയ വൈദ‍്യപരിശോധനയിൽ വിപേന്ദ്ര സിങ്ങിന്‍റെ ശരീരത്തിൽ നിന്നും മുറിവുകളുടെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
തനിക്ക് 15,000 രൂപ മാസ ശമ്പളവും താമസ സൗകര‍്യവും ഭാവിയിൽ സർക്കാർ ജോലിയും വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ ജോലിക്കെത്തി മണക്കൂറുകൾ പിന്നിട്ടപ്പോൾ ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെ ചൊല്ലി അധിക്ഷേപവും മാനസിക സമ്മർദവും നേരിട്ടെന്നും വിപേന്ദ്ര സിങ് പറയുന്നു.
ഇതേത്തുടർന്ന് ജോലി ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത് പ്രതിയെ പ്രകോപിപ്പിച്ചുവെന്നും വിപേന്ദ്ര സിങ് കൂട്ടിച്ചേർത്തു. 'നീ എന്തിനാണ് ഇവിടെ വന്നത്? എന്നെ കൊല്ലാനാണോ? അതോ മോഷ്ഠിക്കാനോ? നിന്നെ കുറിച്ച് ഞാൻ അന്വേഷിക്കും. ചുരുങ്ങിയത് ഒരു മാസമെങ്കിലും നീ ഇവിടെ ജോലി ചെയ്യണം. നിന്നെ പോലെയുള്ള ഒരുപാട് പേരെ ഞാൻ വെടിവച്ചിട്ടുണ്ട്'. ശശാങ്കിന്‍റെ പിതാവ് ശൈലേഷ് സിങ് പറഞ്ഞു.
തന്‍റെ ഫോൺ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ രണ്ട് ദിവസം കൂടി വിപേന്ദ്ര സിങ് ജോലിക്ക് പോയി. എന്നാൽ ഫോൺ ലഭിക്കാതെ ആയപ്പോൾ സ്വയം മുറി പൂട്ടി വിപേന്ദ്ര സിങ് ഫോൺ ആവശ‍്യപ്പെട്ടു. എന്നാൽ ശശാങ്ക് സിങ് എത്തിയതിനു ശേഷമാണ് വാതിൽ തുറന്നത്. തുടർന്ന് ശശാങ്ക് സിങ് തന്നെ മർദിക്കുകയായിരുന്നുവെന്നും വടികൊണ്ടും ഷൂസ് കൊണ്ടും മർദിച്ചെന്നും വിപേന്ദ്ര സിങ് കൂട്ടിച്ചേർത്തു.
ശശാങ്ക് സിങ്ങിന്‍റെ സഹോദരിയും മർദിക്കാൻ അവർക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് വിപേന്ദ്ര സിങ് പറയുന്നത്. മൂന്ന് ദിവസം കഴിച്ച ഭക്ഷണത്തിന്‍റെ പണം ആവശ‍്യപ്പെട്ടപ്പോൾ സഹോദരി ഭർത്താവ് അയച്ചു തന്ന 1,000 രൂപ അവർക്ക് നൽകിയെന്നും താൻ ചെയ്ത ജോലിക്ക് ഒരു രൂപ പോലും നൽകിയില്ലെന്നും വിപേന്ദ്ര സിങ് വ‍്യക്തമാക്കി. എന്നാൽ ഈ ആരോപണങ്ങളെല്ലാം ശശാങ്ക് സിങ് തള്ളി. തന്‍റെ വീട്ടിലെ മുറികളിൽ കയറി വിപേന്ദ്ര സിങ് അനുവാദമില്ലാതെ വിഡിയോകൾ പകർത്തിയെന്നും അതിനാലാണ് വിപേന്ദ്ര സിങ്ങിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതെന്നുമാണ് ശശാങ്ക് സിങ്ങിന്‍റെ വിശദീകരണം. പിതാവിന്‍റെ സുഹൃത്ത് മുഖേനയാണ് പാചകകാരൻ വീട്ടിലെത്തിയതെന്നും ശശാങ്ക് പറഞ്ഞു.