രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരേ വൻ തകർച്ച ഒഴിവാക്കി കേരളം

ആദ്യ ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് എന്ന നിലയിലാണ് കേരളം. ബാബാ അപരാജിത് 81 റൺസെടുത്ത് പുറത്താകാതെ നിൽക്കുന്നു.
രഞ്ജി ട്രോഫി കേരളം - മധ്യപ്രദേശ് | Ranji Trophy Kerala vs Madhya Pradesh Day 1

ബാബാ അപരാജിത്.

ഫയൽ

Updated on

ഇൻഡോർ: രഞ്ജി ട്രോഫിയിൽ കരുത്തരായ മധ്യപ്രദേശിനെതിരേ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്. തുടക്കത്തിലെ തകർച്ചയിൽ നിന്നു ശക്തമായി തിരിച്ചു വന്ന കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുത്തിട്ടുണ്ട്. അഭിഷേക് ജെ. നായർ, അഭിജിത് പ്രവീൺ, ശ്രീഹരി എസ്. നായർ എന്നിവർ ഈ മത്സരത്തിലൂടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കേരളത്തിനു വേണ്ടി അരങ്ങേറ്റം കുറിച്ചു.

ടോസ് നേടിയ മധ്യപ്രദേശ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹൻ കുന്നുമ്മലും അരങ്ങേറ്റ മത്സരം കളിക്കുന്ന അഭിഷേകും ചേർന്നാണ് കേരളത്തിന് വേണ്ടി ഇന്നിങ്സ് തുറന്നത്. രണ്ടാം ഓവറിൽ തന്നെ കേരളത്തിന് രോഹന്‍റെ വിക്കറ്റ് നഷ്ടമായി. കുമാ‍‍‍‍ർ കാ‍ർത്തികേയയുടെ പന്തിൽ ഹർപ്രീത് സിങ് ക്യാച്ചെടുത്താണ് രോഹനെ അക്കൗണ്ട് തുറക്കാതെ തിരിച്ചയച്ചത്.

രണ്ടാം വിക്കറ്റിൽ അഭിഷേകും അങ്കിത് ശ‍ർമയും ചേർന്ന് 54 റൺസ് കൂട്ടിച്ചേ‍ർത്തു. എന്നാൽ 20 റൺസെടുത്ത അങ്കിതിനെ എൽബിഡബ്ല്യുവിൽ കുടുക്കി സാരാംശ് ജയിൻ കൂട്ടുകെട്ട് പൊളിച്ചു. മികച്ചൊരു കൂട്ടുകെട്ടിന് ശേഷം തുടരെ വിക്കറ്റുകൾ വീണത് കേരളത്തിന് തിരിച്ചടിയായി. അങ്കിതിനു ശേഷമെത്തിയ മുൻ ക്യാപ്റ്റൻ സച്ചിൻ ബേബി റണ്ണൊന്നുമെടുക്കാതെ മടങ്ങി. സാരാംശ് ജയിൻ തന്നെയാണ് സച്ചിനെയും പുറത്താക്കിയത്.

അഭിഷേകിനെയും (47) ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനെയും (14) അഹമ്മദ് ഇമ്രാനെയും (5) അർഷദ് ഖാൻ പുറത്താക്കിയതോടെ ആറ് വിക്കറ്റിന് 105 റൺസെന്ന നിലയിലായിരുന്നു കേരളം. തുട‍ർന്ന് ഏഴാം വിക്കറ്റിൽ ബാബാ അപരാജിത്തും അഭിജിത് പ്രവീണും ചേർന്ന കൂട്ടുകെട്ടാണ് കേരളത്തെ കരയകയറ്റിയത്. ഇരുവരും 122 റൺസാണ് കൂട്ടിച്ചേ‍ർത്തത്. കരുതലോടെ ബാറ്റ് ചെയ്ത കൂട്ടുകെട്ട് 42 ഓവർ ദീർഘിച്ചു.

60 റൺസെടുത്ത അഭിജിതിനെ പുറത്താക്കി സാരാംശ് ജയിനാണ് ഈ കൂട്ടുകെട്ടിനും അവസാനമിട്ടത്. കളി നിർത്തുമ്പോൾ 81 റൺസോടെ ബാബാ അപരാജിത്തും ഏഴ് റൺസോടെ ശ്രീഹരി എസ്. നായരുമാണ് ക്രിസീൽ. മധ്യപ്രദേശിന് വേണ്ടി സാരാംശ് ജയിനും അർഷദ് ഖാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com