ചാത്തുണ്ണിയേട്ടൻ, ചാലക്കുടിക്കാരുടെ ആദ്യത്തെ സൂപ്പർ ഹീറോ

ഫുട്ബോൾ താരം എന്ന നിലയിൽ മുൻനിരയിൽ നിന്ന് നിരവധി പോരാട്ടങ്ങൾ നയിക്കുകയും, പരിശീലകൻ എന്ന നിലയിൽ തിളക്കമാർന്ന വിജയങ്ങൾക്ക് പിന്നണിയിൽ തന്ത്രം മെനയുകയും ചെയ്ത ചാത്തുണ്ണിയേട്ടൻ
ചാത്തുണ്ണിയേട്ടൻ, ചാലക്കുടിക്കാരുടെ ആദ്യത്തെ സൂപ്പർ ഹീറോ
ടി.കെ. ചാത്തുണ്ണി
Updated on

ഷാലി മുരിങ്ങൂർ

ഫുട്ബാൾ താരവും പരിശീലകനുമായിരുന്ന ടി.കെ. ചാത്തുണ്ണി, ചാലക്കുടിക്കാർക്ക് ചാത്തുണ്ണിയേട്ടനായിരുന്നു. ഫുട്ബോൾ താരം എന്ന നിലയിൽ മുൻനിരയിൽ നിന്ന് നിരവധി പോരാട്ടങ്ങൾ നയിക്കുകയും, പരിശീലകൻ എന്ന നിലയിൽ തിളക്കമാർന്ന വിജയങ്ങൾക്ക് പിന്നണിയിൽ തന്ത്രം മെനയുകയും ചെയ്ത ചാത്തുണ്ണിയേട്ടൻ- ചാലക്കുടിയുടെ ആദ്യത്തെ സൂപ്പർ ഹീറോ.

ഫുട്ബോളുമായി ബന്ധപ്പെട്ട് ചാലക്കുടിയുടെ പേര് ഇന്ത്യയിലും വിദേശത്തും എത്തിച്ചു. ഇന്ത്യൻ ഫുട്ബാളിനു പുതിയ വ്യാകരണം ചമച്ച ടി.കെ. ചാത്തുണ്ണി, പല തലമുറയിലെ പ്രഗൽഭ താരങ്ങൾക്ക് ഗുരുഭൂതനാണ്. കേരള പൊലീസിന്‍റെ പരിശീലകനായിരിക്കുമ്പോൾ ഐ.എം. വിജയനെയും സി.വി. പാപ്പച്ചനെയും മികവിന്‍റെ പാരമ്യത്തിലേക്കുയർത്തിയ കഥകളുണ്ട് അദ്ദേഹത്തിന്‍റെ കരിയറിൽ. പിന്നീട് ജോ പോൾ അഞ്ചേരിയും ഗോവയിലെ ക്ലബ് പരിശീലന കാലത്ത് ബ്രൂണോ കുടീഞ്ഞോയുമെല്ലാം ആ പരിശീലന മികവ് അനുഭവിച്ചറിഞ്ഞവരാണ്.

വിജയനെയും പാപ്പച്ചനെയും കൂടാതെ, കെ.ടി. ചാക്കോയും വി.പി. സത്യനും കുരികേശ് മാത്യുവും യു. ഷറഫലിയും എല്ലാമടങ്ങുന്ന കേരള പൊലീസിന്‍റെ സുവർണ തലമുറയെ മികവിന്‍റെ പാരമ്യത്തിലേക്കുയർന്നപ്പോൾ, കേരള ഫുട്ബോൾ ടീമിന്‍റെയും ഇന്ത്യൻ ദേശീയ ടീമിന്‍റെയും തന്നെ അവിഭാജ്യ ഘടകമായി കേരള പൊലീസ് താരങ്ങൾ മാറിയിരുന്നു.

കാൽപ്പന്തുകളിയെ നെഞ്ചേറ്റിയവർക്ക് ഒരുപാടൊരുപാട് അവിസ്മരണീയ മുഹൂർത്തങ്ങൾ ബാക്കിവച്ചുകൊണ്ടാണ് കോച്ച് ചാത്തുണ്ണി യാത്രയാകുന്നത്. ഫുട്ബാളിനെ പ്രൊഫഷനുമായി ബന്ധിപ്പിച്ച് പിന്നീട് ചാലക്കുടിയിലും കേരളത്തിലാകെയുമുള്ള കളിക്കാർക്ക് പുതിയ മാതൃക സമ്മാനിച്ച ദീർഘദൃഷ്ടിക്കും ഉടമയാണ് അദ്ദേഹം.

പി.വി. രാമകൃഷ്ണനും എം.ഒ. ജോസിനും പിന്നാലെ തീരാനഷ്ടമായി ചാത്തുണ്ണിയേട്ടനും ഓർമയാകുമ്പോൾ, ചാലക്കുടിക്കാരുടെ ഇടനെഞ്ചിലെ ഫുട്ബോൾ കനവുകളിൽ സ്മൃതികളുടെ ഒരുപിടി കനലെരിയുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com