ചാംപ്യൻസ് ലീഗിൽ തീക്കളി

മാഡ്രിഡ് നാട്ടങ്കത്തിൽ റയലും അത്‌ലറ്റിക്കോയും നേർക്കുനേർ
Champions League Real Madrid vs Atletico Madrid

മാഡ്രിഡ് നാട്ടങ്കത്തിൽ റയലും അത്‌ലറ്റിക്കോയും നേർക്കുനേർ

Updated on

മാഡ്രിഡ്: ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ആരാധകരെ ആവേശത്തിലാഴ്ത്താൻ മാഡ്രിഡ് നാട്ടങ്കം. പ്രീ-ക്വാർട്ടറിന്‍റെ രണ്ടാം പാദത്തിൽ കരുത്തരിൽ കരുത്തരായ റയൽ മാഡ്രിഡ് വിരുന്നിനെത്തുന്നത് നഗരവൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ കളത്തിൽ. അത്‌ലറ്റിക്കോയുടെ തട്ടകമായ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി 1.30ന് മത്സരത്തിന്‍റെ കിക്കോഫ്.

സാന്‍റിയാഗോ ബെർണബ്യൂവിൽ നടന്ന ആദ്യപാദത്തിലെ 2-1ന്‍റെ മുൻതൂക്കവുമായാണ് റ‍യൽ മാഡ്രിഡ് അ‌ത്‌ലറ്റിക്കോയെ നേരിടുന്നത്. ബ്രഹിം ഡയസിന്‍റെ മികച്ചൊരു ഗോളാണ് റയലിന് നിർണായക ലീഡ് ഒരുക്കിയത്. ആദ്യപാദ വിജയം നൽകുന്ന ആധിപത്യം റ‍യൽ കാത്തുസൂക്ഷിക്കുന്നതാണ് ചരിത്രം. അവസാന 22 നോക്കൗട്ട് റൗണ്ടുകളിൽ 21 തവണയും ആദ്യപാദ വിജയങ്ങളുടെ മുൻതൂക്കം കാത്തുസൂക്ഷിച്ച് റയൽ മുന്നേറിയിട്ടുണ്ട്.

ചാംപ്യൻസ് ലീഗിൽ റയലിന് വ്യക്തമായ മേൽക്കൈയുണ്ടെന്ന് പറയാം. അത്‌ലറ്റിക്കോയുമായുള്ള അവസാന അഞ്ച് നോക്കൗട്ട് പോരാട്ടങ്ങളിലും ജയം റയലിനൊപ്പം നിന്നു. 2014, 2016 വർഷങ്ങളിലെ ഫൈനൽ വിജയങ്ങളും അതിൽ ഉൾപ്പെടുന്നു. പക്ഷേ, അത്‌ലറ്റിക്കോ മാഡ്രിഡ് അടുത്തകാലത്തായി റയലിന് ശക്തമായ വെല്ലുവിളി ഉയർത്തുന്ന ക്ലബ്ബാണ്. പ്രത്യേകിച്ച് ഹോം മത്സരങ്ങളിൽ.

സ്വന്തം കളത്തിൽ റയൽ മാഡ്രിഡിനെതിരേ കളിച്ച അവസാന ഏഴു മത്സരങ്ങളിൽ ഒന്നിൽ മാത്രമേ അത്‌ലറ്റിക്കോ പരാജയപ്പെട്ടിട്ടുള്ളു. മൂന്നു കളികളിൽ അത്‌ലറ്റിക്കോ വിജയിച്ചപ്പോൾ, അത്രയും തവണ സമനിലയും അവർ സ്വന്തമാക്കി. അതിനാൽത്തന്നെ അനായാസ ജയം കടുത്ത റയൽ ആരാധകർപോലും പ്രതീക്ഷിക്കുന്നില്ല. 1997 മാർച്ചിനുശേഷം സ്വന്തം തട്ടകത്തിൽ നടന്ന ഒരു ചാംപ്യൻസ് ലീഗ് നോക്കൗട്ട് മത്സരത്തിൽപോലും അത്‌ലറ്റിക്കോ തോൽവി രുചി‌ച്ചിട്ടില്ല. ആകെ 18 മത്സരങ്ങളിൽ 11 ജയവും എഴു സമനിലയുമാണ് അവരുടെ റെക്കോഡ്.

ഹോം ഗ്രൗണ്ടിലെ മികച്ച റെക്കോഡ് അത്‌ലറ്റിക്കോയ്ക്ക് തിരിച്ചുവരാനുള്ല ആത്മവിശ്വാസം പകരുന്നു. എല്ലാ ടൂർണമെന്‍റുകളിലുമായി അവസാന 12 ഹോം മത്സരങ്ങളിൽ പത്തിലും അത്‌ലറ്റിക്കോയ്ക്കായിരുന്നു ജയം. രണ്ടു മത്സരങ്ങളിൽ അവർ സമനില വഴങ്ങി. അവസാന എട്ടു മത്സരങ്ങളിൽ അത്‌ലറ്റിക്കോ വഴങ്ങിയത് മൂന്നു ഗോളുകളുകൾ മാത്രം. റയൽ മാഡ്രിഡിനെ ഭയപ്പെടുത്തുന്നതും അത്‌ലറ്റിക്കോയുടെ ഈ പ്രതിരോധ കരുത്താണ്.

ജൂലിയൻ അൽവാരസിന്‍റെ ഗോളടി മികവും അത്‌ലറ്റിക്കോയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. അത്‌ലറ്റിക്കോയ്ക്കായുള്ള അവസാന അഞ്ച് യൂറോപ്യൻ മത്സരങ്ങളിൽ ആറു ഗോളുകളും ഒരു അസിസ്റ്റും അൽവാരസിന്‍റെ വകയായിരുന്നു.

പ്രായം തളർത്താത്ത പോരാളി ലൂക്ക മോഡ്രിച്ചിലാണ് റയലിന്‍റെ പ്രധാന കണ്ണ്. റയലിന്‍റെ മിഡ്ഫീൽഡിൽ കളി നിയന്ത്രിക്കുക മോഡ്രിച്ചാവും. മുന്നേറ്റത്തിൽ കിലിയൻ എംബാപെയും വിനീഷ്യസ് ജൂനിയറും ചേരുമ്പോൾ ഗോൾക്ഷാമുണ്ടാവില്ലെന്ന് റയൽ കരുതുന്നു. റയലിനായി ഇരുവരും ഏഴു ഗോളുകൾ വീതം ഇതിനകം നേടിക്കഴിഞ്ഞു.

മറ്റു മത്സരങ്ങളിൽ ഇംഗ്ലിഷ് ക്ലബ്ബ് ആഴ്സനൽ ഡച്ച് പ്രതിനിധി പിഎസ്‌വി ഐന്തോവനെയും ഇംഗ്ലണ്ടിൽ നിന്നുള്ള ആസ്റ്റൺ വില്ല ബെൽജിയൻ ടീം ക്ലബ്ബ് ബ്രുഗെയെയും ജർമൻ സംഘം ബൊറൂസിയ ഡോർട്ട്മുൻഡ് ഫ്രഞ്ച് പടയായ ലില്ലെയെയും നേരിടും. ആദ്യപാദ പ്രീ-ക്വാർട്ടറിൽ ആഴ്സനലും ആസ്റ്റൺവില്ലയും വിജയം നേടിയപ്പോൾ ബൊറൂസിയയും ലില്ലെയും ഓരോ ഗോൾവീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com