ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോര് തുടങ്ങുന്നു: റയൽ മടയില്‍ സിറ്റി

റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള മത്സരം രണ്ട് പ്രധാന താരങ്ങള്‍ തമ്മിലുള്ള പോരാട്ടം കൂടിയാകും
ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോര് തുടങ്ങുന്നു: റയൽ മടയില്‍ സിറ്റി

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം. ടീം ലൈനപ്പുകള്‍ തീരുമാനിച്ചപ്പോള്‍ തന്നെ ആവേശത്തിരയിളക്കമുണ്ടാക്കി മത്സരക്രമമായിരുന്നു റയല്‍ മാഡ്രിഡ്- മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം. ഇന്ത്യന്‍ സമയം ഇന്നു രാത്രി 12.30ന് ഇരുടീമും കൊമ്പുകോര്‍ക്കും. മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരാട്ടത്തില്‍ മുന്നിലുള്ള ആഴ്സണല്‍, ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കുമായി സ്വന്തം തട്ടകത്തില്‍ കൊമ്പുകോര്‍ക്കും.

കഴിഞ്ഞ സീസണിലെ ചാംപ്യന്‍സ് ലീഗിന്‍റെ സെമിയിലായിരുന്നു റയല്‍-സിറ്റി പോരാട്ടം. സാന്‍റിയാഗോ ബര്‍ണാബുവില്‍ നടന്ന മത്സരത്തില്‍ 1-1 സമനിലയില്‍ കളിയവസാനിച്ചെങ്കിലും രണ്ടാം പാദം റയലിന്‍റെ ചീട്ടുകീറുന്നതായിരുന്നു. എത്തിഹാദ് സ്റ്റേഡിയത്തില്‍ റയലിന്‍റെ സിറ്റി വാരിയത് ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ്. ഒരു വര്‍ഷം മുമ്പ് നാണക്കേട് സഹിച്ചു പോരേണ്ടിവന്ന റയല്‍ അതിനു പ്രതികാരം ചെയ്യുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

റയലും സിറ്റിയും തമ്മിലുള്ള പോരാട്ടം രണ്ട് പ്രധാന താരങ്ങള്‍ തമ്മിലുള്ള പോരാട്ടം കൂടിയാകും.

കെയ്ല്‍ വാക്കറും വിനിഷ്യസ് ജൂനിയറും തമ്മിലുള്ള പോരാട്ടം, ഇരുവരുടെയും കരുത്ത് വേഗതയിലാണ്. വിങ്ങിലൂടെയുള്ള വിനിഷ്യസിന്‍റെ കുതിപ്പിന് തടയിടുക എന്നതാണ് വാക്കറുടെ ലക്ഷ്യം.

ഈ സീസണില്‍ വിനിഷ്യസ് എന്ന ഇലക്ട്രിക് വിംഗര്‍ അപാര ഫോമിലാണ്. അതുകൊണ്ടുതന്നെ കാര്‍ലോ ആന്‍സലോട്ടി 4-3-1-2 ശൈലിയില്‍ വിനിയെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുന്നു. വിനീഷ്യസ് ജൂനിയറെ തടയാനായാല്‍ പെപ് ഗാര്‍ഡിയോളയ്ക്ക് അത് ആശ്വാസമേകും. എര്‍ലിങ് ഹാലന്‍ഡിനെ തടയാനുള്ള ചുമതല റൂഡിഗറിനാണ്. അങ്ങനെ കൊണ്ടും കൊടുത്തും ഇരുടീമും പോരാടുമ്പോള്‍ തീപാറുന്ന മത്സരം തന്നെ പ്രതീക്ഷിക്കാം.

ആഴ്സണല്‍-ബയേണ്‍

ഇന്നു നടക്കുന്ന രണ്ടാമത്തെ പോരാട്ടം ആഴ്സണലും ബയേണ്‍ മ്യൂണിക്കും തമ്മിലുള്ളതാണ്. രാത്രി 12.30നാണ് പോരാട്ടം. ബുണ്ടസ് ലിഗയില്‍ കിരീടം ഏറെക്കുറെ ബയര്‍ ലെവര്‍കുസനു മുന്നില്‍ അടിയറവയ്ക്കാനൊരുങ്ങുന്ന ബയേണിന് ആശ്വാസിക്കാന്‍ ചാംപ്യന്‍സ് ലീഗിലെ മികച്ച മുന്നേറ്റം അനിവാര്യമാണ്. ഒരു ജയം മാത്രമകലെയാണ് ലെവര്‍കുസന് ബുണ്ടസ് ലിഗ കിരീടം. മികേല്‍ അര്‍ട്ടേറ്റയുടെ സംഘം മികച്ച ഫോമിലാണ്. പ്രീമിയര്‍ ലീഗില്‍ കിരിടപ്പോരാട്ടത്തില്‍ മുന്നിലെന്നതുമാത്രമല്ല, ബ്രൈറ്റണെതിരേേ മിന്നുന്ന വിജയത്തിന്‍റെ ആത്മവിശ്വാസവുമായാണ് ആഴ്സണലെത്തുന്നത്. അതുപോലെ ലിവര്‍പൂളിനെ സമനിലയില്‍ തളയ്ക്കാനും ആഴ്സണലിനായിരുന്നു. ഇത്തവണ ബയേണിനെ പരാജയപ്പെടുത്താനുള്ള എല്ലാ കരുത്തും ഗണ്ണേഴ്സിനുണ്ട്. അവരുടെ പ്രധാന താരങ്ങളൊക്കെ ഫോമിലാണ്. ജൊര്‍ഗീഞ്ഞോ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ഗബ്രിയേല്‍ ജസ്യൂസ് തുടങ്ങിവര്‍ ആദ്യ ഇലവനിലുണ്ടാകും. ബയേണിനെ സംബന്ധിച്ച് ആശ്വാസം പകരുന്ന ഒന്നാണ് മാനുവല്‍ നോയറുടെയും ലിറോയ് സനെയുടെയും മടങ്ങിവരവ്. ഇന്നത്തെ മത്സരത്തില്‍ ഇരുവരും കളിക്കും.

ബുണ്ടസ് ലിഗയില്‍ അവസാനമിറങ്ങിയ ഹിഡെന്‍ഹീമിനെതിരായ മത്സരത്തില്‍ ബയേണ്‍ തോറ്റിരുന്നു. ഈ മത്സരത്തില്‍ ഇരുവരുമിറങ്ങിയിരുന്നില്ല. അതേസമയം, പരുക്കിന്‍റെ പിടിയിലുള്ള കിഗ്സ്ലി കോമാന്‍, അലക്സാണ്ടര്‍ പാവ്ലോവിക് എന്നിവര്‍ ഇന്നു കളിക്കില്ല. ബുണ്ടസ് ലിഗയില്‍ ബയേണ്‍ അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com