ചാംപ്യൻസ് ലീഗ്: റഷ്‌ഫോർഡിന്‍റെ ഇരട്ടഗോളിൽ ബാഴ്‌സലോണയ്ക്ക് വിജയം; ഡി ബ്രൂയ്‌ന്‍റെ മടങ്ങിവരവ് നിരാശയിൽ

ബാഴ്സലോണയ്ക്കു വേണ്ടി ആദ്യമായി ഗോളടിച്ച മാർക്കസ് റഷ്ഫോർഡിന്‍റെ ആഘോഷം.

റഷ്ഫോർഡിന്‍റെ കരുത്തിൽ ബാഴ്സ, ഡി ബ്രുയ്ന് നിരാശ

ചാമ്പ്യൻസ് ലീഗ് റൗണ്ടപ്പ്: ബാഴ്‌സലോണയുടെ വിജയത്തിൽ റഷ്‌ഫോർഡിന്‍റെ ഇരട്ട ഗോൾ തിളക്കം, മാഞ്ചസ്റ്റർ സിറ്റിക്കെതിരേ നാപ്പോളിയുടെ തോൽവിക്ക് ഡി ബ്രൂയ്‌ൻ സാക്ഷി
Summary

ബാഴ്സലോണയ്ക്കായി മാർക്കസ് റഷ്‌ഫോർഡ് രണ്ട് ഗോളുകൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചപ്പോൾ, ഡി ബ്രൂയ്‌ന്‍റെ തിരിച്ചുവരവ് ചുവപ്പ് കാർഡ് കാരണം നിരാശയിലായി. ഹാളണ്ടിന്‍റെ റെക്കോർഡ് നേട്ടവും മറ്റ് ടീമുകളുടെ വിജയങ്ങളും ചാംപ്യൻസ് ലീഗ് രാത്രിയെ ആവേശഭരിതമാക്കി.

ലണ്ടൻ: ചാംപ്യൻസ് ലീഗിൽ ന്യൂകാസിലിനെതിരായ ബാഴ്‌സലോണയുടെ 2-1 വിജയത്തിൽ മാർക്കസ് റഷ്‌ഫോർഡിന്‍റെ ഇരട്ട ഗോൾ തിളക്കം. പരുക്കേറ്റ കൗമാര സൂപ്പർ താരം ലാമിൻ യാമാലിനു പകരക്കാരനായിറങ്ങിയ റഷ്ഫോർഡ് ബാഴ്സ ജെഴ്സിയിൽ സ്കോർ ചെയ്യുന്നത് ഇതാദ്യം. അതേസമയം, തന്‍റെ മുൻ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയോട് നാപ്പോളി 2-0ത്തിന് തോൽക്കുന്നത് കെവിൻ ഡി ബ്രൂയ്‌ൻ കളത്തിനു പുറത്തിരുന്ന് കണ്ടു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാണ് റഷ്ഫോർഡ് ബാഴ്സയിലെത്തുന്നത്. സെന്‍റ് ജെയിംസ് പാർക്കിൽ ബാഴ്‌സലോണയുടെ രണ്ട് ഗോളുകളും നേടിയത് റഷ്‌ഫോർഡാണ്. 25 മീറ്റർ അകലെ നിന്ന് ക്രോസ്ബാറിൽ തട്ടി വലയിലേക്ക് കയറിയ അതിമനോഹരമായ ഒരു ഷോട്ടായിരുന്നു രണ്ടാമത്തെ ഗോൾ.

10 വർഷത്തെ ബന്ധമുള്ള മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് വിടവാങ്ങിയ ശേഷം ആദ്യമായാണ് കെവിൻ ഡിബ്രുയ്ൻ തന്‍റെ മുൻ ക്ലബ്ബിനെതിരായ മത്സരത്തിനെത്തുന്നത്. എന്നാൽ, നാപ്പോളിയുടെ ഭാഗമായി എതിഹാദ് സ്റ്റേഡിയത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ തിരിച്ചുവരവിന് 26 മിനിറ്റ് മാത്രമായിരുന്നു ദൈർഘ്യം. സഹതാരം ജിയോവാനി ഡി ലോറെൻസോയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചതിനെ തുടർന്ന് ഡി ബ്രൂയ്‌നെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുകയായിരുന്നു. രണ്ടാം പകുതിയിൽ എർലിങ് ഹാളണ്ടും ജെറമി ഡോക്കുവും നേടിയ ഗോളുകളിലൂടെ സിറ്റി അനായാസം ജയിക്കുകയും ചെയ്തു.

ഹാളണ്ടിന്‍റെ ഹെഡർ, ചാംപ്യൻസ് ലീഗിലെ 49ാം മത്സരത്തിൽ 50ാം ഗോളായി. ഗോളെണ്ണത്തിൽ ഏറ്റവും വേഗം അർധ ശതകം തികച്ചതിന്‍റെ റെക്കോഡും ഇതോടെ നോർവേ സ്‌ട്രൈക്കർ സ്വന്തമാക്കി.

ടൂർണമെന്‍റിലെ പുതിയ ടീമായ കസാക്കിസ്ഥാനിൽ നിന്നുള്ള കൈറാറ്റ്, സ്‌പോർട്ടിങ് ലിസ്‌ബണിനോട് 4-1 എന്ന സ്കോറിനു തോറ്റു. രണ്ടാം പകുതിയിൽ നാല് മിനിറ്റിനുള്ളിൽ സ്‌പോർട്ടിങ് അവസാന മൂന്ന് ഗോളുകൾ നേടി, ഒരു പെനാൽറ്റിയും അവർക്ക് നഷ്ടമായി.

ഗലാറ്റ്സറേക്കെതിരേ 5-1-ന് വിജയിച്ച ഐൻട്രാക്ട് ഫ്രാങ്ക്ഫർട്ട് മികച്ച തിരിച്ചുവരവാണ് നടത്തിയത്. എട്ടാം മിനിറ്റിൽ ഒരു ഗോൾ വഴങ്ങിയ ശേഷമാണ് അവർ ഈ വിജയം നേടിയത്.

റഷ്‌ഫോർഡിന്‍റെ ഇരട്ടഗോൾ

റഷ്ഫോർഡിന്‍റെ കരുത്തിൽ ബാഴ്സ

രണ്ടാം ഗോൾ ആഘോഷിക്കുന്ന മാർക്കസ് റഷ്ഫോർഡ്.

മാർക്കസ് റഷ്ഫോർഡിന്‍റെ ഫിനിഷിങ് മികവിനു സാക്ഷ്യം വഹിക്കാൻ ഇംഗ്ലണ്ട് കോച്ച് തോമസ് ടുച്ചലുമുണ്ടായിരുന്നു സെന്‍റ് ജെയിംസ് പാർക്കിൽ. 58-ാം മിനിറ്റിൽ ജൂൾസ് കുൻഡേയുടെ ക്രോസിൽ നിന്നുള്ള ഹെഡർ ഗോൾ ബാഴ്സയെ മുന്നിലെത്തിച്ചു. തുടർന്ന് 67ാം മിനിറ്റിൽ തകർപ്പൻ ഫുട്ട്‌വർക്കിലൂടെ ഇടം കണ്ടെത്തിയ റഷ്‌ഫോർഡ് ബോക്‌സിനു പുറത്തുനിന്നു തൊടുത്ത വലങ്കാൽ ഷോട്ട് ക്രോസ്ബാറിൽ തട്ടി വലയിൽ കയറി.

89ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ജേക്കബ് മർഫിയുടെ ക്രോസിൽ നിന്ന് ആന്‍റണി ഗോർഡൻ ന്യൂകാസിലിന് വേണ്ടി ഒരു ഗോൾ മടക്കി.

ഡി ബ്രൂയ്‌ന്‍റെ നിരാശ

Kevin De Bruyne

കെവിൻ ഡി ബ്രുയ്ൻ മത്സരത്തിനിടെ.

ഡി ലോറെൻസോ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയപ്പോൾ നാപ്പോളിയുടെ പ്രതിരോധം ശക്തിപ്പെടുത്താൻ ഡി ബ്രൂയ്‌നെ ബലി നൽകേണ്ടി വന്നു കോച്ച് അന്‍റോണിയോ കോണ്ടെയ്ക്ക്. ടീമിനു വേണ്ടി ഈ തീരുമാനം ശിരസാ വഹിച്ച ഡിബ്രുയ്നെ കാണികൾ കൈയടികളോടെയാണ് യാത്രയാക്കിയത്. ഒരിക്കൽ അദ്ദേഹത്തിന്‍റെ ഓരോ അസിസ്റ്റുകളും ഗോളുകളും സ്വീകരിച്ച അതേ ആരാധനയോടെ തന്നെ ഈ നീക്കത്തെയും അവർ വരവേറ്റു.

''അതു മാത്രമായിരുന്നു എനിക്ക് ആകെ ചെയ്യാൻ കഴിയുമായിരുന്നത്'', അന്‍റോണിയോ കോണ്ടെ പറഞ്ഞു. ഡുബ്രുയ്ന്‍റെ കാര്യത്തിൽ ശരിക്കും വിഷമം തോന്നിയെന്നും കോണ്ടെ.

കളിയുടെ അവസാനമായപ്പോഴേക്കും സിറ്റി ആരാധകർ ഡി ബ്രൂയ്‌ന്‍റെ പേര് ഉച്ചത്തിൽ വിളിക്കാൻ തുടങ്ങി. അവരുടെ മുൻ നായകനെ - ഒരുപക്ഷേ ക്ലബ്ബിന്‍റെ എക്കാലത്തെയും മികച്ച കളിക്കാരനെ - വീണ്ടും കാണാനുള്ള മോഹം ആർപ്പുവിളികളിൽ നിറഞ്ഞുനിന്നു.

''അദ്ദേഹം ഈ ക്ലബ്ബിന്‍റെ ഇതിഹാസമാണ്'', സിറ്റി മിഡ്ഫീൽഡർ ഫിൽ ഫോഡൻ പറഞ്ഞു.

56ാം മിനിറ്റിൽ ഫോഡൻ ബോക്‌സിനകത്തേക്ക് ഫ്ലിക്ക് ചെയ്ത പന്ത് ഹെഡ് ചെയ്താണ് ഹാളണ്ട് ഈ സീസണിലെ തന്‍റെ ഏഴാം മത്സരത്തിൽ പന്ത്രണ്ടാം ഗോൾ കണ്ടെത്തിയത്.

65-ാം മിനിറ്റിൽ തകർപ്പൻ സോളോ റണ്ണിനൊടുവിലായിരുന്നു ഡോക്കുവിന്‍റെ ഗോൾ. ഞായറാഴ്ച ആഴ്സനലിനെതിരെ നടക്കാനിരിക്കുന്ന വമ്പൻ പ്രീമിയർ ലീഗ് മത്സരത്തിനായി റോഡ്രി, ഹാളണ്ട് തുടങ്ങിയ പ്രധാന താരങ്ങളെ കളത്തിൽ നിന്ന് നേരത്തെ തന്നെ പിൻവലിക്കുകയും ചെയ്തു.

മൊണാക്കോയെ തകർത്ത് ക്ലബ് ബ്രൂഗ്

വിമാനത്തിലെ എയർ കണ്ടീഷനിങ് തകരാറിലായതിനാൽ ബെൽജിയമിലേക്കുള്ള മൊണാക്കോയുടെ യാത്ര തലേദിവസം റദ്ദാക്കിയിരുന്നു. അമിതമായ ചൂട് കാരണം കളിക്കാർക്ക് വസ്ത്രങ്ങൾ ഊരി മാറ്റേണ്ടി വന്നു. അവസാനം വ്യാഴാഴ്ച രാവിലെ വിമാനം കയറിയ മൊണാക്കോ 4-1-ന് പരാജയപ്പെട്ടു. ആദ്യ പകുതിയുടെ അവസാനത്തിൽ 10 മിനിറ്റിനുള്ളിൽ നിക്കോളോ ട്രെസോൾഡി, റാഫേൽ ഒനിയിഡിക്ക, ഹാൻസ് വനകെൻ എന്നിവർ നേടിയ മൂന്ന് ഗോളുകളിൽ മൊണാക്കോ തകർന്നുപോയിരുന്നു.

ഹുൽമാൻഡിന്‍റെ മടക്കം

ബയേർ ലെവർകൂസെന്‍റെ ചുമതലയേറ്റ ശേഷം കാസ്പർ ഹുൽമാൻഡ് തന്‍റെ ആദ്യ ചാംപ്യൻസ് ലീഗ് മത്സരത്തിനായി ഡെൻമാർക്കിലേക്ക് മടങ്ങിയെത്തി. അദ്ദേഹത്തിന്‍റെ ടീം സ്റ്റോപ്പേജ് ടൈമിൽ ലഭിച്ച ഒരു ഓൺ-ഗോളിലൂടെ എഫ്‌സി കോപ്പൻഹേഗനുമായി 2-2 സമനിലയിൽ രക്ഷപ്പെട്ടു.

പകരക്കാരനായി വന്ന ക്ലോഡിയോ എച്ചെവെറിയുടെ ക്രോസ് പാന്‍റലിസ് ഹത്സെദിയാക്കോസിന്‍റെ കാലിൽ തട്ടി സ്വന്തം പോസ്റ്റിലേക്ക് കയറിയത് ലെവർകൂസെന് രണ്ടാമത്തെ സമനില ഗോൾ സമ്മാനിച്ചു. 82ാം മിനിറ്റിൽ അലക്സ് ഗ്രിമാൾഡോയുടെ തകർപ്പൻ ഫ്രീ കിക്ക് ആയിരുന്നു ആദ്യ ഗോൾ.

മുൻ ഡെൻമാർക്ക് കോച്ചായ ഹുൽമാൻഡ്, സീസണിലെ മൂന്ന് കളികൾക്ക് ശേഷം എറിക് ടെൻ ഹാഗിന് പകരക്കാരനായാണ് ലെവർകൂസെനിലെത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com