
റോയ് റാഫേൽ
ദുബായ്: യുഎഇയിലെ ക്രിക്കറ്റ് ആരാധകർ വ്യാഴാഴ്ച മുതൽ ചാംപ്യൻസ് ട്രോഫി മത്സരങ്ങളുടെ ആവേശത്തിലേക്ക്. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ന്യൂസിലാൻഡ് എന്നീ ടീമുകൾക്കെതിരായ ഇന്ത്യയുടെ മത്സരങ്ങളും ആദ്യ സെമിഫൈനൽ മത്സരവുമാണ് ദുബായ് അന്തർദേശീയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടത്തുക.
ഇവിടെ വ്യാഴാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യ, ബംഗ്ലാദേശിനെ നേരിടും. ഞായറാഴ്ചയാണ് യുഎഇയിലെ ക്രിക്കറ്റ് ആസ്വാദകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം. മത്സരത്തിന്‍റെ ടിക്കറ്റുകൾ മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്ന സാഹചര്യം പരിഗണിക്കുമ്പോൾ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യ-പാക് ആരാധകരുടെ ആരവം കൊണ്ട് മുഖരിതമാവുമെന്ന് ഉറപ്പിക്കാം.
2017ലെ ചാംപ്യൻസ് ട്രോഫി ഫൈനലിലെ തോൽവിക്ക് ഇന്ത്യ മറുപടി നൽകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ. കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയെങ്കിലും ചാംപ്യൻസ് ട്രോഫിയിലെ 'മധുര പ്രതികാരം' ഇന്ത്യക്ക് ഇരട്ടി മധുരമാകും.
പാക്കിസ്ഥാനുമായുള്ള മത്സരം കഴിഞ്ഞാൽ മാർച്ച് രണ്ടിന് ന്യൂസിലൻഡുമായാണ് ഇന്ത്യക്ക് ദുബായിൽ മത്സരമുള്ളത്. മാർച്ച് നാലിന് ആദ്യ സെമിഫൈനൽ മത്സരവും ദുബായിൽ തന്നെയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇന്ത്യ ഫൈനലിലെത്തിയാൽ കലാശ പോരാട്ടവും ദുബായിൽ തന്നെ നടത്തും.
ഐസിസി ചാംപ്യൻഷിപ്പുകളിലെ ആധിപത്യം നിലനിർത്താൻ ഇന്ത്യയും ചാംപ്യൻസ് ട്രോഫി ഫൈനലിലെ മാസ്മരിക പ്രകടനം ആവർത്തിക്കാൻ പാക്കിസ്ഥാനും ഒരുങ്ങിയിറങ്ങുമ്പോൾ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം ആവേശകരമായ മത്സരത്തിന് സാക്ഷ്യം വഹിക്കും.
സൗരവ് ഗാംഗുലിക്കും മഹേന്ദ്ര സിങ് ധോണിക്കും ശേഷം ചാംപ്യൻസ് ട്രോഫി നേടുന്ന ഇന്ത്യൻ നായകൻ എന്ന ബഹുമതിയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ കാത്തിരിക്കുന്നത്. വിരാട് കോലിക്ക് കഴിയാതിരുന്നത് രോഹിത്തിന് സാധ്യമാവുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഇന്ത്യൻ ആരാധകരെ സംബന്ധിച്ച് ഇത്തവണത്തെ ചാംപ്യൻസ് ട്രോഫി.