ചാംപ്യൻസ് ട്രോഫി: ഷമിക്ക് 5 വിക്കറ്റ്, ഗില്ലിനു സെഞ്ച്വറി, ഇന്ത്യക്ക് ജയം

ഐസിസി ചാംപ്യൻസ് ട്രോഫി 2025 ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ ഇന്ത്യക്ക് ആദ്യ മത്സരം. ബംഗ്ലാദേശ് 49.4 ഓവറിൽ 228 റൺസിന് ഓൾഔട്ടായി, മുഹമ്മദ് ഷമിക്ക് 5 വിക്കറ്റ്, തൗഹിത് ഹൃദോയ്ക്ക് സെഞ്ച്വറി.
Shubman Gill and KL Rahul during their unbeaten partnership
ശുഭ്മൻ ഗില്ലും കെ.എൽ. രാഹുലും മത്സരത്തിനിടെ.
Updated on

ദുബായ്: ഐസിസി ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ ആറ് വിക്കറ്റിനു കീഴടക്കി. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൾ ഹുസൈൻ ഷാന്‍റോ ബാറ്റിങ് തെരഞ്ഞെടുത്തു. നിശ്ചിത 49.4 ഓവറിൽ 228 റൺസിന് അവർ ഓൾഔട്ടായപ്പോൾ, ഇന്ത്യ 46.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം നേടി. മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനവും ശുഭ്മൻ ഗില്ലിന്‍റെ സെഞ്ച്വറിയുമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.

ക്യാപ്റ്റൻ രോഹിത് ശർമയും വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യക്കു നൽകിയത്. 36 പന്തിൽ ഏഴു ഫോർ ഉൾപ്പെടെ 41 റൺസെടുത്ത് രോഹിത് പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 9.5 ഓവറിൽ 69 റൺസിലെത്തിയിരുന്നു. ഇതിനിടെ ഏകദിന ക്രിക്കറ്റിൽ 11,000 റൺസ് തികയ്ക്കുന്ന നാലാമത്തെ ബാറ്റർ എന്ന നേട്ടവും രോഹിത് സ്വന്തമാക്കിയിരുന്നു. സച്ചിൻ ടെൻഡുൽക്കർ, സൗരവ് ഗാംഗുലി, വിരാട് കോലി എന്നിവരാണ് മറ്റു മൂന്നു പേർ.

രോഹിത് പുറത്തായ ശേഷം വിരാട് കോലിയെ കൂട്ടുപിടിച്ച് 43 റൺസ് കൂട്ടുകെട്ട് കൂടി ഗിൽ സൃഷ്ടിച്ചു. റൺ നിരക്ക് ഉയർത്താൻ ബുദ്ധിമുട്ടിയ കോലി 38 പന്തിൽ ഒരു ഫോർ ഉൾപ്പെടെ 22 റൺസെടുത്ത് പുറത്തായി.

India opener Shubman Gill plays a cover drive against Bangladesh
ബംഗ്ലാദേശിനെതിരേ ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലിന്‍റെ കവർ ഡ്രൈവ്.

പിന്നാലെ, 69 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും ഉൾപ്പെടെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അമ്പത് തികയ്ക്കുമ്പോൾ, അദ്ദേഹത്തിന്‍റെ ഏകദിന കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അർധ സെഞ്ചുറിയായിരുന്നു അത്.

കോലിക്കു പിന്നാലെ ശ്രേയസ് അയ്യർ (15), അക്ഷർ പട്ടേൽ (8) എന്നിവർ വേഗത്തിൽ മടങ്ങിയത് ഇന്ത്യൻ ആരാധകരെ ആശങ്കയിലാക്കി. എന്നാൽ, വിക്കറ്റ് കീപ്പർ കെ.എൽ. രാഹുൽ ഉറച്ച പിന്തുണ നൽകിയതോടെ ഗിൽ സെഞ്ച്വറിയിലേക്കും അതുവഴി ഇന്ത്യ ജയത്തിലേക്കും കുതിക്കുകയായിരുന്നു.

Jaker Ali hits fifty, Mohammed Shami bags 5 wickets
ജാക്കർ അലി, മുഹമ്മദ് ഷമിMV Graphics

ഗിൽ 129 പന്തിൽ ഒമ്പത് ഫോറും രണ്ടു സിക്സും സഹിതം 101 റൺസെടുത്ത് പുറത്താകാതെ നിന്നു. രാഹുൽ 47 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം പുറത്താകാതെ 41 റൺസും നേടി.

നേരത്തെ, 35 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശ് ടീമിനെ ഒരു പരിധി വരെ കരകയറ്റിയത് തൗഹീദ് ഹൃദോയിയും ജാക്കർ അലിയും ഒരുമിച്ച 154 റൺസിന്‍റെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ്. 118 പന്തിൽ ആറ് ഫോറും രണ്ടു സിക്സും സഹിതം 100 റൺസെടുത്താണ് ഹൃദോയ് പുറത്തായത്. അലി 114 പന്തിൽ നാല് ബൗണ്ടറി സഹിതം 68 റൺസും നേടി.

പത്തോവറിൽ 53 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ഇന്ത്യയുടെ ബൗളിഹ് ഹീറോ. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗം (5126 പന്ത്) ഇരുനൂറ് വിക്കറ്റ് തികച്ചതിന്‍റെ റെക്കോഡും ഷമി സ്വന്തമാക്കി. ഏറ്റവും കുറവ് മത്സരങ്ങളിൽ (104) ഇരുനൂറ് തികച്ചതിന്‍റെ റെക്കോഡിൽ സഖ്ലെയ്ൻ മുഷ്താഖിനൊപ്പം രണ്ടാം സ്ഥാനത്തെത്താനും ഷമിക്കു സാധിച്ചു. 102 മത്സരങ്ങളിൽ 200 ഏകദിന വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്കാണ് മുന്നിൽ.

ഷമിക്കു പുറമേ, ഇന്ത്യക്കായി ഹർഷിത് റാണ 31 റൺസിന് മൂന്ന് വിക്കറ്റും അക്ഷർ പട്ടേൽ 43 റൺസിന് രണ്ട് വിക്കറ്റും വീഴ്ത്തി.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ കളത്തിലിറക്കിയ ടീമിന്‍റെ ഘടനയിൽ മാറ്റമില്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. മുഹമ്മദ് ഷമിയും ഹർഷിത് റാണയും ന്യൂബോൾ കൈകാര്യം ചെയ്തു. മൂന്നാം പേസറായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുമെത്തി.

സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവ് പ്ലെയിങ് ഇലവനിൽ ഇടം പിടിച്ചപ്പോൾ, ലെഫ്റ്റ് ആം സ്പിൻ ബൗളിങ് ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും കളിച്ചു.

Bangladesh captain Najmul Hussain Shanto won the toss and elected to bat
ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൾ ഹുസൈൻ ഷാന്‍റോ ബാറ്റിങ് തെരഞ്ഞെടുത്തു.

ടീമുകൾ ഇങ്ങനെ:

ഇന്ത്യ - രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി.

ബംഗ്ലാദേശ് - തൻസിദ് ഹസൻ, സൗമ്യ സർക്കാർ, നജ്മുൾ ഹുസൈൻ ഷാന്‍റോ (ക്യാപ്റ്റൻ), തൗഹിദ് ഹൃദോയ്, മുഷ്ഫിക്കർ റഹിം (വിക്കറ്റ് കീപ്പർ), ജാക്കർ അലി, മെഹിദി ഹസൻ മിറാസ്, റിഷാദ് ഹുസൈൻ, തസ്കിൻ അഹമ്മദ്, തൻസിം ഹസൻ, മുസ്താഫിസുർ റഹ്മാൻ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com