
എങ്ങുമെത്താതെ ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം
കോതമംഗലം: ചേലാട് നിർദ്ദിഷ്ട സ്‌പോർട്‌സ് കോംപ്ലക്‌സിനോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര സ്റ്റേഡിയം നിർമാണം വൈകുന്നതിന്‍റെ കാരണം പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ സർക്കാർ തയ്യാറാവണമെന്ന് മുൻ മന്ത്രി ടി.യു. കുരുവിള. ഏതാണ്ട് പത്ത് വർഷത്തോളമായി സ്പോർട്സ് കോംപ്ലക്സ് നിർമ്മാണ പ്രവർത്തനങ്ങൾ പാടെ മുടങ്ങിക്കിടക്കുകയാണ്. പലവട്ടം ഇതിന്‍റെ നിർമാണം പൂർത്തിയാക്കണമെന്ന് പല കോണുകളിൽ നിന്നും മുറവിളി ഉയർന്നെങ്കിലും ഈ സർക്കാർ ഈ പദ്ധതിയിലേയ്ക്ക് തിരിഞ്ഞുനോക്കാൻ പോലും തയ്യാറായിട്ടില്ലെന്ന് ആരോപണം ഉയരുന്നുണ്ട്. ഏറെ പ്രതീക്ഷകൾ നൽകുന്ന ചേലാട് സ്പോർട്സ് കോംപ്ലക്സ് നിർമാണം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ ഇനിയെങ്കിലും അടിയന്തര നടപടികൾ സ്വീകരിയ്ക്കണമെന്ന് ഈ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിന്‍റെ ആലോചനാഘട്ടം മുതൽ പങ്കാളികൂടിയായിരുന്ന ടി.യു. കുരുവിള ആവശ്യപ്പെട്ടു.
ചേലാട് സ്റ്റേഡിയത്തിന്‍റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി 5 കോടി 65 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. ടെണ്ടർ നടപടികൾ പൂർത്തിയാക്കി,ചുറ്റുമതിൽകെട്ടലും തറ നിരപ്പാക്കലും അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. 400 മീറ്റർ സിന്തറ്റിക് ട്രാക്കിന് മാത്രമായി 3 കോടിയും അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 4 കോടി 43 ലക്ഷം രൂപയും പിന്നീട് രണ്ടുഘട്ടമായി അനുവദിച്ചിരുന്നു. ഈ തുകകൾ മുൻ എൽഡിഎഫ്, യുഡിഎഫ് ഗവൺമെന്‍റുകളുടെ കാലത്ത് അനുവദിയ്ക്കപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിടത്തുതന്നെ അവസാനിച്ച സ്ഥിതിയാണ് നിലവിലുള്ളതെന്ന് കുരുവിള ആരോപിച്ചു.
കൊച്ചിയിൽ അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരങ്ങൾക്കായി അടിയന്തര പ്രാധാന്യം നൽകി ഏതാണ്ട് 70 കോടിയോളം മുടക്കി സ്‌റ്റേഡിയം നവീകരിയ്ക്കുന്നതായുള്ള വിവരം പുറത്തുവന്നിട്ടുണ്ട്. ഈ തുകയുടെ പകുതിയിൽ താഴെ മുടക്കിയിരുന്നെങ്കിൽ ഒരു ദശാബ്ദം മുമ്പെ നിർദ്ദിഷ്ട ചേലാട് സ്റ്റേഡിയം നിർമാണം പൂർത്തിയാക്കാമായിരുന്നുവെന്ന് കുരുവിള പറഞ്ഞു.
ആകെ 24 കോടിയിൽപ്പരം രൂപമുടക്കിയാൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിയ്ക്കാനാവുമെന്നാണ് അന്നത്തെ എസ്റ്റിമേറ്റ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്. 400 മീറ്റർ ട്രാക്ക് ആന്‍റ് ഫീൽഡ്,സിന്തറ്റിക് ട്രാക്ക്,സ്വമ്മിംഗ് പൂൾ,ഗ്യാലറികൾ,ഇന്‍റോർ സ്റ്റേഡിയങ്ങൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുള്ള ഹോസ്റ്റലുകൾ,ജീംനേഷ്യങ്ങൾ,പരിശീലനത്തിനെത്തുന്ന കായികതാരങ്ങൾക്ക് വിശ്രമിയ്ക്കുന്നതിനും താമസിയ്ക്കുന്നതിനും ഉള്ള ക്വാർട്ടേഴ്സുകൾ,സ്റ്റാഫ് ക്വാർട്ടേഴ്സുകൾ,വൈദ്യുത ദീപാലാങ്കാരം,ജലവിതരണം,മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ എന്നിവയാണ് പ്രധാനമായും സ്പോർട്സ് കോംപ്ലക്സിൽ വിഭാവനം ചെയ്തിട്ടുള്ളത്.
നെടുമ്പാശേരി എയർപോർട്ടിൽ എത്തിച്ചേരുന്ന കായിക താരങ്ങൾക്കും അവരോടൊപ്പം എത്തുന്നവർക്കും ഗതാഗത തടസമില്ലാതെ എത്തിച്ചേരുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡുകളും സജ്ജമാണ്. കൂടാതെ മലയോര ഹൈവേകടന്നുപോകുന്നത് നിർദ്ദിഷ്ട സ്‌റ്റേഡിയത്തിന് സമീപത്തുകൂടിയാണ്.അതുകൊണ്ട് മെട്രൊ നഗരങ്ങളെ അപേക്ഷിച്ച് ഗതാഗത തടസമില്ലാതെ ഇവിടേയ്ക്ക് എത്തിച്ചേരാൻ കഴിയുമെന്നതും ഈ സ്‌റ്റേഡിയത്തിന്‍റെ പ്രത്യേകതയാണ്.
36 കിലോമീറ്റർ മാത്രമാണ് നെടുമ്പാശേരി എയർപോർട്ടിൽ നിന്നും നിർദ്ദിഷ്ട ചേലാട് സ്റ്റേഡിയത്തിലേയ്ക്കുള്ള ദൂരം. യാഥാർഥ്യമായാൽ ഈ സ്‌റ്റേഡിയം കായിമേഖലയുടെ വളർച്ച്യ്ക്ക് പുത്തൻ ഉണർവ്വ് നൽകുമെന്നകാര്യത്തിൽ തർക്കമില്ലയെന്ന് കുരുവിള പറഞ്ഞു.