
ചെന്നൈ: അവസാന രണ്ട് മത്സരങ്ങളിൽ 200 മേലെ സ്കോർ ചേസ് ചെയ്ത് ഹീറോകളായി ചെന്നൈയുടെ മടയിലെത്തിയ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിങ്സ്. 140 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ 17.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അനായാസം വിജയകടമ്പ കടന്നു. സൂപ്പര്‍ കിങ്സിനായി ഡെവോണ്‍ കോണ്‍വെ (42 പന്തില്‍ 44) മുന്നില്‍ നിന്ന് നയിച്ചു. മത്സരത്തില്‍ ആറ് വിക്കറ്റിന്റെ മിന്നും വിജയത്തോടെ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ചെന്നൈ രണ്ടാമതെത്തി. ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 64 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് മുംബൈയെ രക്ഷിച്ച് നിര്‍ത്തിയത്. സൂര്യകുമാര്‍ യാദവിന്റെ 26 റണ്‍സും നിര്‍ണായകമായി. ചെന്നൈക്കായി ശ്രീലങ്കൻ യുവതാരം മതീക്ഷ പതിറാണ മൂന്ന് വിക്കറ്റുകള്‍ നേടി. ദീപക് ചഹാറും തുഷാര്‍ ദേശ്പാണ്ഡെയും രണ്ട് വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.
മുംബൈ ഉയർത്തിയ 140 റൺസിലേക്ക് ബാറ്റേന്തിയ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദ് (30), ഡെവണ്‍ കോണ്‍വേ (43) എന്നിവര്‍ ചേര്‍ന്നു മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് നല്‍കിയത്. അഞ്ചാം ഓവറിലെ ആദ്യ പന്തിൽ ഋതുരാജ് പുറത്തായെങ്കിലും ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ക്രീസിലെത്തിയത് അജിന്‍ക്യ രഹാനെ. 17 പന്തില്‍ ഒരു സിക്സും ഒരു ഫോറും സഹിതം 21 റണ്‍സെടുത്ത രഹാനെയെ ഒൻപതാം ഓവറിലെ അവസാന പന്തിൽ പുറത്തായി. ഇംപാക്ട് പ്ലെയര്‍ അമ്പാട്ടി റായിഡു (12) ശിവം ദുബെ (26) റണ്‍സ് എടുത്തു. മൂന്നു സിക്സറുകളാണ് ദുബെയുടെ ബാറ്റില്‍നിന്നു പിറന്നത്. 17ാം ഓവറില്‍ കോണ്‍വേ പുറത്തായപ്പോള്‍ ക്രീസിലെത്തിയ ക്യാപ്റ്റന്‍ എം.എസ് ധോണിയാണ് (3 പന്തില്‍ 2) ചെന്നൈയ്ക്കായി വിജയറണ്‍ നേടിയത്. മുംബൈയ്ക്കായി പീയൂഷ് ചൗള രണ്ടു വിക്കറ്റും ട്രിസ്റ്റന്‍ സ്റ്റബ്സ്, ആകാശ് മധ്വാള് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ എല്ലാവരെയും ആദ്യമൊന്ന് ഞെട്ടിച്ചു. നായകന് രോഹിത് ശര്‍മ്മയ്ക്ക് പകരം ഇഷാന് കിഷനൊപ്പം കാമറൂണ്‍ ഗ്രീനാണ് ഓപ്പണറായി ക്രീസിലെത്തിയത്. എന്നാല്‍, തുടക്കത്തിലേ വിക്കറ്റ് നഷ്ടപ്പെടുത്തുന്ന പതിവിന് മാത്രം മാറ്റമുണ്ടായില്ല. ഇത്തവണ ഗ്രീനാണ് (നാല് പന്തില്‍ ആറ്) നിരാശപ്പെടുത്തി മടങ്ങിയത്. ഇഷാനും (ഒമ്പത് പന്തില്‍ ഏഴ്) കാര്യമായ സംഭാവനകള്‍ നല്‍കാതെ മടങ്ങി.
മൂന്നാമനായെത്തിയ രോഹിത് സ്കോര്‍ ബോര്‍ഡ് ഒന്ന് തുറക്കുക പോലും ചെയ്യാതെ തിരികെ കയറിയത് മുംബൈക്ക് ക്ഷീണമായി മാറി. പിന്നീട് ഒത്തുച്ചേര്‍ന്ന നെഹാല്‍ വധേര - സൂര്യകുമാര്‍ യാദവ് സഖ്യമാണ് ടീമിനെ ദുരവസ്ഥയില്‍ നിന്ന് കരകയറ്റിയത്. വധേര ഒരറ്റത്ത് ക്ഷമയോടെ പിടിച്ചുനിന്നു. 22 പന്തില്‍ 26 റണ്‍സെടുത്ത സൂര്യയെ രവീന്ദ്ര ജഡേജ പുറത്താക്കുകയും ചെയ്തു. കൂട്ടത്തകര്‍ച്ചക്കിടെ മുംബൈക്ക് താങ്ങും തണലുമായി മാറാന്‍ വധേരയ്ക്ക് സാധിച്ചു.
46 പന്തിലാണ് താരം അര്‍ധ സെഞ്ചുറി തികച്ചത്. ജഡേജയെ ഒരോവറില്‍ മൂന്ന് വട്ടം ഫോറിന് പായിച്ച് വധേര മുന്നേറുകയും ചെയ്തു. പക്ഷേ, മതീക്ഷ പതിറാണയുടെ അളന്നുമുറിച്ച പന്ത് വധേരയുടെ വിക്കറ്റുകള്‍ തെറിപ്പിച്ചു. 51 പന്തില്‍ 64 റണ്‍സാണ് വധേര കുറിച്ചത്. പകരമെത്തിയ ടിം ഡേവിഡിനും അവസാന ഓവറുകള്‍ കത്തിക്കാനാകാതെ വന്നതോടെ മുംബൈയുടെ 150 കടക്കാമെന്ന പ്രതീക്ഷയും അസ്തമിച്ചു.