
ന്യൂഡല്‍ഹി: നായകന്‍ സുനില്‍ ഛേത്രിയില്ലാതെ കിങ്സ് കപ്പിനുളള 23 അംഗ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്ക് പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് വിശ്രമം അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ടാണ് താരം മാറിനില്‍ക്കുന്നത്. ഏഷ്യന്‍ ഗെയിംസിനായി ഛേത്രി തിരിച്ചെത്തും.തായ്ലന്‍ഡിലെ ചിയാങ് മായില്‍ സെപ്റ്റംബര്‍ ഏഴു മുതല്‍ 10 വരെയാണ് ടൂര്‍ണമെന്‍റ്. കിങ്സ് കപ്പിന്‍റെ 49-ാം പതിപ്പാണിത്.
മലയാളി താരങ്ങളായ ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുള്‍ സമദ്, കെ.പി. രാഹുല്‍ എന്നിവര്‍ ടീമില്‍ ഇടംനേടി. ഛേത്രിയുടെ അഭാവത്തില്‍ മന്‍വീര്‍ സിങ്, റഹീം അലി, രാഹുല്‍ കെ.പി എന്നിവരാകും മുന്നേറ്റനിരയില്‍.ഫിഫ റാങ്കിങ് അനുസരിച്ച് ഇന്ത്യ, ഇറാഖ്, ലെബനന്‍ ടീമുകളും ആതിഥേയരെന്ന നിലയില്‍ തായ്ലന്‍ഡുമാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഗ്രൂപ്പ് മത്സരങ്ങളില്ല. സെപ്റ്റംബര്‍ ഏഴിന് നടക്കുന്ന ആദ്യ സെമി ഫൈനലില്‍ ഇന്ത്യ (99ാം റാങ്ക്) ഇറാഖിനെ (70ാം റാങ്ക്) നേരിടും. അതേദിവസം നടക്കുന്ന രണ്ടാം സെമിയില്‍ ആതിഥേയരായ തായ്ലന്‍ഡ് (113ാം റാങ്ക്) ലെബനനെ (100ാം റാങ്ക്) നേരിടും. സെമി ഫൈനല്‍ വിജയികള്‍ സെപ്റ്റംബര്‍ 10-ന് ഫൈനലില്‍ ഏറ്റുമുട്ടും. തോല്‍ക്കുന്നവര്‍ മൂന്നാം സ്ഥാനത്തിനായി മത്സരിക്കും. 2019-ലാണ് ഇന്ത്യ അവസാനമായി കിങ്സ് കപ്പില്‍ പങ്കെടുത്തത്. അന്ന് വെങ്കലം (മൂന്നാം സ്ഥാനം) നേടിയിരുന്നു.
ഇന്ത്യന്‍ ടീം
ഗോള്‍കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, ഗുര്‍മീത് സിങ്.
ഡിഫന്‍ഡര്‍മാര്‍: ആശിഷ് റായ്, നിഖില്‍ പൂജാരി, സന്ദേശ് ജിംഗാന്‍, അന്‍വര്‍ അലി, മെഹ്താബ് സിംഗ്, ലാല്‍ചുങ്‌നുംഗ, ആകാശ് മിശ്ര, സുഭാശിഷ് ബോസ്.
മിഡ്ഫീല്‍ഡര്‍മാര്‍: ജീക്‌സണ്‍ സിങ്, സുരേഷ് സിങ് വാങ്ജാം, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, സഹല്‍ അബ്ദുള്‍ സമദ്, അനിരുദ്ധ് ഥാപ്പ, രോഹിത് കുമാര്‍, ആഷിക് കുരുണിയന്‍, നൊറെം മഹേഷ് സിങ്, ലാലിയന്‍സുവാല ചാങ്‌തെ.
മുന്നേറ്റനിര: മന്‍വീര്‍ സിങ്, റഹീം അലി, കെ.പി. രാഹുല്‍.