
ക്രിസ് ഗെയ്‌ൽ
ചണ്ഡിഗഡ്: കൂറ്റൻ സിക്സറുകൾ പായിക്കാനുള്ള കഴിവുകൊണ്ടും കൈക്കരുത്ത് കൊണ്ടും ശ്രദ്ധേയനാണ് വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽ. ഐപിഎൽ ഉൾപ്പെടെ നിരവധി ലീഗുകളിൽ തന്‍റെ സാന്നിധ‍്യം ഗെയ്‌ൽ ഉറപ്പാക്കിയിരുന്നു. പ്രഥമ സീസൺ മുതൽ ഐപിഎല്ലിന്‍റെ ഭാഗമായിരുന്ന ഗെയ്‌ൽ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. കോൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എന്നീ ടീമുകൾക്ക് വേണ്ടി താരം കളിച്ചു. 2021ൽ മുംബൈ ഇന്ത‍്യൻസിനെതിരേയായിരുന്നു ഗെയ്‌ൽ അവസാനമായി കളിച്ചത്.
പഞ്ചാബിനു വേണ്ടി അവസാന സീസണിൽ അരങ്ങേറിയ ഗെയ്ൽ സീസണിന്‍റെ പാതിവഴിയിൽ വച്ചാണ് ഫ്രാഞ്ചൈസി വിട്ടത്. എന്നാലിപ്പോൾ ഈ വിഷയത്തിൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് താരം. പഞ്ചാബ് കിങ്സിൽ താൻ അപമാനിക്കെപ്പെട്ടതായും സീനിയർ താരമെന്ന പരിഗണന തനിക്ക് ലഭിച്ചില്ലെന്നുമാണ് ഗെയ്‌ൽ പറയുന്നത്. ഒരു പോഡ്കാസ്റ്റിനിടെയാണ് ഗെയ്‌ൽ ഇക്കാര‍്യം തുറന്നു പറഞ്ഞത്.
തന്നെ കുട്ടിയേപോലെയാണ് കണ്ടതെന്നും ഇത്തരത്തിൽ ഒരനുഭവം ആദ‍്യമായിരുന്നുവെന്നും വിഷാദത്തിലേക്ക് വീഴുമോയെന്ന് ഭയപ്പെട്ടതായും താരം കൂട്ടിച്ചേർത്തു. കാരണങ്ങളില്ലാതെ പ്ലെയിങ് ഇലവനിൽ നിന്നും ഒഴിവാക്കിയതായും അന്നത്തെ ടീം പരിശീലകനായിരുന്ന അനിൽ കുംബ്ലെയോട് ഇക്കാര‍്യങ്ങൾ പറഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞെന്നും ഗെയ്‌ൽ വ‍്യക്തമാക്കി.
അടുത്ത മത്സരത്തിൽ പ്ലെയിങ് ഇലവനിൽ ഉണ്ടാകുമെന്ന് ടീം ക‍്യാപ്റ്റൻ കെ.എൽ. രാഹുൽ പറഞ്ഞിരുന്നുവെങ്കിലും രാഹുലിന് നന്ദി പറഞ്ഞുകൊണ്ട് താൻ പോകുകയായിരുന്നുവെന്ന് ഗെയ്‌ൽ പറഞ്ഞു.