
ക്രിസ് വോക്സ്
കെന്നിങ്ടൺ: ഓവൽ ടെസ്റ്റിലെ അഞ്ചാം ദിനത്തിൽ ഇന്ത‍്യ വിജയിത്തിലേക്ക് നീങ്ങുകയായിരുന്ന നിമിഷത്തിലായിരുന്നു ഇംഗ്ലണ്ട് താരം ക്രിസ് വോക്സ് തോളിനേറ്റ പരുക്കുമായി ക്രീസിലേക്കെത്തിയത്. ഈ സമയം 17 റൺസ് മാത്രമായിരുന്നു ഇംഗ്ലണ്ടിന്‍റെ വിജയലക്ഷ‍്യം.
വോക്സ് ബാറ്റേന്തുന്നത് കാണാനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഒറ്റ പന്തുപോലും നേരിടേണ്ടി വന്നില്ലെങ്കിലും അദ്ദേഹം ക്രീസിൽ പിടിച്ചു നിന്നു. ഇപ്പോഴിതാ അന്നത്തെ അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് ക്രിസ് വോക്സ്.
''ഒറ്റകൈയുമായി ബാറ്റേന്തിയപ്പോൾ ഒരുപാട് ആശങ്കയുണ്ടായിരുന്നു. റൺസിനു വേണ്ടി ഓടുന്നതിനിടെ നന്നായി വേദനിച്ചിരുന്നു. എന്നാൽ പിന്മാറരുതെന്ന് കരുതിയിരുന്നു. എന്തായാലും യോർക്കറുകളും ബൗൺസറുകളും നേരിടേണ്ടി വന്നില്ലല്ലോ. ദൈവത്തിന് നന്ദി.'' വോക്സ് പറഞ്ഞു.
ഓവൽ ടെസ്റ്റിലെ ഒന്നാം ദിനത്തിലായിരുന്നു വോക്സിന് തോളിൽ പരുക്കേറ്റത്. ഇതേതുടർന്ന് കളം വിട്ട താരത്തിന് ഇംഗ്ലണ്ടിന്‍റെ ആദ‍്യ ഇന്നിങ്സിൽ ബാറ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ അനിവാര‍്യമെങ്കിൽ ബാറ്റ് ചെയ്യുമെന്ന് വോക്സ് വ‍്യക്തമാക്കിയിരുന്നു.
വോക്സിനെ മറുവശത്ത് നിർത്തി സ്ട്രൈക്ക് നിലനിർത്താനായിരുന്നു ഗസ് അറ്റ്കിൻസന്‍റെ ലക്ഷ‍്യം. അവസാന പന്തുകളിൽ സിംഗിൾ എടുക്കാനുള്ള അറ്റ്കിൻസണിന്‍റെ ശ്രമങ്ങൾ ഫീൽഡർമാരെ കയറ്റി നിർത്തി തടയാനും ഇന്ത്യ ശ്രമിച്ചില്ല.
ഒറ്റക്കൈ കൊണ്ട് ബാറ്റ് ചെയ്യാനിറങ്ങിയ വോക്സിനെതിരേ പന്തെറിയുന്നത് കൂടുതൽ എളുപ്പമായിരുന്നിട്ടും അതു വേണ്ടെന്നു വച്ച ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്‍റെ തീരുമാനവും ചർച്ചയായിരുന്നു. വോക്സിനെ പുറത്താക്കി ഇന്ത്യ ജയിച്ചാൽ, ഇതിനകം പല വിവാദങ്ങൾ കണ്ട ടെസ്റ്റ് പരമ്പര കൂടുതൽ വലിയ വിവാദമാകുമായിരുന്നു. പരാജയം അംഗീകരിക്കാൻ പോലും ഇംഗ്ലണ്ട് തയാറാകുമായിരുന്നില്ല എന്ന് ഉറപ്പാണ്. വോക്സിന് പന്തുകൊണ്ട് വീണ്ടും പരുക്കേറ്റാൽ പിന്നെ പറയാനുമില്ല.
ഏതായാലും, അഞ്ചാം ടെസ്റ്റിന്‍റെ അവസാന ഓവറുകളിൽ സ്ട്രൈക്ക് അറ്റ്കിൻസൻ നിലനിർത്തിയെങ്കിലും സിറാജിന്‍റെ യോർക്കറിനു മുന്നിൽ ക്ലീൻ ബൗൾഡായി. ഇതോടെ ഇന്ത‍്യ 6 റൺസിന് വിജയിക്കുകയും ആൻഡേഴ്സൺ- ടെൻഡുൽക്കർ പരമ്പര സമനിലയിൽ കലാശിക്കുകയും ചെയ്തു.