മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിക്ക് ജയം

യുണൈറ്റഡിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്, എർലിങ് ഹാലണ്ടിന് ഇരട്ട ഗോൾ
Erling Haaland celebrates after scoring against Manchester United for City.
Erling Haaland celebrates after scoring against Manchester United for City.

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ഇരട്ടഗോളുമായി ഹാലണ്ട് തിളങ്ങിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് മാഞ്ചസ്റ്റര്‍ സിറ്റി. സ്വന്തം കാണികള്‍ക്ക് മുന്നില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയമേറ്റുവാങ്ങിയത്. ഇരട്ടഗോളുമായി എര്‍ലിങ് ഹാലണ്ട് തിളങ്ങിയ മത്സരത്തില്‍ ഫില്‍ ഫോഡനും സിറ്റിക്ക് വേണ്ടി ലക്ഷ്യം കണ്ടു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗില്‍ വഴങ്ങുന്ന അഞ്ചാം പരാജയമാണിത്.

സീസണിൽ ഇതുവരെ ഫോമിലേക്ക് തിരിച്ചെത്താൻ സാധിക്കാത്ത യുണൈറ്റഡിന് ഓള്‍ഡ് ട്രഫോര്‍ഡിലും താളം കണ്ടെത്താനായില്ല. ഓൾഡ് ട്രാൻസ്ഫോർഡിൽ തടിച്ച് കൂടിയ യുണൈറ്റഡ് ആരാധകരെ ഞെട്ടിച്ച് 26-ാം മിനിറ്റില്‍ തന്നെ ലീഡെടുക്കാന്‍ സിറ്റിക്ക് കഴിഞ്ഞു. പെനാല്‍റ്റിയിലൂടെ ഹാലണ്ട് ആണ് സിറ്റിയുടെ ആദ്യ ഗോള്‍ നേടിയത്. റോഡ്രിയെ റാസ്മസ് ഹോയ്‌ലണ്ട് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഇടംകാലൻ ഷോട്ടിലൂടെ ഹാലണ്ട് അനായാസം ലക്ഷ്യത്തിലെത്തിച്ചു.

രണ്ടാം പകുതിയിലും സിറ്റി ആക്രമണത്തില്‍ യാതൊരു കുറവും വരുത്തിയില്ല. 49-ാം മിനിറ്റില്‍ ഹാലണ്ടിലൂടെ സിറ്റി ഗോൾനില ഇരട്ടിയാക്കി. ബെര്‍ണാഡോ സില്‍വയുടെ പാസ് ക്ലീൻ ഹെഡ്ഡറിലൂടെ ഹാലണ്ട് വലയിലെത്തിച്ചു. സീസണിൽ ഹാലണ്ടിന്‍റെ 11ാം ഗോളാണിത്. പലപ്പോഴും ഗോള്‍കീപ്പര്‍ ആന്ദ്രേ ഒനാനയുടെ സേവുകളാണ് യുണൈറ്റഡിനെ രക്ഷിച്ചത്. 80-ാം മിനിറ്റില്‍ ഹാലണ്ടിന്‍റെ പാസില്‍ ഫില്‍ ഫോഡന്‍ കൂടി ഗോളടിച്ചതോടെ ഓള്‍ഡ് ട്രഫോര്‍ഡില്‍ സിറ്റി ആധികാരികവിജയം ഉറപ്പിച്ചു. വിജയത്തോടെ സിറ്റി 24 പോയിണന്‍റുമായി മൂന്നാം സ്ഥാനത്താണ്. യുണൈറ്റഡ് 15 പോയിന്‍റുമായി എട്ടാം സ്ഥാനത്താണുള്ളത്.

ആരാധകരെ നിരാശരാക്കിയതിൽ ക്ഷമ ചോദിക്കുന്നു. ഞങ്ങളെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. പക്ഷ, അതൊന്നും മതിയാകുമായിരുന്നില്ല. ഇതുവരെ ഞങ്ങൾക്ക് നൽകിയ പിന്തുണ ഇനിയും വേണമെന്നാണ് എനിക്ക് ആരാധകരോട് പറയാനുള്ളത്. നമ്മളെല്ലാവരും ഒരുമിച്ചുണ്ട്, നല്ല ദിവസങ്ങൾ വരാനിരിക്കുകയാണ്.
ടെൻ ഹാഗ്, മാഞ്ചസ്റ്റർ യുണൈറ്റഡ്

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com