ക്ലബ് ലോകകപ്പ് ഫൈനലിൽ ചെൽസിയും പിഎസ്‌ജിയും നേർക്കുനേർ

ക്ലബ്ബ് ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ഞായറാഴ്ച ചെൽസി-പിഎസ്ജി അങ്കം
Club football final preview Chelsea vs PSG

ചെൽസി ക്യാപ്റ്റൻ റീസ് ജയിംസും പിഎസ്‌ജി ക്യാപ്റ്റൻ മാർക്കിഞ്ഞോസും

Updated on

ന്യൂജെഴ്സി: ക്ലബ്ബ് ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ഞായറാഴ്ച ചെൽസി-പിഎസ്ജി അങ്കം. യൂറോപ്പിലെ കരുത്തരുടെ കിരീടപ്പോരാട്ടത്തിന്‍റെ വേദി ന്യൂജെഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയം. ഇന്ത്യൻ സമയം രാത്രി 12.30ന് മത്സരത്തിന്‍റെ കിക്കോഫ്.

യൂറോപ്പിലെ ഏറ്റവും ശക്തമായ നിരയായ പിഎസ്ജി ചെൽസിക്ക് എളുപ്പം മറികടക്കാൻ സാധിക്കു‌ന്ന കടമ്പയല്ല. ചാംപ്യൻസ് ലീഗ് വിജയത്തിന്‍റെ പെരുമയുമായെത്തിയ പിഎസ്ജി ക്ലബ്ബ് ലോകകപ്പിലും ഉശിരൻ പ്രകടനമാണ് നടത്തിയത്.

വലിയ വിജയങ്ങ‌ളും നേട്ടങ്ങളുമായി കുതിക്കുകയാണ് പിഎസ്ജിയുടെ യുവനിര. ക്ലബ്ബ് ലോകകപ്പിലും ആരെയും മോഹിപ്പിക്കുന്ന പ്രകടനമാണ് പിഎസ്ജി നടത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ബോട്ടാഫോഗോയോട് പരാജയപ്പെട്ടങ്കിലും പിന്നീട് പാരീസ് ടീം കത്തിക്കയറി. പ്രീ-ക്വാർട്ടറിൽ സാക്ഷാൽ ലയണൽ മെസിയുടെ ഇന്‍റർ മയാമിയെ തുരത്തിയ പിഎസ്ജി പിന്നീടുള്ള മത്സരങ്ങളിൽ അതിശക്തരായ ബയേൺ മ്യൂണിച്ചിനെയും റയൽ മാഡ്രിഡിനെയും കെട്ടുകെട്ടിച്ചാണ് ഫൈനൽ ഉറപ്പിച്ചത്. തുടർച്ചയായ നാലു മത്സരങ്ങളിൽ ഗോളൊന്നും വഴങ്ങാതെയാണ് പിഎസ്ജി ജയിച്ചത്.

സെമിയിൽ റയൽ മാഡ്രിഡിനെതിരായ 4-0ത്തിന്‍റെ ജയം പിഎസ്ജി എത്രത്തോളം അപകടകാരികളാണെന്ന് തെളിയിക്കുന്നു. മറുവശത്ത് ചെൽസിയും അത്ര മോശക്കാരല്ല. രണ്ടാം ക്ലബ്ബ് ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന ഇംഗ്ലിഷ് പട സെമിയിൽ ബ്രസീലിയൻ ടീം ഫ്ളുമിനെൻസിനെ വീഴ്ത്തിയതടക്കം തുടർച്ചയായ അഞ്ചു മത്സരങ്ങളിലാണ് വിജയക്കൊടി പാറിച്ചത്.

പുതിയ താരം ജോവോ പെഡ്രോയുടെ ഫോം ചെൽസിക്ക് പ്രതീക്ഷയേകുന്ന ഘടകമാണ്. സെമിയിൽ ചെൽസിയുടെ രണ്ടു ഗോളും കുറിച്ചത് പെഡ്രോയാണ്. പ്രീ-ക്വാർട്ടറിൽ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയെയും ക്വാർട്ടറിൽ ബ്രസീലിൽ നിന്നുള്ള പാൽമെയ്റാസിനെയും മറികടന്ന ചെൽസി ഏറെക്കുറെ സമ്മർദരഹിതമായ മുന്നേറ്റമാണ് നടത്തിയത്.

ഗ്രൂപ്പ് ഘട്ടത്തിൽ ഫ്ളമെംഗോയോടറ്റ തോൽവി മാത്രമാണ് ചെൽസിക്ക് ലഭിച്ച ഏക തിരിച്ചടി. മിഡ്ഫീൽഡിൽ മോയ്സസ് സെയ്സഡോയുടെ തിരിച്ചുവരവും ചെൽസിയുടെ കരുത്ത് കൂട്ടും. എന്നാൽ ഡാരിയോ എസുഗോയും റോമിയോ ലാവിയയും പരുക്കിന്‍റെ പിടിയിലായത് ചെൽസിയെ പിന്നോട്ടടിക്കും.

പിഎസ്‌ജി നിരയിൽ പരുക്കിന്‍റെ ആകുലതകളില്ല. എന്നാൽ പ്രതിരോധത്തിലെ പ്രധാനികളായ വില്യൻ പാച്ചോയും ലൂക്കാസ് ഹെർണാണ്ടസും സസ്പെൻഷനിലായത് പിഎസ്ജിക്ക് തിരിച്ചടിയാണ്.

സാധ്യതാ ടീമുകൾ:

ചെൽസി- സാഞ്ചസ്, ഗസ്റ്റോ, ചലോബ, കോൾവിൽ, കുകുറെല്ല, ഫെർണാണ്ടസ്, സെയ്സെഡോ, നെറ്റോ, പാൾമർ, എൻകുൻകു, പെഡ്രോ.

പിഎസ്‌ജി- ഡൊന്നാരുമ്മ, ഹക്കീമി, മാർക്വിനോസ്, ബെറാൾഡോ, മെൻഡസ്, നെവസ്, വിതീഞ്ഞ, റൂസ്, ക്വാരത്‌സ്ഖേലിയ, ഡെംബലെ, ദുവെ

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com